ആളൂര്‍: വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്ത 125ഓളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഇവരില്‍ 13 പേര് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
കഴിഞ്ഞ മാസം 30-ന് നടന്ന വിവാഹ സല്‍ക്കാരത്തില്‍ 265-ഓളം പേരാണ് പങ്കെടുത്തതെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബുധനാഴ്ചയാണ് ഭക്ഷ്യവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണാൻ തുടങ്ങിയത്.
പനി, വയറിളക്കം, ഛർദി, തലവേദന എന്നിവ അനുഭവപ്പെട്ടവരാണ് കറുകുറ്റി, ചാലക്കുടി, പോട്ട, കൊടകര, കുഴിക്കാട്ടുശേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുള്ളതെന്ന് ആളൂര്‍ പഞ്ചായത്ത് ആരോഗ്യ വിഭാഗം അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് ജില്ല ഫുഡ് സേഫ്റ്റി അസി. കമീഷണറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തുകയും സാമ്പിള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
ജില്ല ആരോഗ്യ വിഭാഗം ടെക്നിക്കല്‍ അസിസ്റ്റൻറുമാരായ രാജു, ചന്ദ്രന്, ഡോ. കെ.ആര്. സുബ്രഹ്മണ്യന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.കെ. ശ്രീവത്സന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ശേഖരിച്ച ഭക്ഷണത്തിന്റെ സാമ്പിളുകള്‍ മെഡിക്കല്‍ കോളജിലേക്ക് പരിശോധനക്കയച്ചിട്ടുണ്ട്. വിവാഹ സല്‍ക്കാരത്തില്‍ വിളമ്പിയ കാട വിഭവത്തില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയുണ്ടായതെന്നാണ് സംശയം.
Post a Comment