നമ്മുടെ പ്രിയപ്പെട്ടവരോടുള്ള സ്നേഹം പ്രകടമാക്കാനുള്ള മികച്ച മാർഗ്ഗം എന്താണെന്നറിയാമോ? അവരെ നമ്മളിലേക്ക് അടുപ്പിച്ച് ആലിംഗനം ചെയ്യുന്ന പ്രവൃത്തി! ഒരാൾ തനിക്ക് പ്രിയപ്പെട്ട വ്യക്തിയെ ആലിംഗനം ചെയ്യുമ്പോൾ അവർക്കിടയിൽ ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നു. ഉള്ളിലുള്ള സ്നേഹത്തെ പ്രകടിപ്പിക്കാനുള്ള ഏറ്റവും ശക്തമായ മാർഗ്ഗമാണ് ആത്മാർത്ഥമായി നൽകുന്ന ആലിംഗനം. മാനസികമായി മാത്രമല്ല ശാരീരികമായി പോലും പല രീതിയിലും ഗുണം ചെയ്യുന്ന ഒരു പ്രക്രിയ ആണിത്.
ആലിംഗനം നൽകുന്ന വ്യക്തി തന്റെ സ്നേഹവും വാത്സല്യവുമൊക്കെ പ്രകടിപ്പിക്കുമ്പോൾ, അത് സ്വീകരിക്കുന്നയാൾക്ക് നിമിഷങ്ങൾക്കുള്ളിൽ തന്നെ മെച്ചപ്പെട്ട മാനസിക ആരോഗ്യവും സന്തോഷവും ധൈര്യവുമെല്ലാം ലഭിക്കുന്നു. ഇതെങ്ങനെ സംഭവിക്കുന്നു? ആലിംഗനം ശരീരത്തിന് നൽകുന്ന മാന്ത്രിക ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.
മാനസിക സമ്മർദ്ദം അകറ്റുന്നു
സമ്മർദ്ദത്തിന് കാരണമാകുന്ന ഹോർമോൺ ആണ് കോർട്ടിസോൾ. സമ്മർദ്ദം കൂടുമ്പോൾ ഈ ഹോർമോൺ നില ഉയരുന്നു. ഇത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. എന്നാൽ സമ്മർദ്ദം അനുഭവിക്കുന്ന വ്യക്തിക്ക് ഈ സമയം ഒരു ആലിംഗനം നൽകി നോക്കൂ.. അവർക്ക് സമ്മർദ്ദത്തിൽ നിന്ന് ഒരു പരിധി വരെ ആശ്വാസം ലഭിക്കുന്നതായി മനസ്സിലാകും.
ശക്തമായ ബന്ധങ്ങൾ വളർത്തിയെടുക്കാൻ
ബന്ധങ്ങൾ ദൃഢപ്പെടുത്താനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ് ആലിംഗനം. പ്രിയപ്പെട്ടവരെ ചേർത്തുപിടിക്കുമ്പോൾ "നിനക്ക് ഞാനുണ്ട്" എന്ന ചിന്ത പരസ്പരം വളർത്തിയെടുക്കുന്നു. പോസിറ്റിവ് എനർജി കൈമാറാൻ ഇതില്പരം വേറെന്ത് നൽകണം?
നല്ല ആരോഗ്യത്തിന്
പല രോഗങ്ങൾക്കുമുള്ള നല്ലൊരു മരുന്നാണ് ആലിഗനം. ശാരീരികമായ സ്പർശനം മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നത് വഴി പല രോഗങ്ങളെയും പ്രതിരോധിക്കാൻ സഹായിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും നല്ലൊരു ആലിംഗനത്തിന് കഴിയുമെന്ന് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുമുണ്ട്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇതൊരു മികച്ച മാർഗ്ഗമാണ്.
ഭയവും പരിഭ്രാന്തിയും കുറയ്ക്കാൻ
നിത്യ ജീവിതത്തിൽ പലപ്പോഴും ദുസ്സഹമായ പല സാഹചര്യങ്ങളും നേരിടേണ്ടി വന്നേക്കാം. ഇങ്ങനെയുള്ള അവസരങ്ങളിൽ അനാവശ്യമായ ഭയവും അസ്വസ്ഥതയും വിഷമങ്ങളുമെല്ലാം നമ്മെ വേട്ടയാടും. ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് നൽകാവുന്ന മികച്ച ഔഷധമാണ് നല്ലൊരു ആലിഗനം. ജോലിക്കുള്ള ഇൻറർവ്യൂവിനു പോകാൻ തയ്യാറെടുക്കുമ്പോഴോ അല്ലെങ്കിൽ നിങ്ങളുടെ കുട്ടിയുടെ സ്കൂളിലെ ആദ്യ ദിവസമാണെങ്കിലോ എല്ലാം ഇത്തരം അവസരങ്ങളിൽ അവർക്ക് ഒരു ആലിംഗനം നൽകി നോക്കൂ, അതുവരെ ഇല്ലാതിരുന്ന ഒരു ധൈര്യം അവരിലേക്ക് താനേ വന്നു ചേരും.
ആലിഗനം എന്ന വേദനസംഹാരി
അമിതമായ മാനസിക പിരിമുറുക്കം പല തരത്തിലുള്ള ശാരീരിക വേദനകൾക്ക് കാരണമാകുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഇത്തരം സന്ദർഭങ്ങളിൽ അവരെ ഒന്ന് ചേർത്ത് പിടിച്ച് ആലിംഗനം ചെയ്യുന്നത് പേശികൾക്ക് അയവ് വരുത്താനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും. ഇത് പല വേദനകളിൽ നിന്ന് ആശ്വാസം ലഭിക്കാനും സഹായിക്കും.
വിഷാദത്തെ മറികടക്കാൻ
നിസ്സഹായത, നെഗറ്റീവ് ആയ ചിന്തികൾ എന്നിവയൊക്കെ പല ആളുകളെയും വിഷാദ രോഗത്തിലേയ്ക്ക് തള്ളിവിടാൻ കാരണമാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ആശ്വാസ വാക്കുകളേക്കാൾ ഫലവത്തായി പ്രവർത്തിക്കുന്നത് മുറുകെയുള്ള ഒരു ആലിംഗനമാണ്. ഈ സമയം ശരീരത്തിലെ ഓക്സിടോസിൻ ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കുകയും അവരിൽ സന്തോഷം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ചെറുതോ വലുതോ ആയ ഓരോ ആലിംഗനങ്ങൾക്കും ബന്ധങ്ങളെ ഉലയാതെ പിടിച്ചുനിർത്താനും പ്രിയപ്പെട്ടവരുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനുമുള്ള ശക്തിയുണ്ട്. ആലിംഗനം നൽകാൻ വിദഗ്ധൻ ആകണമെന്നൊന്നുമില്ല. പ്രിയപ്പെട്ടവരെ നെഞ്ചോട് ചേർത്ത് നിർത്താൻ എന്ത് വൈദഗ്ധ്യം ആണ് വേണ്ടതല്ലേ! നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഏറ്റവും മികച്ചതും ഹൃദയംഗമമായതുമായ അനുഭവങ്ങൾ പകർന്നു നൽകാൻ ഇത് മാത്രം മതി.
إرسال تعليق