‘എനിക്കൊന്ന് മൂത്രമൊഴിക്കണം’ എന്ന് പരസ്യമായി പറയാന്‍തന്നെ മടിയാണ് ആളുകള്‍ക്ക്. അതിനു പകരം ചെറുവിരല്‍ ഉയര്‍ത്തിക്കാട്ടിയും മറ്റുമുള്ള ആംഗ്യങ്ങളും ചേഷ്ടകളുമൊക്കെയാണ് സാധാരണയായി കാണാറുള്ളത്. മൂത്രം എന്ന വാക്കിന്റെ കാര്യം ഇതാണെങ്കില്‍ മൂത്രാശയ രോഗങ്ങളുടെ കാര്യമോ? അതുതന്നെ സ്ത്രീകളുടെ കാര്യം കൂടിയാണെങ്കിലോ? പരസ്യമായി പറയാനോ ചര്‍ച്ച ചെയ്യാനോ പാടില്ലാത്ത എന്തോ ഒന്നായി, സ്വകാര്യതയുടെ ഭാഗമായി നാം കൊണ്ടു നടക്കുന്ന ഒരു വിഷയമാണ് ഇപ്പോഴും നമുക്കിത്.
മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്ക് പൊറുതിമുട്ടും വരെ ചികിത്സിക്കാതെ കൊണ്ടു നടക്കുക എന്നതാണ് സര്‍വസാധാരണം. ഇനി രക്ഷയില്ലെന്നു വരുമ്പോള്‍ മാത്രമാണ് നാം ഡോക്ടര്‍മാരെ കാണാറുള്ളത്. ചികിത്സയുടെ പക്ഷത്തു നിന്ന് ചിന്തിക്കുമ്പോള്‍ ഏതു രോഗമായാലും കണ്ടെത്തുന്ന ആദ്യഘട്ടത്തില്‍തന്നെ ചികിത്സിക്കാന്‍ കഴിഞ്ഞാല്‍ അത് രോഗിക്ക് നൽകുന്ന ഫലവും അസുഖം മൂര്‍ച്ഛിച്ച ശേഷം നല്‍കുന്ന ഫലവും വ്യത്യസ്തമായിരിക്കും. മൂത്ര സംബന്ധമായ, മൂത്രാശയ സംബന്ധമായ രോഗങ്ങളുടെ കാര്യത്തിലും ജനങ്ങള്‍ക്കിടയില്‍ ഇത് ഏതൊരാള്‍ക്കും വരാന്‍ സാധ്യതയുള്ള രോഗങ്ങളാണെന്നും ചികിത്സ തേടുന്നതില്‍ മടി കാട്ടേണ്ടതില്ലെന്നുമുള്ള സന്ദേശം അതിശക്തമായി പ്രചരിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഇനി ചികിത്സയുടെ കാര്യത്തിലേക്ക് കടന്നാല്‍, മൂത്രാശയ രോഗങ്ങള്‍ പ്രധാനമായും നാലു തരമുണ്ട്. രോഗി എന്തിനാണ് ഈ തരങ്ങളൊക്കെ അറിയുന്നതെന്നു വച്ചാല്‍, രോഗിയായാലും ഡോക്ടറായാലും നാലിനും നാലു ചികിത്സാരീതികളാണ് പിന്തുടരേണ്ടത്. അതുകൊണ്ട് വിധമേതെന്ന് ആദ്യം തിരിച്ചറിഞ്ഞ് ചികിത്സ നടപ്പാക്കിയില്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടാവും എന്ന് ചുരുക്കം.
