തിരുവനന്തപുരം:
ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് 5 ശതമാനം പലിശയില്‍ 1 കോടി രൂപ വരെ വായ്പ നല്‍കുന്ന പുതിയ പദ്ധതി അവതരിപ്പിക്കാനൊരുങ്ങി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍. നിലവിലെ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയെ പുനഃരാവിഷ്‌കരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നിലവില്‍ 7 ശതമാനം പലിശയില്‍ 50 ലക്ഷം രൂപ വരെയാണ് പദ്ധതിയില്‍ ലഭ്യമാവുന്നത്. ഇത് ഒരു കോടി രൂപ വരെ 5 ശതമാനം പലിശ നിരക്കില്‍ നല്‍കുന്ന രീതിയിലാണ് പദ്ധതിയെ മാറ്റുക.
ഒരു വര്‍ഷം 500 സംരംഭം എന്ന കണക്കില്‍ 5 വര്‍ഷം കൊണ്ട് 2500 വ്യവസായ സ്ഥാപനങ്ങളെയാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ വര്‍ഷവും കെഎഫ്സി 300 കോടി രൂപയാണ് നീക്കി വെയ്ക്കുക. പദ്ധതിയില്‍ 3 ശതമാനം സബ്സ്സിഡി കേരള സര്‍ക്കാരും 2 ശതമാനം സബ്സ്സിഡി കെഎഫ്സിയും നല്‍കും. വ്യവസായ യൂണിറ്റുകള്‍ക്ക് എംഎസ്എംഇ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. മുഖ്യ സംരംഭകന്റെ പ്രായം 50 വയസില്‍ താഴെ ആയിരിക്കണം. പട്ടികജാതി പട്ടികവര്‍ഗ്ഗ സംരംഭകര്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രവാസി സംരംഭകര്‍ക്കും പ്രായപരിധി 55 വയസുവരെയാണ്.
പുതിയ സംരംഭം തുടങ്ങാനും നിലവിലെ സംരംഭങ്ങള്‍ ആധുനികവത്കരിക്കാനും വായ്പ ലഭിക്കും. പദ്ധതി ചിലവിന്റെ 90 ശതമാനം വരെയാണ് വായ്പ. പുതിയ പദ്ധതികള്‍ക്ക് ഒരു കോടിക്ക് മുകളിലും വായ്പ ലഭിക്കും. 10 വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി. പലിശ ഇളവ് 5 വര്‍ഷത്തേക്കായിരിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഈ പദ്ധതിയില്‍ പ്രയോജനം ലഭിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 1 കോടി രൂപവരെയുള്ള വായ്പ 5.6% നിരക്കില്‍ ഈ പദ്ധതിമുഖേന ലഭ്യമാക്കുന്നതാണ്.
إرسال تعليق