പേരാവൂർ സഹകരണ ഹൗസിങ് ബിൽഡിങ് സൊസൈറ്റിയിൽ നടന്ന ചിട്ടി തട്ടിപ്പിനിരയായവർക്ക് നിക്ഷേപം തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ ഓഫീസ് പടിക്കൽ നിക്ഷേപകർ ധർണ നടത്തി. കർമസമിതി നടത്തിയ സമരം കൺവീനർ സിബി മേച്ചേരി ഉദ്ഘാടനം ചെയ്തു. അഴിമതി നടന്നുവെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് സിബി മേച്ചേരി പറഞ്ഞു. ടി. ബി വിനോദ് അധ്യക്ഷത വഹിച്ചു.
നിക്ഷേപകർക്ക് എല്ലാ സഹായങ്ങളും നൽകുമെന്ന് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിച്ച ഡി. സി. സി പ്രസിഡന്റ് മാർട്ടിൻ ജോർജ് സമരവേദിയിൽ പ്രഖ്യാപിച്ചു. ബി. ജെ. പി ജില്ലാ പ്രസിഡന്റ് എം ഹരിദാസ്, കർമസമിതി നേതാക്കൾ എന്നിവർ സംസാരിച്ചു.
കോടിക്കണക്കിന് രൂപയാണ് അനധികൃത ചിട്ടിനടത്തിപ്പിലൂടെ സൊസൈറ്റി അധികൃതർ സാധാരണക്കാരായ നിക്ഷേപകരിൽനിന്ന് തട്ടിയെടുത്തത്. സി. പി. എം ഭരിക്കുന്ന സൊസൈറ്റിയിൽ കോടികളുടെ വെട്ടിപ്പ് നടന്നത് സഹകരണവകുപ്പ് നടത്തിയ അന്വേഷണത്തിൽ വെളിപ്പെട്ടിട്ടും ആരോപണവിധേയരായ സെക്രട്ടറി പി. വി ഹരിദാസ്, ഭരണസമിതിയംഗങ്ങൾ എന്നിവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ പാർട്ടി തയ്യാറായിട്ടില്ല.
ചിട്ടിതട്ടിപ്പ് നടത്തിയവരിൽനിന്ന് പണമീടാക്കി നിക്ഷേപകർക്ക് തിരിച്ചുനല്കാൻ സി. പി. എം നേതൃത്വം തയ്യാറാവുന്നില്ലെന്നും വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തിപ്പെടുത്തുമെന്നും കർമസമിതി ഭാരവാഹികൾ അറിയിച്ചു.
Post a Comment