ഏതുവിധമെന്ന് തിരിച്ചറിയല്‍ നിര്‍ണായകം
യൂറിനറി ഇന്‍കോണ്‍ടിനന്‍സ് അഥവാ അനിയന്ത്രിത മൂത്രവാര്‍ച്ച നാലു വിധത്തിലുണ്ട്. അര്‍ജ്, സ്ട്രസ്, ഓവര്‍ഫ്‌ളോ, ട്രൂ ഇന്‍കോണ്‍ടിനന്‍സ് എന്നിങ്ങനെയാണവ. ഈ നാല് വിധത്തിലുള്ള ഇന്‍കോണ്‍ടിനന്‍സും വ്യവച്ഛേദിച്ച് അറിയുക എന്നത് ചികിത്സയെ സംബന്ധിച്ച് നിര്‍ണായകമാണ്. രോഗനിര്‍ണയവും ചികിത്സാനിര്‍ണയവും പാളിപ്പോയാല്‍ രോഗിക്ക് വിപരീതഫലമായിരിക്കും ഉണ്ടാകുക. ഉദാഹരണമായി അര്‍ജ് ഇന്‍കോണ്‍ടിനന്‍സ് ഉള്ള രോഗിക്ക് ഓവര്‍ഫ്‌ളോ ഇന്‍കോണ്‍ടിനന്‍സിനുള്ള മരുന്നുകൊടുത്താല്‍ ഇതാണു സംഭവിക്കുക.
അര്‍ജ് ഇന്‍കോണ്‍ടിനന്‍സ്
മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ അത് പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത അവസ്ഥയാണിത്. ഇത് പല കാരണങ്ങള്‍ കൊണ്ട് സംഭവിക്കാം, നാഡീ സംബന്ധമായ തകരാറുകള്‍ കൊണ്ടും ബ്ലാഡറിന്റെ അമിതപ്രവര്‍ത്തനം, മൂത്രരോഗാണുബാധ, ആ ഭാഗത്തെ പേശികളുടെ ദുര്‍ബലത തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ഈ അസുഖം ഉണ്ടാവാം. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഈ അസുഖം ഉണ്ടാവാം. ഓവര്‍ ആക്ടീവ് ബ്ലാഡര്‍ വളരെ സാധാരണമായ അവസ്ഥയാണ്.
സ്ട്രസ് യൂറിനറി ഇന്‍കോണ്‍ടിനന്‍സ്
ചുമയ്ക്കുമ്പോള്‍, തുമ്മുമ്പോള്‍, ചിരിക്കുമ്പോള്‍, പടി കയറുമ്പോള്‍, ഭാരം എടുക്കുമ്പോള്‍ തുടങ്ങിയ അവസ്ഥകളിലൊക്കെ മൂത്രം ചോര്‍ന്നു പോകുന്ന അവസ്ഥയാണിത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണ ഗതിയിലുള്ള മൂത്രത്തിലെ അണുബാധയുണ്ടോ എന്ന് നോക്കാറുണ്ട്. ഗര്‍ഭപാത്രത്തിലെ മുഴകള്‍, അണ്ഡാശയത്തില്‍ മുഴകള്‍, തുടങ്ങിയ പ്രശ്‌നങ്ങളുള്ളവര്‍ക്കും കൂടുതല്‍ പ്രസവിച്ചവര്‍ക്കും ഈ രോഗം വരാനുള്ള സാധ്യതയുണ്ട്. അര്‍ജ്, സ്ട്രസ് ഇന്‍കോണ്‍ടിനന്‍സ് ഒരുമിച്ചുവരുന്നതായാണ് കൂടുതലും കണ്ടു വരുന്നത്. ഗര്‍ഭപാത്രമോ, മൂത്ര സഞ്ചിയോ, മലസഞ്ചിയോ താഴ്ച വന്നതുകൊണ്ടും ഇത് സംഭവിക്കാം. അമിതവണ്ണം, പ്രമേഹം, പാര്‍ക്കിന്‍സണ്‍സ്, അല്‍സ്ഹൈമേഴ്‌സ് ഡിസീസ് തുടങ്ങിയ അസുഖമുള്ളവരിലും ഈ രോഗാവസ്ഥകള്‍ കണ്ടു വരാറുണ്ട്. ഗര്‍ഭപാത്രവും മൂത്രസഞ്ചിയും അടുത്തടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ഗര്‍ഭപാത്രത്തിലെ മുഴയും അണ്ഡാശയത്തിലെ മുഴയും രോഗകാരണമാകുന്നതു പോലെ തന്നെ ആ മുഴകള്‍ എടുത്തു കളഞ്ഞതും പലപ്പോഴും സ്ട്രസ് ഇന്‍കോണ്‍ടിനന്‍സിനു കാരണമാകാം.
