പഴയങ്ങാടി:
ഓളപ്പരപ്പിൽ ആവേശം തിരതല്ലി. ചുരുളൻ വള്ളങ്ങളും, ചെറു വള്ളങ്ങളും അണിനിരന്നു. തുഴക്കാർ തുഴയെറിഞ്ഞപ്പോൾ കാണികളും ആവേശത്തിലായി.ചെങ്കൊടിയേന്തിയ സ്പീഡ് ബോട്ടും , ഹൗസ് ബോട്ടുകളും അണിനിരന്നപ്പപ്പോൾ പഴയങ്ങാടി പുഴക്ക് പകിട്ടേകി. ബുധനാഴ്ചത്തെ സായാഹ്നം പഴയങ്ങാടിക്ക് നൽകിയത് നവ്യാനുഭവമായിരുന്നു. സിപിഐഎം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായാണ് പഴയങ്ങാടി മുതൽ കുപ്പം വരെ ജലഘോഷയാത്ര സംഘടിപ്പിച്ചത്. മംഗലശ്ശേരി നവോദയയുടെയും , പഴയങ്ങാടിയിലെയും, ഏഴോത്തെയും വള്ളംകളി പ്രവർത്തകരും അണിനിരന്നത് പ്രചരണത്തിന് കൊഴുപ്പേകി. പഴയങ്ങാടി ബോട്ട് ടെർമിനലിൽ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഫ്ലാഗ് ഓഫ് ചെയ്തു. ആരാധനാലയങ്ങളെ ലീഗ് ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിൻ്റെ ഭാഗമായാണ് മതപണ്ഡിതരെ കൊണ്ട് വെള്ളിയാഴ്ച മത പ്രഭാഷണം എന്ന പേരിൽ പള്ളികളിൽ ദുഷ്പ്രചരണം നടത്തുന്നത്. ഇത് തീക്കളിയാണ്. ലീഗ് പള്ളികൾ ഉപയോഗിച്ചാൽ ആർഎസ്എസുകാർ അമ്പലങ്ങളും വർഗീയ പ്രചരണത്തിന് ഉപയോഗിക്കും. പള്ളികളിൽ വരുന്നത് ലീഗുകാർ മാത്രമല്ല. എല്ലാവിഭാഗം ജനങ്ങളും ആണ്. ലീഗിൻ്റെ ഈ തിട്ടൂരം നടക്കാൻ പോകുന്നില്ല. സിപിഐ എം മാത്രമാണ് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം ഒ വി നാരായണൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ്, ജില്ലാ കമ്മിറ്റി അംഗം പി പി ദാമോദരൻ, ഐ വി ശിവരാമൻ ,എ വി രവീന്ദ്രൻ, വി വിനോദ്, എം വി രാജീവൻ, പി ജനാർദ്ദനൻ എന്നിവരും പങ്കെടുത്തു. ഏരിയ സെക്രട്ടറി കെ പത്മനാഭൻ സ്വാഗതം പറഞ്ഞു.
കെ.പത്മനാഭൻ സ്വാഗതം പറഞ്ഞു.ഒ.വി നാരായണൻ അധ്യക്ഷത വഹിച്ചു.
Post a Comment