സ്ത്രീകള്‍ പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് അമിതവണ്ണം. പ്രസവത്തിന് ശേഷം സ്ത്രീകളില്‍ അമിതവണ്ണം സാധാരണയായി കണ്ടുവരുന്നു. പഴയരീതിയിലുള്ള പ്രസവരക്ഷ, വ്യായാമം ഇല്ലായ്മ, മാനസികപിരിമുറുക്കം മുതലായവയാണ് ഇതിന്റെ കാരണങ്ങള്‍. മുന്‍കാലങ്ങളില്‍ സ്ത്രീകള്‍ക്ക് വീട്ടുജോലിയില്‍ നിന്ന് അല്പം ആശ്വാസം കിട്ടിയിരുന്നത് പ്രസവശേഷം മാത്രമായിരുന്നതിനാല്‍ പ്രസവരക്ഷക്ക് പ്രാധാന്യം നല്കിയിരുന്നു.
എന്നാല്‍ ഇന്ന് ആധുനികവല്‍ക്കരണവും നഗരവല്‍ക്കരണവും അതിന്റെ മൂര്‍ധന്യത്തില്‍ എത്തി നില്‍ക്കുമ്‌ബോള്‍ പ്രസവരക്ഷക്ക് കൊടുക്കുന്ന അമിത പ്രാധാന്യം വിപരീതഫലമാണ് ഉണ്ടാക്കുക. ജോലിയുള്ള സ്ത്രീകളേക്കാള്‍ വീട്ടമ്മമാരായ സ്ത്രീകളില്‍ അമിതവണ്ണം വരാനുള്ള സാധ്യത കൂടുതലാണ്.
വീട്ടുജോലിയില്‍ പഴയതുപോലെ കഠിനാധ്വാനം ആവശ്യമില്ലാതായി മാറിയതും വീട്ടിലെ ജോലിക്ക് ശേഷം വ്യായാമത്തിനുള്ള സമയം കണ്ടെത്താന്‍ കഴിയാതെ വരുന്നതും ഇതിന് കാരണമാകാറുണ്ട്. അമിതമായ ടി.വി കാഴ്ച, തെറ്റായ ജീവിതശൈലി അടുത്ത തലമുറയിലേക്ക്് കൂടി പടരുന്നതിന് കാരണമാകുന്നു. മിച്ചം വരുന്ന ആഹാരം കഴിച്ചുതീര്‍ക്കുക, ഇടയ്ക്കിടെ കഴിക്കുക മുതലായ തെറ്റായ പ്രവണതകളും പൊണ്ണത്തടി വര്‍ധിപ്പിക്കാന്‍ കാരണമാകുന്നു.
അമിത വണ്ണം നിയന്ത്രിക്കാന്‍ സ്വന്തം ശരീരത്തെപ്പറ്റി അവബോധം ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത്. ശരീരഭാരത്തിന്റെ അളവുകോലായ ബി.എം.ഐ (ബോഡി മാസ് ഇന്‍ഡക്സ്) 23 ല്‍ താഴെ നിലനിര്‍ത്താന്‍ ശ്രമിക്കണം. അരവണ്ണം 80 സെന്റീമീറ്ററില്‍ താഴെ ക്രമീകരിക്കുക. വറുത്തതും പൊരിച്ചതുമായ പലഹാരങ്ങള്‍ ജങ്ക്ഫുഡ്, ഫാസ്റ്റ് ഫുഡ്, കോള മുതലായവ ഒഴിവാക്കുക. ചിട്ടയായ വ്യായാമക്രമം (എല്ലാ ദിവസവും 15 - 20 മിനിറ്റ്).
മാനസിക പിരിമുറുക്കം ഒഴിവാക്കിയുള്ള ജീവിതശൈലി ശീലിക്കുക. പ്രാര്‍ഥന, യോഗ, മെഡിറ്റേഷന്‍, കുടുംബം - കൂട്ടുകാര്‍ ഒന്നിച്ചുള്ള ചെറിയ യാത്രകള്‍, പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരല്‍ തുടങ്ങിയവ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിക്കും.
Post a Comment