Join Our Whats App Group

ഗായകൻ തോപ്പിൽ ആന്റോ അന്തരിച്ചു

കൊച്ചി∙ പ്രശസ്ത ഗായകൻ തോപ്പിൽ ആന്റോ അന്തരിച്ചു. 81 വയസ്സായിരുന്നു പ്രായം. കൊച്ചി ഇടപ്പള്ളിയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം.

ചലച്ചിത്ര ഗാനങ്ങൾ, നാടക ഗാനങ്ങൾ, ലളിത ഗാനങ്ങൾ എന്നീ മേഖലകളിൽ തിളങ്ങിയ പ്രതിഭയായിരുന്നു ആന്റോ.

സി.ജെ. തോമസിന്റെ ‘വിഷവൃക്ഷം’ നാടകത്തിലൂടെ പിന്നണി ഗായകനായി. ആന്റോ, പിന്നീട് മാള മഹാത്മാ തീയറ്റേഴ്സ്, ചാലക്കുടി സൈമ തീയറ്റേഴ്സ്, എൻ.എൻ. പിള്ളയുടെ നാടക സമിതി, കായംകുളം പീപ്പിൾസ് തീയറ്റേഴ്സ് എന്നിങ്ങനെ നാടക ഗാനങ്ങളുടെ മായാത്ത സ്വരമായി വളർന്നുകൊണ്ടിരുന്നു.

യേശുദാസ് ആദ്യമായി പാടിയ സിനിമയായ ‘കാൽപ്പാടുകൾ’ സംവിധാനം ചെയ്ത കെ.എസ്. ആന്റണിയാണ് ആന്റോയ്ക്ക് സിനിമാ പിന്നണി ഗായകനായി ആദ്യ അവസരം നൽകിയത്. ‘ഫാദർ ഡാമിയൻ’ എന്ന ആദ്യ ചിത്രത്തിൽ ബാബുരാജായിരുന്നു സംഗീത സംവിധായകൻ. പിന്നീട് എം.കെ. അർജുനൻ, ദേവരാജൻ, കെ.ജെ. ജോയ് തുടങ്ങി എത്രയോ പ്രതിഭകളുടെ സംഗീത സംവിധാനത്തിലും അദ്ദേഹം പാടി.

ചവിട്ടുനാടക കലാകാരനായ തോപ്പിൽ കുഞ്ഞാപ്പുവിന്റെയും ഏലിയാമ്മയുടെയും മൂന്ന് മക്കളിൽ രണ്ടാമനായി കൊച്ചിയിലെ ഇടപ്പള്ളിയിലാണ് ജനനം. 1956-57 കാലഘട്ടത്തിൽ ആന്റോ നാടക – പിന്നണി ഗാനരംഗത്തേക്കു കടന്നു. ആദ്യകാലങ്ങളിൽ അമേച്വർ നാടകങ്ങളിൽ പിന്നണി ഗായകനായി തുടങ്ങി. പിന്നീട് പ്രൊഫഷണൽ നാടകരംഗത്തെ മികച്ചഗായകനായി പേരെടുത്തു. എൻ എൻ പിള്ളയുടെ നാഷണൽ തീയേറ്റേഴ്‌സ്, പിന്നീട് കോട്ടയം വിശ്വകേരളകലാസമിതി, കായംകുളം പീപ്പിൾസ് തീയേറ്റേഴ്‌സ്, കൊച്ചിൻ സംഗമിത്ര തുടങ്ങി അന്നത്തെ പ്രശസ്‌തമായ ഒട്ടുമിക്ക നാടകസമിതികളുടേയും പ്രിയപ്പെട്ട പിന്നണിഗായകനായിരുന്നു അദ്ദേഹം.

Post a Comment

Previous Post Next Post
Join Our Whats App Group