Join Our Whats App Group

കൊവിഡ്‌: കേരളത്തിലെ 9 ജില്ലകളിൽ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കാൻ കേന്ദ്ര നിർദ്ദേശം...

 


കേരളം ഉൾപ്പടെ 10 സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം. കൊവിഡ്പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. രാത്രികാല കർഫ്യൂ, വിവാഹം ഉൾപ്പടെയുള്ള ആഘോഷങ്ങൾക്ക് നിയന്ത്രണം, തുടങ്ങിയ നടപടികൾ സ്വീകരിക്കാനാണ് കേന്ദ്രത്തിൻ്റെ നിർദേശം.


ടിപിആർ ഉയർന്ന 27 ജില്ലകളിൽ കേരളത്തിലെ ഒമ്പത് ജില്ലകളുമുണ്ട്. കോട്ടയം, വയനാട്, ഇടുക്കി, കൊല്ലം, എറണാകുളം, കണ്ണൂർ, തൃശ്ശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളാണ് പട്ടികയിൽ ഉള്ളത്. അതേസമയം, ദില്ലിയിൽ ഇന്ന് സ്ഥിരീകരിച്ച പുതിയ കേസടക്കം രാജ്യത്ത് ഇതുവരെ 33 പേർക്ക് ഒമിക്രോൺ (Omicron) വകഭേദം സ്ഥിരീകരിച്ചു. നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ രണ്ടരയ്ക്ക് അവലോകന യോഗം ചേരും.


അഞ്ച് സംസ്ഥാനങ്ങളിലായി 33 പേർക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡിൻ്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും മഹാരാഷ്ട്രയിലാണ്. 17 പേരിൽ ഒമിക്രോൺ കണ്ടെത്തിയതോടെ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. മുംബൈ നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.


മഹാരാഷ്ട്ര കൂടാതെ രാജസ്ഥാൻ, ദില്ലി, ഗുജറാത്ത്, കർണാടകം എന്നിവിടങ്ങളിലാണ് ഒമിക്രോൺ കണ്ടെത്തിയത്. രാജ്യത്തെ ഒമിക്രോൺ സാഹചര്യം വിലയിരുത്താൻ ഇന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ അവലോകന യോഗം നടക്കും. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, നിതി ആയോഗ് അംഗം വി കെ പോൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.


കൊവിഡിൻ്റെ ബൂസ്റ്റർ ഡോസ് നൽകുന്നതും യോഗത്തിൽ ചർച്ചയായേക്കും എന്നാണ് സൂചന. ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ബൂസ്റ്റർ ഡോസ് നൽകുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കണമെന്ന് ആഭ്യന്തരകാര്യ പാർലമെൻ്ററി സമിതി ആവശ്യപ്പെട്ടിരുന്നു.


വിദഗ്ധ സമിതിയുടെ നിർദേശമനുസരിച്ച് മതി ഇതിൽ തീരുമാനമെന്നാണ് കേന്ദ്രത്തിൻറെ നിലപാട്. ഇതിനിടെ ജനങ്ങൾ മാസ്ക് ധരിക്കുന്നതിൽ അലംഭാവം കാണിക്കുന്നുവെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തത് അപകടം വിളിച്ചുവരുത്തുമെന്നും ആരോഗ്യമന്ത്രാലയം ഓർമ്മിപ്പിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group