Join Our Whats App Group

200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്: ആരാണ്‌ ലീന മരിയ പോള്‍, തെളിവുകള്‍ ഇല്ലാതാക്കിയതെങ്ങനെ....?

 


സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട 200 കോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പുകേസില്‍ സുകേഷിന്റെ ഭാര്യയും നടിയുമായ ലീനാ മരിയ പോളിന് നിര്‍ണായക പങ്കുള്ളതായാണ് കഴിഞ്ഞ ദിവസം പുറത്തായ  എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റ് (ഇഡി) കുറ്റപത്രം പറയുന്നത്‌. കുറ്റപത്രത്തില്‍ സാമ്പത്തിക തട്ടിപ്പിന്റെ മുഖ്യആസൂത്രകയെന്നാണ്  ലീനാ മരിയ പോളിനെ ഇഡി വിശേഷിപ്പിച്ചിരിക്കുന്നത്. 


200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുകേഷ് ചന്ദ്രശേഖറിനെയും ലീനയെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ സെപ്തംബറിലാണ് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തുന്ന ഡോണ്‍സിന്റെ പ്രവര്‍ത്തനരീതി മുതല്‍ ജാക്വലിന്‍ ഫെര്‍ണാണ്ടസ്, നോറ ഫത്തേഹി തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളുമായും   ഇരുവര്‍ക്കും ബന്ധണുണ്ടെന്ന് ആരോപിക്കപ്പെടുന്നു. കേസിന്റെ ഭാഗമായി കഴിഞ്ഞ മാസം ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ ഏഴുമണിക്കൂറിലേറെ സമയം എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ലീനയുടെ പങ്കാളി സുകേശ് ചന്ദ്രശേഖറും ജാക്വിലിന്‍ ഫെര്‍ണാണ്ടസുമൊന്നിച്ചുള്ള സ്വകാര്യ ചിത്രം പുറത്തു വന്നതിനു പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. 


വ്യവസായികളെയും രാഷ്ട്രീയ നേതാക്കളെയും വഞ്ചിച്ചു കോടികള്‍ തട്ടിയെടുത്ത നിരവധി കേസുകളിലെ പ്രതികളാണു ചെന്നൈ സ്വദേശി സുകേശ് ചന്ദ്രശേഖറും പങ്കാളിയായ നടി ലീന മരിയ പോളും. വായ്പ തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ പ്രമോട്ടര്‍ ശിവേന്ദറിന്റെ ഭാര്യയില്‍ നിന്നു 200 കോടി തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് ഇരുവരും ഒടുവില്‍ അറസ്റ്റിലായത്. മറ്റൊരു കേസില്‍ ഡല്‍ഹിയിലെ തീഹാര്‍ ജയിലില്‍ കഴിയുന്നതിനിടെയായിരുന്നു സുകേശിന്റെ തട്ടിപ്പ്. സുകേശിന്റെ ജയിലിനു പുറത്തെ ഇടപാടുകളില്‍ പങ്കുണ്ടെന്നു  വ്യക്തമായതോടെ ലീനയും അറസ്റ്റിലായി. 



കേസുമായി ബന്ധപ്പെട്ട് സുകേഷിനെയാണ് ആദ്യം അറസ്റ്റ് ചെയ്യുന്നത് തട്ടിപ്പില്‍ നിരപരാധിയെന്ന് അഭിനയിച്ചു ആളുകളെ കബളിപ്പിച്ചു എന്നിവയാണ് ഇഡി ലീനയ്ക്കെതിരെ കുറ്റപത്രത്തില്‍ നടത്തിയ നിരീക്ഷണങ്ങള്‍.  'കേസുമായി ബന്ധപ്പെട്ട് ആരെങ്കിലും ലീനയെ സമീപിച്ചാല്‍ ഉത്തരവാദിത്തം മുഴുവനും സുകേഷിന്റെ ആണെന്നു വരുത്തി തീര്‍ക്കും. തുടര്‍ന്നു സുകേഷിനെ സമീപിക്കും. ലീന ബുദ്ധിമുട്ടിലാണെന്നു തിരിച്ചറിഞ്ഞ് എല്ലാ ഉത്തരവാദിത്തവും സുകേഷ് ഏറ്റെടുക്കും. കേസില്‍ മറ്റു പ്രതികളായ അരുണ്‍ മുത്തു, ആനന്ദ് മൂര്‍ത്തി, ജഗദിഷ് എന്നിവര്‍ പണം തട്ടിപ്പു കേസില്‍ ലീന ഭീഷണിപ്പെടുത്തിയതായി സമ്മതിച്ചു'- കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടി.'കേസില്‍ തെളിവുകള്‍ നിരത്തിയിട്ടും കുറ്റം സമ്മതിക്കാതെ നുണകള്‍ ആവര്‍ത്തിച്ചു, സുകേഷ് അറസ്റ്റിലായെന്നത് അറിഞ്ഞയുടന്‍ തെളിവുകള്‍ നശിപ്പിച്ചു, പണം തട്ടിപ്പിനെ കുറിച്ചു തനിക്കൊന്നുമറിയില്ലെന്നു പണം തന്നവരോടു നുണകള്‍ പറഞ്ഞു'- ഇവയാണ് ലീനയ്ക്കെതിരെ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയ മറ്റ് ആരോപണങ്ങള്‍.      


സുജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത മദ്രാസ് കഫേ എന്ന ചിത്രത്തില്‍ തമിഴ് വിമത പോരാളിയായി വേഷമിട്ടതോടെയാണ് ആളുകള്‍ ലീന മരിയ പോള്‍ എന്ന മലയാളി സിനിമാ നടിയെ കൂടുതലായി ശ്രദ്ധിച്ച് തുടങ്ങിയത്. 2009 ലാണ്  മോഡലിംഗും അഭിനയ മേഖലയിലേക്കുമുള്ള പ്രവേശനം. 2009 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ റെഡ് ചില്ലീസിലൂടെയാണ് ലീന സിനിമ ലോകത്തേക്ക് കടന്നുവന്നത്. തുടര്‍ന്ന് ഹസ്ബന്റ്‌സ് ഇന്‍ ഗോവ (2012), കോബ്ര (2012) ബിരിയാണി (2013) തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇവര്‍ ബംഗളുരിവില്‍ ദെന്റിസ്റ്റ് കോഴ്‌സ് ചെയ്തിരുന്നുവെങ്കിലും പിന്നീട് സിനിമയോടുള്ള താല്പര്യം കാരണം ആ വഴിക്ക് സഞ്ചരിക്കുകയായിരുന്നു.



2013ല്‍ ചെന്നൈ ബാങ്കില്‍ നിന്ന് 19 കോടി രൂപ കബളിപ്പിച്ചതിന് ഇരുവരും പിടിക്കപ്പെട്ടിരുന്നു. അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ചന്ദ്രശേഖറിനെ ഒരാഴ്ച കഴിഞ്ഞാണ് പോലീസ് പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന പോലീസ് ലീനയുടെ പക്കല്‍ നിന്ന് ആഢംബരം കാറുകളും വിലയേറിയ വാച്ചുകളും കണ്ടെടുത്തിരുന്നു. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പേരമകനാണെന്ന വ്യാജേന തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും ആന്ധ്രയിലേയും നിരവധി പേരില്‍ നിന്ന് ഏകദേശം 15 കോടിയോളം രൂപ ഇദ്ദേഹ തട്ടിയെടുത്തയായി പോലീസ് ആരോപിക്കുന്നു. എന്നാല്‍ പിന്നീട് ജാമ്യം ലഭിച്ച ഇരുവരും മുംബൈയിലേക്ക് താമസം മാറുകയായിരുന്നു. എന്നാല്‍ 2015 ല്‍ ഗോരിഗാവോണില്‍ ഇരുവരെയും പത്ത് കോടി രൂപയുടെ മറ്റൊരു തട്ടിപ്പ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. 2018 ഡിസംബറില്‍ കൊച്ചിയിലെ തന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറില്‍ ഒരു ഷൂട്ടിംഗ് നടന്നതിന് പിന്നാലെയും ലീന വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 2019 ല്‍ അറസ്റ്റിലായ കുപ്രസിദ്ധനായ അധോലോക ഗുണ്ട രവി സൂലിയ പൂജാരി ആ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് ആരോപണം. 


റിലിഗെയര്‍ എന്റര്‍പ്രൈസസിന്റെ മുന്‍ പ്രമോട്ടര്‍ ശിവിന്ദര്‍ മോഹന്‍ സിംഗിന്റെ ഭാര്യയില്‍ നിന്ന് പണം കൈപ്പറ്റിയ സുകേഷിന്റെ സാമ്പത്തിക തട്ടിപ്പിന്റെ ഗുണഭോക്താവ് മാത്രമല്ല ലീനയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശ്വസിക്കുന്നത്, മാത്രമല്ല പണം കണ്ടെത്തുന്നതിനുള്ള നിര്‍ണായ വ്യക്തിയും ലീനയാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. പണം വിദേശത്ത് നിക്ഷേപിച്ചിട്ടുണ്ടോയെന്നാണ് ഇഡി ഇപ്പോള്‍ അന്വേഷിക്കുന്നത്. 

Post a Comment

Previous Post Next Post
Join Our Whats App Group