ന്യൂഡൽഹി : താടി ഒരു അലങ്കാരല്ല, അഹങ്കാരമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു മലയാളി. ഡൽഹിക്കടുത്ത് ഗുഡ്ഗാവിൽ സൈബർ സിറ്റി ഹബ്ബിൽ ശനിയാഴ്ച നടന്ന നാഷണൽ ബിയേഡ് ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയത് മലയാളിതാരം പ്രവീൺ പരമേശ്വർ. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ താടിക്കാരനെ തെരഞ്ഞെടുക്കാൻ ഭാരത് ബിയേഡ് ക്ലബ്ബാണ് പരിപാടി സംഘടിപ്പിച്ചത്. പത്തനംതിട്ട കൊടുമൺ സ്വദേശി പ്രവീണാണ് കേരളത്തിന് അഭിമാനമായി ഇന്ത്യലെ താടിക്കാരിൽ ഒന്നാമനായത്. ഇത് രണ്ടാം തവണയാണ് പ്രവീൺ നാഷണൽ ചാമ്പ്യനാവുന്നത്.
2019 ൽ നടന്ന മത്സരത്തിലും പ്രവീൺ തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. കോവിഡ് നിയന്ത്രണങ്ങൾമൂലം 2020 ൽ മത്സരം സംഘടിപ്പിക്കാൻ സാധിച്ചില്ല. എന്നാൽ 2020 ൽ ഓൺലൈൻ വഴി നടന്ന വേൾഡ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം പ്രവീണിനായിരുന്നു.
താടിക്കാരിൽ രാജസ്ഥാന്റെയും പഞ്ചാബിന്റെയും ആധിപത്യം തകർത്ത് കേരളത്തിന്റെ യശ്ശസുയർത്തിയ പ്രവീൺ ഇത്തവണ 42 ഇഞ്ച് താടിയുമായാണ് രംഗപ്രവേശനം ചെയ്തത്. 2019 ൽ 38 ഇഞ്ചായിരുന്നു താടിയുടെ നീളം. ഒമ്പത് വർഷത്തോളമായി പ്രവീൺ തന്റെ താടിയെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങിയിട്ട്. ഇത്തവണ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 68 മത്സരാർഥികൾ പങ്കെടുത്തു. മറ്റു മത്സരാർതഥികൾ മോഡേൺ ഡ്രെസ്സിൽ റാംപിൽ കയറിയപ്പോൾ പ്രവീൺ കേരളത്തനിമ നിലനിർത്തി ജുബ്ബയും മുണ്ടും ധരിച്ചാണ് റാംപിലെത്തിയത്.
ഇത്തവണ പ്രവീൺ പങ്കെടുക്കുന്നുണ്ടെന്നു അറിഞ്ഞ പല മത്സരാർത്ഥികളും നീളം കൂടിയ താടിക്കാരെ തെരഞ്ഞെടുക്കുന്ന റൗണ്ടിൽ നിന്നും പിന്മാറിയെന്നു പ്രവീൺ പറഞ്ഞു. താടി പല രീതിയിൽ സെറ്റ് ചെയ്തു വിവിധ രൂപത്തിൽ അവതരിപ്പിക്കുന്ന മറ്റു റൗണ്ടുകളിൽ ഇവർ മത്സരിച്ചു. അടുത്ത തവണ പ്രവീണിനോട് വരല്ലേ എന്ന് തമാശ രൂപേണ പലരും അഭ്യർതഥിച്ചുവെന്നും പ്രവീൺ മെട്രോ വാർത്തയോട് പറഞ്ഞു.
താടിയോടൊപ്പം മുടിയും വളർത്തുന്ന പ്രവീൺ താടിയിൽ പല അഭ്യാസങ്ങളും കാണിക്കാറുണ്ട്. തന്റെ താടി മടക്കി വച്ച് സെറ്റ് ചെയ്താൽ സാധാരണ തടിയാണെന്നേ തോന്നൂ. അഴിച്ചിട്ടാൽ മാത്രമേ മുടിയുടെയും താടിയുടെയും നീളം അറിയാൻ കഴിയു. ഇതിനിടയിൽ നിരവധി സിനിമയിൽ അഭിനയിക്കുകയും അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചു. സിനിമ തന്നെ സ്വപ്നം കാണുന്ന പ്രവീണിന് സിനിമയിൽ തന്നെ തുടരാനാണ് താല്പര്യം.
Post a Comment