തിരുവനന്തപുരം:
‘സംസാരിക്കുമ്പോഴൊക്കെയും കുട്ടിയെ മാറത്ത് അടക്കിപ്പിടിച്ചിരിക്കുകയായിരുന്നു അവർ. ഒന്നുമറിയാതെ അവനും ഉറങ്ങി. കുഞ്ഞിനെ കൊണ്ടുപോകുന്നതറിഞ്ഞ അമ്മ ഇടയ്ക്കിടെ കരയുന്നുണ്ടായിരുന്നു. അപ്പോൾ ആ ശബ്ദം കേട്ട് അവൻ ഉണരും. അപ്പോഴെല്ലാം അവർ ഉമ്മ നൽകി കൊഞ്ചിക്കും. ഓരോ മിനിറ്റും ഓരോ ദിവസങ്ങൾ പോലെയായിരുന്നു.. കണ്ടുനിൽക്കാൻ പറ്റില്ലായിരുന്നു ആ സങ്കടം. കുഞ്ഞിനെ കൊണ്ടുപോകാതിരിക്കാൻ പറ്റുമോയെന്ന് എത്രതവണ ചോദിച്ചെന്നറിയില്ല.’
ദത്തു വിവാദത്തിലകപ്പെട്ട കുഞ്ഞിനെ തിരികെയെത്തിക്കാനായി ആന്ധ്രയിൽ എത്തിയ ഉദ്യോഗസ്ഥൻ ഒരു ചാനലിനോട് വെളിപ്പെടുത്തിയതാണ് ഇത്. കണ്ണീരോടെ അല്ലാതെ അത് വായിച്ചു തീർക്കാനാവില്ല. ‘ഹൈദരാബാദിൽ നിന്ന് വിജയവാഡയിലേക്കുള്ള യാത്രയിൽ മനസ്സിൽ ആശങ്കയായിരുന്നു. എന്തു പറഞ്ഞാണ് കുട്ടിയെ ദത്തെടുത്തവരെ സമീപിക്കുക!വൈകുന്നേരം അവിടുത്തെ ശിശുക്ഷേമസമിതിയുടെ ഓഫീസിലെത്തി. അവർക്ക് നേരത്തേ വിവരം നൽകിയിരുന്നു. അകത്ത് കയറിയപ്പോഴേ ഞങ്ങൾ കണ്ടു, കേരളം മുഴുവൻ അന്വേഷിക്കുന്ന കുട്ടിയുമായി വളർത്തച്ഛനും അമ്മയും. ഞങ്ങളെ കണ്ടപ്പോഴേ അമ്മ വാവിട്ട് കരഞ്ഞു.’
‘എങ്കിലും നന്നായി സംസാരിക്കുകയും പെരുമാറുകയും ചെയ്തു.കുട്ടിയെ അഞ്ച് ദിവസത്തിനുള്ളിൽ ഹാജരാക്കണമെന്ന ശിശുക്ഷേമ സമിതിയുടെ ഉത്തരവ് കാണിച്ചു. വിവാദങ്ങൾ അവർ അറിഞ്ഞിരുന്നു. കുട്ടിക്കുവേണ്ടി നഗരത്തിലേക്ക് വീടുമാറിയെന്നും അവന് വേണ്ടിയാണ് ഇനിയുള്ള ജീവിതമെന്നും അധ്യാപക ദമ്പതിമാർ പറഞ്ഞു. ‘വർഷങ്ങൾ കാത്തിരുന്ന് കിട്ടിയതാണ് ഈ പൊന്നുമോനെ. ഇവൻ വന്നതിനുശേഷം ഞങ്ങളുടെ ജീവിതം എത്രമാറിയെന്നറിയുമോ…’ കുട്ടിയെ വിട്ടുതരണമെന്നും അവർ കരഞ്ഞപേക്ഷിച്ചു.
ഒടുവിൽ, ഡി.എൻ.എ. പരിശോധനയ്ക്കുമാത്രമായാണ് കുഞ്ഞിനെ കൊണ്ടുപോകുന്നതെന്നവരെ ബോധ്യപ്പെടുത്തി. ഇടയ്ക്ക്, സോഷ്യൽ വർക്കറായ വിനീതയും കുഞ്ഞിനെ ലാളിക്കാൻ ശ്രമിച്ചു. അതിനും അവർ അനുവദിച്ചു. ഒടുവിൽ എങ്ങനെയോ കുട്ടിയെ കൈമാറാൻ ദമ്പതിമാർ സമ്മതിച്ചു. എങ്ങനെയായാലും കുട്ടിയെ കൈമാറേണ്ടി വരുമെന്ന് അവർക്കറിയാമായിരുന്നെന്ന് ഞങ്ങൾക്ക് മനസ്സിലായി. കുട്ടിക്ക് രാത്രി കൊടുക്കാനുള്ള പാലും വസ്ത്രവും കളിപ്പാട്ടങ്ങളും കുട്ടിയുടെ രോഗവിവരങ്ങളടങ്ങിയ റെക്കോഡും ബാഗിൽ നിന്നെടുത്ത് നൽകി.
പിന്നെ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ഭർത്താവിന്റെ കൈപിടിച്ച് ചേർത്തുനിർത്തി അവസാനമായി നെറുകയിൽ അവനൊരുമ്മ നൽകി, ആ അമ്മ തിരികെ നടന്നു. ഞായറാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങുമ്പോൾ ഞങ്ങൾക്ക് എന്തു പറയണമെന്നറിയില്ലായിരുന്നു. ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റി. ആരാണ് തെറ്റു ചെയ്തതെന്ന് ഞങ്ങൾക്കറിയില്ല.. ഉദ്യോഗസ്ഥൻ പറഞ്ഞു നിർത്തി.
Post a Comment