സസ്പെൻഷനിലായതിന് പിന്നാലെ തിരുവനന്തപുരം മംഗലപുരം എസ്‌ഐയുടെ വാട്‌സ് ആപ് സ്റ്റാറ്റസ് വിവാദമാവുന്നു. സസ്പെൻഷൻ ഉത്തരവ് ലഭിച്ചതിന് പിന്നാലെ ‘പോടാ പുല്ലേ’ എന്ന വാട്സ് ആപ്പ് സ്റ്റാറ്റസാണ് പുതിയ വിവാദത്തിന് കാരണം. യുവാവിനെ മർദ്ദിച്ച കേസിൽ പിടിയിലായ ഗുണ്ടാ നേതാവിനെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ച സംഭവത്തിലാണ് എസ്.ഐയെ സസ്പെൻഡ് ചെയ്തത്.
ഡിഐജി സഞ്ജയ് കുമാർ ഗുരുഡിൻ വെള്ളിയാഴ്ച മംഗലപുരം സ്റ്റേഷനിൽ നടത്തിയ മിന്നൽ പരിശോധനയ്ക്ക് പിന്നാലെ ശനിയാഴ്ചയാണ് എസ്‌ഐയെ സസ്‌പെൻഡ് ചെയ്തത്. തുളസീധരൻ നായർ ഗുരുതര വീഴ്ച വരുത്തിയെന്നായിരുന്നു സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തെ കുറിച്ച് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു.
തിരുവനന്തപുരം കണിയാപുരം പുത്തൻതോപ്പ് ചിറയ്ക്കൽ ആസിയ മൻസിലിൽ എച്ച് അനസി(25)ന് നടുറോഡിൽ ഗുണ്ടയുടെ ക്രൂരമർദനമേറ്റ സംഭവമാണ് വിവാദങ്ങളുടെ തുടക്കം. ബൈക്ക് തടഞ്ഞ് നിർത്തി അനസിനെ മർദ്ദിച്ച ഗുണ്ടാ നേതാവ് ഫൈസലിനെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയക്കുകയായിരുന്നു. ബൈക്ക് തടഞ്ഞുനിർത്തി താക്കോൽ ഊരിമാറ്റിയായിരുന്നു മർദ്ദനം.
മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തു വന്നിട്ടും പരാതിയിൽ കേസ് എടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല.പിന്നാലെ വിഷയം വാർത്തയായതോടെ ചെറിയ വകുപ്പ് ചുമത്തി കേസെടുക്കുകയും ചെയ്തു. പിന്നാലെ പൊലീസ് സ്റ്റേഷനിൽ ഹാജരായി ഫൈസൽ ജാമ്യമെടുത്ത് പുറത്തിറങ്ങുകയും ചെയ്തു. വധശ്രമ കേസിൽ പൊലീസ് തിരയുന്ന പ്രതിയായിട്ടും സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചത് വലിയ വിമർശനം നേരിടുകയും ചെയ്തു.
Post a Comment