പാനൂർ : പതിനായിരത്തോളം രൂപയുടെ പച്ചക്കറികളുടെ ഓർഡർ നൽകി വ്യാപാരിയെ കബളിപ്പിച്ചതായി പരാതി. പുത്തൂരിലെ പച്ചക്കറിവ്യാപാരിയായ പൊയിലൂർ പള്ളിച്ചാലിലെ പ്രകാശനാണ് തട്ടിപ്പിനിരയായത്. നാദാപുരം അരീക്കര കുന്നിൽ പ്രവർത്തിക്കുന്ന ബി.എസ്.എഫ്. കേന്ദ്രത്തിലേക്കെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.പുത്തൂർ ഓവുപാലത്തിന് സമീപം പച്ചക്കറിക്കട നടത്തുന്ന പ്രകാശന് കഴിഞ്ഞ ദിവസം വാട്സാപ്പിലൂടെയാണ് പതിനായിരത്തോളം രൂപയുടെ പച്ചക്കറിക്ക് ഓർഡർ ലഭിച്ചത്.
തിരികെ വിളിച്ചപ്പോൾ ഹിന്ദിയിൽ അരീക്കരക്കുന്നിലെ ബി.എസ്.എഫ്. കേന്ദ്രത്തിലേക്കാണെന്നും സന്ദീപ് റാവുത്തർ എന്ന ജവാനാണെന്നുമാണ് മറുപടി ലഭിച്ചത്. ഓർഡർ പ്രകാരമുള്ള പച്ചക്കറികൾ തലശ്ശേരിയിൽനിന്ന് വാങ്ങി എത്തിച്ച് ജവാനെ ബന്ധപ്പെട്ടപ്പോൾ ചരക്ക് ബി.എസ്.എഫ്. കേന്ദ്രത്തിൽ എത്തിക്കാനും തുക നൽകാനായി എ.ടി.എം. കാർഡ് വാട്സാപ്പിൽ അയക്കാനും ആവശ്യപ്പെട്ടു.
ഫോൺ പേ, ഗൂഗ്ൾ പേ, അക്കൗണ്ട് നമ്പർ എന്നിവ നൽകാമെന്ന് പറഞ്ഞെങ്കിലും എ.ടി.എം. കാർഡ് തന്നെ വേണമെന്ന് നിർബന്ധം പിടിച്ചു. തുടർന്ന് സുഹൃത്തിന്റെ എ.ടി.എം. കാർഡിന്റെ പകർപ്പ് അയച്ചുകൊടുക്കുകയായിരുന്നു. അല്പസമയത്തിനകം അക്കൗണ്ടിലുണ്ടായിരുന്ന 24 രൂപ നഷ്ടപ്പെട്ടെന്ന വിവരമാണ് ലഭിച്ചത്.തട്ടിപ്പാണെന്ന് ബോധ്യമായതോടെ കൊളവല്ലൂർ പൊലീസിലും ബി.എസ്.എഫ്. കേന്ദ്രത്തിലും പരാതി നൽകി. പോലീസ് അന്വേഷണം തുടങ്ങി.
Post a Comment