ആലുവ: ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണിന്റെ സഹപാഠികളായ വിദ്യാര്‍ത്ഥികളെ പോലീസ് വിട്ടയച്ചു. എസ്.പിക്ക് പരാതി നല്‍കാന്‍ എത്തിയപ്പോൾ കസ്റ്റഡിയിലെടുത്ത പെൺകുട്ടികൾ ഉൾപ്പടെയുള്ള 17 വിദ്യാർത്ഥികളെയാണ് വിട്ടയച്ചത്. മോഫിയയുടെ ആത്മഹത്യയില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
പോലീസിനെതിരെ മുദ്രാവാക്യം മുഴക്കി എത്തിയ വിദ്യാർത്ഥികൾ പോലീസ് തടഞ്ഞതിന് പിന്നാലെ എസ്.പി ഓഫീസില്‍ നേരിട്ടെത്തി വിഷയത്തില്‍ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. തുടർന്ന് വിദ്യാർത്ഥികൾ എസ്.പി ഓഫീസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചെന്ന് ആരോപിച്ചാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരെ എടത്തല സ്റ്റേഷനിലേക്ക് മാറ്റി.
അതേസമയം, പോലീസ് കസ്റ്റഡിയിൽ വിദ്യാർത്ഥികൾ പ്രതിഷേധം തുടരുകയും വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്ത പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തതോടെ ഇവരെ വിട്ടയയ്ക്കുകയായിരുന്നു. എന്നാൽ യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് തങ്ങളെ കസ്റ്റഡിയിലെടുത്തതെന്നും ക്രിമിനലുകളോടെന്നപോലെയാണ് പോലീസ് പെരുമാറിയതെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. പോലീസിനെതിരെ സമരം ചെയ്യാന്‍ നിങ്ങളാരാണെന്ന് ചോദിച്ച പോലീസ് ഭാവി കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥികൾ പറയുന്നു.
Post a Comment