ഇരിട്ടി: കേരളാ – കർണ്ണാടകാ അതിർത്തിയായ കൂട്ടുപുഴയിൽ കെ എസ് ടി പി റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി കേരളം പണിയുന്ന പുതിയ പാലം പുതുവർഷ ദിനത്തിൽ ഗതാഗതത്തിന് തുറന്നു കൊടുത്തേക്കും . എല്ലാ സ്പാനുകളുടെയും വാർപ്പ് പണി പൂർത്തിയായി. പാലത്തിൽ നിന്നും കർണ്ണാടകത്തിലെ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ പ്രവർത്തനങ്ങൾ മാത്രമാണ് അവശേഷിച്ചിരിക്കുന്നത്. ഒരാഴ്ച്ച കൊണ്ട് അതും പൂർത്തിയാവും. പാലത്തിന്റെ അന്തിമഘട്ട പ്രവർത്തനങ്ങൾ സണ്ണിജോസഫ് എം എൽ എ വിലയിരുത്തി. പുതിയ പാലം പ്രവർത്തികമാകുന്നതോടെ 1928 ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച പഴയ പാലം സംരക്ഷിക്കുന്നതിനുള്ള നടപടികളും ഉണ്ടാകണമെന്നാവശ്യം ശരക്തമായി ഉയരുന്നുണ്ട്. പാലം സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ വേണമെന്നാവശ്യപ്പെട്ട് കെ എസ് ടി പിക്ക് കത്തു നൽകിയതായും എം എൽ എ പറഞ്ഞു.
2018 സപ്തംബറിൽ പൂർത്തിയാക്കേണ്ട പാലത്തിന്റെ നിർമ്മാണം കർണ്ണാടകയുടെ എതിർപ്പ് മൂലം നീണ്ടുപോവുകയായിരുന്നു. ഇതിനിടയിൽ അതിർത്തിയിൽ കേരളത്തിന്റെ പുഴ പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങളെ കുടിയിറക്കാനുള്ള നീക്കം നടക്കുന്നതും പാലത്തിന്റെ നിർമ്മാണത്തിന് വീണ്ടും തടസ്സമാകുമോ എന്ന ആശങ്കയും നിലവിലുണ്ട്. അതിർത്തി തർക്കത്തിന്റെ പേരിൽ പാലം പണി ബാധിക്കാതിരിക്കാൻ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് കരാർ കമ്പിനി. മൂന്ന് വർഷം മുടങ്ങിയതും പിന്നാലെ വന്ന കോവിഡും മൂലം നിർമ്മാണം വൻ പ്രതിസന്ധിയിലൂടെയാണ് കടന്നു പോയത്.
90 വർഷങ്ങൾക്ക് മുൻപ് ബ്രിട്ടീഷുകാർ കുടക് ജില്ലയുമായി വ്യാപാര ആവശ്യങ്ങൾക്ക് വേണ്ടി നിർമ്മിച്ച വീതി കുറഞ്ഞ പഴയ പാലം അപകടഭീഷണിയിലാണ്. തൂണില്ലാതെ നിർമ്മിച്ച കോൺക്രീറ്റ് പാലം ഇത്രയും കാലം നിലനിന്നു എന്നതും അത്ഭുതമാണ്. ഇതുകൊണ്ടുതന്നെ ഇതിനെ പൈതൃകമായി സംരക്ഷിക്കാനുള്ള നടപടികൾ ഉണ്ടാവണമെന്ന ആവശ്യവും ശക്തമാണ് . പാലത്തിന്റെ ഉപരിതലം തകരുകയും കൈവരികൾക്ക് ബലക്ഷയം വരികയും ചെയ്തിട്ടുണ്ട്. വർഷങ്ങളായി പെയിന്റിംങ്ങ് നടത്താഞ്ഞതിനാൽ കമ്പികൾ തുരുമ്പെടുത്ത നിലയിലാണ്. ചെറിയ അറ്റകുറ്റപണികൽ നടത്തിയാൽ ഇനിയും വർഷങ്ങളോളം അറ്റകുറ്റപ്പണികൾ നടത്താത്തത് മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്ന പക്ഷം ഇനിയും പതിറ്റാണ്ടുകൾ ഇതിനെ നിലനിർത്താൻ കഴിയുമെന്ന് തന്നെയാണ് നാട്ടുകാരുടെ വാദം.
Post a Comment