ചെങ്ങന്നൂരിൽ കുഞ്ഞിന് വിഷം കൊടുത്ത് അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. മരിക്കുന്നതിനു മുൻപു യുവതി ചിത്രീകരിച്ച വീഡിയോയും കുടുംബം പുറത്തുവിട്ടു. ഭർതൃപിതാവിന്റെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുറിപ്പിൽ പറയുന്നത്.
ചെങ്ങന്നൂർ ആല സ്വദേശിനിയായ അദിതി ആറുമാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത ശേഷം വിഷം കഴിച്ച ആത്മഹത്യ ചെയ്യുകയായിരുന്നു. നവംബർ എട്ടിനായിരുന്നു സംഭവം. കോവിഡ് ബാധയെ തുടർന്ന് അദിതിയുടെ ഭർത്താവ് സൂര്യൻ നമ്പൂതിരിയും ഭർത്താവിന്റെ അമ്മ ശ്രീദേവി അന്തർജനവും സെപ്തംബറിൽ മരിച്ചു.
ഭർത്താവിന്റെ മരണത്തെ തുടർന്നുള്ള വിഷാദമാകാം അദിതിയെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചത് എന്ന് കരുതിയിരിക്കുമ്പോഴാണ് ആത്മഹത്യക്കുറിപ്പും ആത്മഹത്യയ്ക്ക് മുൻപു ചിത്രീകരിച്ച വിഡിയോയും കണ്ടെത്തിയത്. ഭർത്താവിന്റെ അച്ഛൻ തന്നെയും കുടുംബത്തെയും മാനസികമായി ഉപദ്രവിക്കുന്നുവെന്നും സൂര്യന്റെയും അമ്മയുടെയും മരണത്തിനു കാരണം അച്ഛൻ ചികിത്സ വൈകിപ്പിച്ചതാണെന്നും ആത്മഹത്യാ കുറിപ്പിൽ അദിതി ആരോപിച്ചിട്ടുണ്ട്.
അദിതിയുടെ ഭർതൃ പിതാവ് നിരന്തരം പണം ആവശ്യപ്പെട്ടിരുന്നുവെന്നും കടുത്ത മാനസിക പീഡനമാണ് അദിതിക്ക് ഏൽക്കേണ്ടി വന്നതെന്നും അദിതിയുടെ കുടുംബവും പറയുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ശാന്തിക്കാരനായിരുന്നു അദിതിയുടെ ഭർത്താവ് സൂര്യൻ നമ്പൂതിരി. ഭർത്താവുമരിച്ചശേഷം അദിതിയ്ക്ക് ജോലികിട്ടാനുള്ള സാധ്യതയും സൂര്യന്റെ അച്ഛൻ തകർത്തു എന്ന് ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. അദിതിയുടെയും കുഞ്ഞിന്റെയും ആത്മഹത്യയിൽ അസ്വഭാവികമരണത്തിനു പൊലീസ് കേസെടുത്തിരുന്നു.
Post a Comment