ഓവര്‍ഫ്‌ളോ ഇന്‍കോണ്‍ടിനന്‍സ്
മൂത്രതടസ്സം പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം. പ്രൊസ്റ്റേറ്റ് അസുഖങ്ങള്‍ കൊണ്ട് മൂത്രം കെട്ടി നിന്ന് മൂത്രം കവിഞ്ഞുപോകുന്ന അവസ്ഥയുണ്ടാകാം.
ട്രൂ ഇന്‍കോണ്‍ടിനന്‍സ്
മൂത്രനിയന്ത്രണ മാംസപേശി പൂര്‍ണമായും പ്രവര്‍ത്തനം നിലച്ചു പോയാല്‍ സംഭവിക്കുന്ന അവസ്ഥയാണ് ട്രൂ ഇന്‍കോണ്‍ടിനന്‍സ്. നാഡീ സംബന്ധമായപ്രശ്‌നങ്ങള്‍ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. എപ്പോഴും മൂത്രം ഒലിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണിത്. ചില ശസ്ത്രക്രിയകള്‍ക്ക് ശേഷവും ഈ രോഗാവസ്ഥയുണ്ടാവാം. ഉദാഹരത്തിന് പ്രോസ്‌റ്റേറ്റ് സംബന്ധമായ ശസ്ത്രക്രിയകള്‍ക്കു ശേഷവും ട്രൂ ഇന്‍കോണ്‍ടിനന്‍സ് ഉണ്ടാവാനുള്ള സാധ്യതയുണ്ട്.
രോഗനിര്‍ണയം
ആദ്യം സ്‌കാന്‍ ചെയ്ത് മൂത്രത്തില്‍ അണുബാധയുണ്ടോ എന്ന് നോക്കണം. അമിതമായി മൂത്രം കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടോ എന്ന് നോക്കണം. സാധാരണ ഒരാളുടെ ശരീരത്തില്‍ മൂത്രസഞ്ചിയുടെ പകുതി മാത്രമേ മൂത്രം കെട്ടിക്കിടക്കാന്‍ പാടുള്ളൂ. ഒരാള്‍ പകല്‍ സമയങ്ങളില്‍ ശരാശരി ആറു മുതല്‍ എട്ടു തവണ വരെയും രാത്രി രണ്ടു തവണയും മൂത്രമൊഴിക്കുന്നത് സാധാരണമായ അവസ്ഥയാണ്. ഇതില്‍ കൂടുതലാകുമ്പോഴാണ് രോഗം എന്ന നിലയില്‍ കാണേണ്ടി വരുന്നത്. ആവശ്യമുണ്ടെങ്കില്‍ മൂത്രത്തിന്റെ കള്‍ച്ചര്‍ ചെയ്യണം. അനുബന്ധ രക്തപരിശോധന, വൃക്കയുടെ പ്രവര്‍ത്തനശേഷി പരിശോധന, അള്‍ട്രാസൗണ്ട് സ്‌കാനിങ് തുടങ്ങിയ പരിശോധനകളിലൂടെ രോഗനിര്‍ണയത്തിലെത്താന്‍ സാധിക്കും. മൂത്ര സഞ്ചിയില്‍ ലൈറ്റ് അടിച്ച് നടത്തുന്ന ടെസ്റ്റ് -സിസ്റ്റോസ്‌കോപി വഴി മൂത്രസഞ്ചിയുടെ ഉള്‍ഭാഗം വ്യക്തമായി കാണാന്‍ സാധിക്കും. ഈ ടെസ്റ്റു കൊണ്ട് പ്രശ്‌നം എത്രമാത്രമുണ്ടെന്നും എങ്ങനെ പരിഹരിക്കാമെന്നുമുള്ള ധാരണ നമുക്കു ലഭിക്കും.
