തൃശൂര്‍: ജില്ലയിൽ നോറോ വൈറസ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന്റെ ഉത്തരവ്.
ജില്ലയിലെ കോളേജുകള്‍, ഹോസ്റ്റലുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, വഴിയോര ഭക്ഷണക്കച്ചവടക്കാര്‍, കാന്റീനുകള്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കോളേജുകളിലും ഹോസ്റ്റലുകളിലും കിണറുകള്‍ ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം ക്ലോറിനേറ്റ് ചെയ്ത ശുദ്ധീകരിക്കണം. കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുകയും പാത്രങ്ങള്‍, ഭക്ഷണം എന്നിവ പരസ്പരം പങ്കുവയ്ക്കാതിരിക്കുകയും ചെയ്യുക. ബുഫേ സംവിധാനം പാടില്ല. ഭക്ഷണത്തിന് മുന്‍പും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കി ശുചിത്വം പാലിക്കണം.പഴം, പച്ചക്കറികള്‍ എന്നിവ വൃത്തിയായി കഴുകി പാകം ചെയ്ത ശേഷം മാത്രമേ ഉപയോഗിക്കാവൂ. ശുചിമുറികളില്‍ ഹാന്‍ഡ് വാഷ് നിര്‍ബന്ധമായും വെക്കണം. ഹോസ്റ്റലുകള്‍, കോളേജുകള്‍, റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ വാട്ടര്‍ ടാങ്കുകള്‍ പൂര്‍ണമായും ശുചീകരിച്ച ശേഷം വെള്ളം ശേഖരിക്കണം. കോളേജുകളിലെയും ഹോസ്റ്റലുകളിലെയും മെസ്, കാന്റീന്‍ എന്നിവിടങ്ങളിലെ സ്റ്റാഫിന് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കണം.
രോഗലക്ഷണങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതുന്നതിന് പ്രത്യേകം മുറി ഒരുക്കണം. ഹോസ്റ്റലുകളിൽ രോഗലക്ഷണങ്ങള്‍ ഉള്ളവർക്കായി ഐസൊലേറ്റ് ചെയ്ത പ്രത്യേക മുറി, ടോയ്ലറ്റ് എന്നിവ ഒരുക്കുകയും പ്രതലം വൃത്തിയാക്കുന്നതിന് ബ്ലീച്ചിങ് ലായിനി ഉപയോഗിക്കേണ്ടതുമാണ്. മേല്‍ ഉത്തരവുകള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിൽ അറിയിച്ചു.
Post a Comment