കണ്ണൂര്‍:
ഓണ്‍ലൈന്‍ ബാങ്കിങിന്റെ മറവില്‍ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് വന്‍ തട്ടിപ്പു സംഘം കണ്ണൂര്‍ ടൗണില്‍ താമസിക്കുന്ന 50കാരിയായ വീട്ടമ്മയുടെയും മട്ടന്നൂര്‍ എയര്‍പോര്‍ട്ടില്‍ ജീവനക്കാരനായ 40കാരന്റെയും ലക്ഷങ്ങള്‍ തട്ടിയെടുത്തതായി സൈബര്‍ പോലിസില്‍ പരാതി.
വൈദ്യുതി ബില്‍ തുക അടച്ചില്ലെന്ന് കാണിച്ച് വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന വ്യാജ സന്ദേശം നല്‍കി കെ.എസ്.ഇ.ബിയുടെ പേരിലാണ് വന്‍ തട്ടിപ്പ് നടത്തിയത്. സാധാരണഗതിയില്‍ കെ.എസ്.ഇ.ബിയില്‍ നിന്ന് ലഭിക്കാറുള്ള സന്ദേശത്തിന് വിരുദ്ധമായി ഒരു മൊബൈല്‍ നമ്പരില്‍ നിന്ന് വൈദ്യുതി വിച്ഛേദിക്കുമെന്ന സന്ദേശമാണ് പരാതിക്കാരായ ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്.
കെ.എസ്.ഇ.ബി അയക്കുന്ന സന്ദേശങ്ങളില്‍ 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍, കുടിശിക തുക, സെക്ഷന്റെ പേര്, പണമടയ്ക്കാനുള്ള വെബ്‌സൈറ്റ് ലിങ്ക് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കും.
ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഒ.ടി.പി തുടങ്ങിയവയുള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ഒരു ഘട്ടത്തിലും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടാറുമില്ല. എന്നാല്‍ പണമടച്ചവര്‍ ബില്‍ തുക അടച്ചിട്ടുണ്ടെന്ന് അറിയിപ്പ് തിരിച്ചയപ്പോള്‍ വീണ്ടും ശല്യം ചെയ്യുകയും പേമെന്റ് ലിങ്ക് എന്ന തട്ടിപ്പ് മാര്‍ഗം സന്ദേശമായി അയച്ച് ഉപഭോക്താവിനോട് പത്ത് രൂപ അയക്കാന്‍ സന്ദേശം നല്‍കുന്നതാണ് പുതിയ തട്ടിപ്പ് രീതി.
ഇതുപ്രകാരം വിശ്വസിച്ച് അയക്കുന്ന പത്ത് രൂപ വഴി ബാങ്ക് അക്കൗണ്ടിലെ ഫിക്‌സ്ഡ് ഡെപ്പോസിറ്റ് തുക അടിച്ചുമാറ്റി ബാങ്കില്‍ നിന്ന് ആ അക്കൗണ്ട് വഴി ചെറിയ തുക ബാക്കി വെച്ച് ലക്ഷങ്ങളുടെ മറ്റൊരു ലോണ്‍ തട്ടിയെടുക്കുന്നു. കേരളത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു തട്ടിപ്പ് പുറത്തുവരുന്നത്
തട്ടിപ്പിനിരയായ വീട്ടമ്മക്ക് നാലര ലക്ഷം രൂപയും എയര്‍പോര്‍ട്ട് ജീവനക്കാരന് മൂന്നരലക്ഷം രൂപയും നഷ്ടമായി. കറന്റ് അക്കൗണ്ടില്‍ നിന്നും എസ്.ബി.ഐയുടെ സേവിങ്‌സ് അക്കൗണ്ടില്‍ നിന്നുമാണ് പണം തട്ടിയെടുത്തത്.
ഈ തുക തട്ടിപ്പ് സംഘം പുതിയ ബാങ്ക് ലോണായി മാറ്റി ഏഴര ലക്ഷം വരെ തട്ടിയെടുത്ത് വില കൂടിയ രണ്ട് ഐ ഫോണുകള്‍ ഓണ്‍ ലൈന്‍ വ്യാപാര സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ട് വഴി തട്ടിപ്പു സംഘം വാങ്ങിയതായും സൈബര്‍ സെല്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്.
ഇത്തരത്തില്‍ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവന്‍ തട്ടിപ്പു സംഘം നിരവധി പേരെ തട്ടിപ്പിനിരയാക്കിട്ടുണ്ട്. ചെറിയ തുക പോയവരാരും പോലിസില്‍ പരാതിയുമായി എത്തിയില്ല. ഓണ്‍ലൈന്‍ ബാങ്കിങ് അക്കൗണ്ട് പാസ്‌വേര്‍ഡ് തട്ടിയെടുത്താണ് തട്ടിപ്പു സംഘം വിലസുന്നത്.
ഇവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ടെങ്കില്‍ പോലും തട്ടിപ്പു സംഘം മാറി മാറി ഉപയോഗിക്കുന്ന പുതിയ നമ്പറുകളും സിം കാര്‍ഡുകളും അന്വേഷണത്തെ സാരമായി ബാധിക്കുന്നുണ്ട്.
അനാവശ്യമായ സന്ദേശങ്ങളും മൊബൈല്‍ ലിങ്കും പിന്‍തുടരുന്നത് തട്ടിപ്പിന് ഇരയാകാന്‍ വളരയേറെ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവയിലേക്ക് കടന്നുകയറുവാന്‍ അനുവദിക്കുന്ന യാതൊരു വിവരങ്ങളും അപരിചിതരുമായി പങ്കുവയ്ക്കരുതെന്ന് പോലിസ് സൈബര്‍ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഉപഭോക്താക്കള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്നും ഇത്തരം വ്യാജ സന്ദേശങ്ങളോ ഫോണ്‍കോളുകളോ ലഭിക്കുന്നപക്ഷം കെ.എസ്.ഇ.ബിയുടെ കസ്റ്റമര്‍ കെയര്‍ നമ്പരായ 1912ല്‍ വിളിച്ചോ 94960 01912 എന്ന നമ്പരില്‍ വാട്‌സാപ് സന്ദേശം അയച്ചോ പൊതുജനങ്ങള്‍ക്ക് അറിയിക്കാമെന്നും പോലിസ് വ്യക്തമാക്കി.
Post a Comment