ചികിത്സാ മാര്‍ഗങ്ങള്‍
അര്‍ജ് ഇന്‍കോണ്‍ടിനന്‍സിന് ഒണബോട്ടിനം ടോക്‌സിന്‍ എന്ന മരുന്ന് എന്‍ഡോസ്‌കോപി വഴി മൂത്രസഞ്ചിയില്‍ കുത്തിവയ്ക്കുന്നത് രോഗിക്ക് ദീര്‍ഘനാളത്തേക്ക് ആശ്വാസം പ്രദാനം ചെയ്യും. സുഷുമ്നാ നാഡിയുടെ താഴ്ഭാഗത്തായി ഞരമ്പുകളെ ഉത്തേജിപ്പിക്കുന്ന സാക്രല്‍ ന്യൂറോ മോഡുലേഷന്‍, പ്രീടിബിയല്‍ ന്യൂറോ മോഡുലേഷന്‍ തുടങ്ങിയ ചികിത്സാ രീതികള്‍ ഇപ്പോള്‍ ലഭ്യമാണ്. അര്‍ജ് ഇന്‍കോണ്‍ടിനന്‍സിന് വളരെ ഫലപ്രദമായ മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണ്.
സ്ട്രസ് ഇന്‍കോണ്‍ടിനന്‍സ് അവസ്ഥയുള്ളവര്‍ ആരംഭത്തിലാണെങ്കില്‍ ജീവിതക്രമീകരണത്തിലൂടെയും കെഗല്‍ വ്യായാമം എന്നു വിളിക്കപ്പെടുന്ന വ്യായാമ രീതി പിന്തുടര്‍ന്നും രോഗത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കാം. പെല്‍വിക് ഭാഗത്തുള്ള മാംസപേശികള്‍ക്ക് ശക്തിപകരാന്‍ ഇത് സാധിക്കും. രോഗാവസ്ഥ മൂര്‍ച്ഛിച്ച അവസ്ഥയിലാണെങ്കില്‍ ശസ്ത്രക്രിയ തന്നെയാണ് പരിഹാരം. ടി.വി.ടി., ടി.ഒ.ടി തുടങ്ങിയ സ്ലിംഗ് ഓപറേഷനുകളാണ് ചെയ്യാനുള്ളത്. ഒരു സെന്റിമീറ്റര്‍ വീതിയുള്ള മെഷ് ടേപ്പ് ചെയ്തു കൊടുക്കുന്ന രീതിയാണ് ടി.വി.ടി പോലുള്ള ശസ്ത്രക്രിയകള്‍ വഴി ചെയ്യുന്നത്. മൂത്രാശയം സ്ഥിതി ചെയ്യുന്ന ഭാഗത്തെ പേശികള്‍ ബലപ്പെടുത്തുന്നതിനായുള്ള മരുന്നുകളും അതോടൊപ്പം അതിനായുള്ള വ്യായാമവുമാണ് ഈ സാഹചര്യത്തില്‍ നിര്‍ദ്ദേശിക്കാറുള്ളത്. ഇത്തരം വ്യായാമങ്ങള്‍ പതിവാക്കിയാല്‍ ഒരു പരിധി വരെ ഈ രോഗാവസ്ഥ നിയന്ത്രിക്കാന്‍ സാധിക്കും.
ഓവര്‍ഫ്‌ളോ ഇന്‍കോണ്‍ടിനനന്‍സില്‍ പ്രധാനമായും ചെയ്യാനുള്ളത് മൂത്രതടസ്സം മാറ്റുക എന്നതാണ്. പ്രോസ്‌റ്റേറ്റ് വീക്കം അഥവാ ബി.ബി.എച്ച് ആണെങ്കില്‍ ടി.യു.ആര്‍.പി. എന്ന ശസ്ത്രക്രിയാ ചികിത്സയാണ് ഏറ്റവും നല്ലത്. സ്ത്രീകളില്‍ മൂത്രം കെട്ടി നില്‍ക്കുന്ന അവസ്ഥയും ഉണ്ടാവാം. ഗര്‍ഭാശയ മുഖത്തുണ്ടാവുന്ന മുഴകള്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് സ്ത്രീകളില്‍ ഈ രോഗാവസ്ഥയുണ്ടാകുന്നത്.
ട്രൂ ഇന്‍കോണ്‍ടിനന്‍സിനു ആര്‍ട്ടിഫിഷ്യല്‍ യൂറിനറി സ്ഫിംഗ്റ്റര്‍ ആണ് ചികിത്സ. വിവിധങ്ങളായ സ്ലിങ് ഓപറേഷന്‍സും ഇതിന് ചില ഘട്ടങ്ങളില്‍ സഹായകരമാണ്.
