Join Our Whats App Group

മോഫിയയുടെ മരണം: 'ഭര്‍ത്താവ് ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമ

 


മോഫിയയുടെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി മോഫിയയുടെ പിതാവ് ദില്‍ഷാദ് കെ സലീം രംഗത്ത്. മോഫിയയുടെ ഭര്‍ത്താവിനും, പൊലീസിനുമെതിരെയാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഭര്‍തൃഗൃഹത്തില്‍ മോഫിയ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായി. ഭര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയായിരുന്നു. ഭര്‍ത്താവിന്റെ ക്രൂരതകള്‍ സഹിക്കാന്‍ വയ്യാതെയാണ് മോഫിയ വീട്ടിലേക്ക് തിരിച്ച് വന്നതെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.


പുറത്തുപറയാന്‍ കഴിയാത്ത തരം ലൈംഗിക വൈകൃതങ്ങള്‍ക്കാണ് മകള്‍ ഇരയായത്. ദേഹം മുഴുവന്‍ പച്ചകുത്തണമെന്ന് ആവശ്യപ്പെട്ട് സുഹൈല്‍ മോഫിയയെ മര്‍ദ്ദിച്ചിരുന്നു. ഇയാളുടെ ലൈംഗിക വൈകൃതങ്ങള്‍ തിരിച്ചറിഞ്ഞ മോഫിയ വിവാഹം കഴിഞ്ഞ് രണ്ടര മാസത്തിനുള്ളില്‍ സ്വന്തം വീട്ടിലേക്ക് വന്നു. മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു മോഫിയ. പണം ആവശ്യപ്പെട്ടും സുഹൈല്‍ മര്‍ദ്ദിച്ചിരുന്നുവെന്ന് മോഫിയ പറഞ്ഞിരുന്നു. സ്ത്രീധനം വാങ്ങാതെയാണ് വിവാഹം കഴിച്ചത്. പിന്നീട് സ്വര്‍ണ്ണം ആവശ്യപ്പെടുകയും, പഠനം വരെ നിര്‍ത്താന്‍ നിര്‍ബന്ധിച്ചിരുന്നതായും പിതാവ് പറഞ്ഞു. പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ കുട്ടി സഖാവെന്നയാളും, സിഐ സുധീറും ചേര്‍ന്ന് ഒത്തുതീര്‍പ്പിന് ശ്രമിച്ചു. സിഐ തന്റെ മകളോട് കരുണ കാണിച്ചില്ലെന്നും പിതാവ് ആരോപിച്ചു.


കുട്ടി സഖാവെന്ന് മോഫിയ പറഞ്ഞയാളും സുഹൈലും ബന്ധുക്കളാണ്. കേസില്‍ ഇയാളുടെ പങ്കിനെപ്പറ്റിയും അന്വേഷിക്കണമെന്ന് പിതാവ് പറഞ്ഞു. തന്റെ മകള്‍ക്ക് നീതി ലഭിക്കണമെന്നും, എസ്‌ഐയെ സസ്‌പെൻഡ് ചെയ്യണമെന്നും നരഹത്യയ്ക്ക് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


അതേസമയം മൊഫിയയുടെ മരണത്തില്‍ മോഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍, ഭര്‍തൃപിതാവ് യൂസുഫ്, ഭര്‍തൃമാതാവ് റുഖിയ എന്നിവര്‍ പൊലീസ് പിടിയിലായി. ഇന്ന് പുലര്‍ച്ചെയാണ് ബന്ധുവീട്ടില്‍ നിന്ന് ഇവരെ പിടികൂടിയത്. കോതമംഗലത്തെ ബന്ധുവീട്ടില്‍ ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു. ആത്മഹത്യപ്രേരണയ്ക്കും സ്ത്രീധന പീഡനത്തിനുമാണ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ ആലുവ സി.ഐ സുധീറിനെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് റൂറല്‍ എസ്.പിക്ക് കൈമാറിയേക്കും.

Post a Comment

Previous Post Next Post
Join Our Whats App Group