അതേസമയം പ്രതികൾ ഉപയോഗിച്ച കാർ പൊലീസിന് കണ്ടെത്താനായില്ല. കാറിനായി പൊലീസ് അന്വേഷണം തുടരുകയാണ്. കെ എൽ 14 വൈ ചുവന്ന ഫോക്സ് വാഗൺ കാറിലാണ് വിദ്യാർഥിനിയെ പ്രതികൾ തട്ടിക്കൊണ്ട് പോയത്. കേസിലെ രണ്ടാം പ്രതി അഖിലേഷ് ചന്ദ്രശേഖറിൻ്റെ കാറാണിതെന്നാണ് പൊലീസ് നിഗമനം. പ്രതികൾ കൂടുതൽ പെൺകുട്ടികളെ സമാനരീതിയിൽ തട്ടിക്കൊണ്ട് പോയി ഉപദ്രവത്തിന് ഇരയാക്കിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളുടെ ഇൻസ്റ്റഗ്രാം ഐഡികൾ ഡീആക്ടിവേറ്റ് ചെയ്ത നിലയിലാണെന്നാണ് വിവരം.
ചട്ടഞ്ചാൽ പ്രസ്റ്റീജ് എഡ്യൂ സൊല്യൂഷൻ സ്ഥാപന ഉടമകളായ സന്ദീപ് സുന്ദരൻ (26), അഖിലേഷ് ചന്ദ്രശേഖരൻ (26), കണ്ണൂരിലെ ജോൺസൻ (20) എന്നിവർക്കെതിരെയും പ്രതികളെ സഹായിച്ച സന്ധ്യാ കൃഷ്ണൻ (20), കോഴിക്കോട്ടെ അഞ്ജിത (24) എന്നിവർക്കെതിരെയുമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പ്രസ്റ്റീജ് എഡ്യൂ സൊല്യൂഷൻ സ്ഥാപനത്തിന്റെ പ്രവർത്തങ്ങളെ പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ സ്വകാര്യ എൻജിനീയറിങ് കോളജുകളുടെ ഏജൻ്റുമാർ എന്ന വ്യാജേനയാണ് സംഘം ചട്ടഞ്ചാലിൽ പ്രവർത്തിക്കുന്നത്.
കമീഷനായി ലഭിക്കുന്ന പണത്തിൽ നിന്നും കാൽ ഭാഗത്തോളം അഡ്മിഷന് എത്തുന്ന കുട്ടികൾക്ക് തിരിച്ചു കൊടുക്കാറുണ്ടെന്നാണ് പറയുന്നത്. അഡ്മിഷൻ സമയത്ത് പെൺകുട്ടികളുടെ ഫോൺ നമ്പറുകൾ ഇവർ ശേഖരിക്കും. പിന്നീട് ഇവരെ വലവിരിച്ചു നടക്കും. മംഗ്ളൂറിൽ എത്തുന്ന സംഘം ഏതെങ്കിലും ഒരു പെൺകുട്ടിയെ ഫോണിൽ വിളിച്ച് ഭക്ഷണം കഴിക്കാൻ ക്ഷണിക്കും. കൂട്ടുകാരികളെയും കൂട്ടി വരാനാണ് ആവശ്യപ്പെടുന്നത്.
അതിനുശേഷം ഭക്ഷണം വാങ്ങി നൽകി വെവ്വേറെ നിർത്തി ഫോടോ എടുക്കും. ഇത്തരത്തിൽ വിമാനത്താവളത്തിലേക്കുള്ള റോഡിലെ കെ ഒമ്പത് എന്ന റെസ്റ്റോറന്റിൽ അഞ്ച് പെൺകുട്ടികളെയും കൂട്ടിപോയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഹോടെലിന് താഴെയുള്ള വളർത്തുനായ്ക്കളെ കയ്യിലെടുത്ത് ഫോടോയ്ക്ക് പോസ് ചെയ്യാൻ പറയും. അതിനുശേഷം ഫോടോ അയച്ചുതരാൻ വേണ്ടി പെൺകുട്ടികളോട് വാട്സ് ആപ് നമ്പർ ആവശ്യപ്പെടും. ഒരു പെൺകുട്ടിയുടെ സമാന രീതിയിലെടുത്ത ഫോടോ അയച്ചുകൊടുത്തത് ബന്ധുക്കളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇങ്ങനെ ഫോൺനമ്പറുകൾ കൈക്കലാക്കി തന്ത്രപരമായാണ് ഇവരുടെ പ്രവർത്തനങ്ങൾ.
പ്രതികളെ അറസ്റ്റ് ചെയ്താൽ കൂടുതൽ പേർ പരാതിയുമായി രംഗത്ത് വരുമെന്നാണ് പൊലീസ് കരുതുന്നത്. കഴിഞ്ഞദിവസം മടിക്കേരിയിൽ പെൺകുട്ടിയെ താമസിപ്പിച്ച വീട് പൊലീസ് കണ്ടെത്തിയിരുന്നു. കാസർകോട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ വനിതാ എസ് ഐ അജിതയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Post a Comment