സ്ത്രീകളില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന മൂത്രത്തിലെ അണുബാധ പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസ് മൂലമാണ്. വെള്ളപോക്കുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്‌നമാണെങ്കില്‍ ആദ്യം അതിനെ ശരിപ്പെടുത്തണം. വെള്ളപോക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാതെയാണ് അണുബാധ പ്രശ്‌നത്തിന് പരിഹാരം തേടുന്നതെങ്കില്‍ അത് ഫലപ്രദമാകാറില്ല. സിസ്റ്റോസ്‌കോപി ചെയ്ത് മൂത്ര സഞ്ചി പരിശോധിക്കുന്ന പക്ഷം ചിലപ്പോള്‍ മൂത്ര നാളികള്‍ വന്നു ചേരുന്ന സ്ഥലത്ത് തടിപ്പുകാണാം. ചിലപ്പോള്‍ മൂത്ര സഞ്ചിയുടെ കഴുത്തിന്റെ ഭാഗത്ത് അണുബാധയുണ്ടാവാം.
മൂത്രസഞ്ചിക്കോ ഗര്‍ഭപാത്രത്തിനോ താഴ്ചയുണ്ടെങ്കില്‍ അത് ശരിയാക്കുന്നതിനായി ശസ്ത്രക്രിയ ചെയ്യണം. ഗര്‍ഭപാത്രം താഴ്ന്നിരിക്കുകയാണെങ്കില്‍ അതിന്റെ ഭാഗമായി താഴ്ന്നിരിക്കുന്ന മൂത്രസഞ്ചിയെ ശസ്ത്രക്രിയ ചെയ്ത് മുകളിലേക്ക് വയ്ക്കണം. ഗര്‍ഭപാത്രത്തിന്റെ വായ്ഭാഗത്ത് പുണ്ണുണ്ടാകുമ്പോഴാണ് വൈറ്റ് ഡിസ്ചാര്‍ജ് അഥവാ വെള്ളപോക്ക് ഉണ്ടാവുന്നത്. വെള്ളപോക്ക് അധികമായുള്ളവര്‍ക്ക് ഇടയ്ക്കിടെ മൂത്രത്തിലെ അണുബാധ ഉണ്ടായിക്കൊണ്ടിരിക്കും.
രോഗബാധയെക്കുറിച്ചുള്ള അവബോധവും ആവശ്യമായ സമയത്തുള്ള ചികിത്സ തേടലും വളരെ പ്രധാനമാണ്. ഇപ്പോള്‍ രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലാണ് പല രോഗികളും ചികിത്സ തേടിത്തുടങ്ങുന്നത് തന്നെ. ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ സങ്കോചം വെടിഞ്ഞ് ചികിത്സ തേടാന്‍ കഴിയും വിധത്തില്‍ ജനങ്ങള്‍ക്കിടയില്‍ മൂത്രാശയരോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എത്തിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.
മൂത്രാശയരോഗങ്ങളെക്കുറിച്ച് പലപ്പോഴും സംസാരിക്കാന്‍ തന്നെ ആളുകള്‍ക്ക് മടിയാണ്. അതുതന്നെ സ്ത്രീകളാണെങ്കില്‍ രോഗം മറച്ചു വച്ച് വര്‍ഷങ്ങള്‍ അതിന്റെ പ്രയാസം സഹിക്കുകയും രോഗം വഷളാവുന്ന അവസ്ഥവരെ കൊണ്ടെത്തിക്കാറുമുണ്ട്. മൂത്ര സംബന്ധമായ രോഗങ്ങളെക്കുറിച്ചും അനിയന്ത്രിത മൂത്രവാര്‍ച്ച പോലുള്ള രോഗാവസ്ഥകള്‍ നിയന്ത്രിക്കാവുന്ന മാര്‍ഗങ്ങളെക്കുറിച്ചും ജനങ്ങള്‍ക്ക് കൃത്യമായ അവബോധമുണ്ടാക്കാന്‍ സാധിച്ചാല്‍ പ്രശ്‌നത്തെ ഒരു പരിധി വരെ നേരിടാന്‍ നമുക്ക് സാധിക്കും.
Urinary related diseases; symptoms, treament and causes
إرسال تعليق