സി.പി.ഐ.എമ്മിന്റെ സംസ്ഥാനത്തെ ആദ്യത്തെ വനിത ഏരിയാ സെക്രട്ടറിയായി വയനാട്ടില്‍ എന്‍.പി കുഞ്ഞുമോള്‍ തിരഞ്ഞെടുക്കപ്പെട്ടു. വയനാട് മീനങ്ങാടി ഏരിയ സെക്രട്ടറിയായാണ് 54-കാരിയായ കുഞ്ഞുമോളെ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തത്. മഹിള അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ് എന്‍. പി കുഞ്ഞുമോള്‍. ബത്തേരി ഏരിയ സമ്മേളനത്തില്‍ ബത്തേരി ഏരിയാ കമ്മിറ്റിയെ വിഭജിച്ച് രൂപീകരിച്ചതാണ് മീനങ്ങാടി ഏരിയ കമ്മിറ്റി.
2001 ല്‍ ആണ് കുഞ്ഞിമോള്‍ പാര്‍ട്ടി അംഗമായത്. അമ്പലവയല്‍ അത്തിച്ചാല്‍ സ്വദേശിയാണ്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ ജില്ലാ സെക്രട്ടറി, സിപിഐഎം അമ്പലവയല്‍ ലോക്കല്‍ അംഗം, ബത്തേരി ഏരിയ കമ്മറ്റി അംഗം, വയനാട് ജില്ലാ പഞ്ചായത്തംഗം, എന്നീ പദവികള്‍ കുഞ്ഞുമോള്‍ വഹിച്ചിട്ടുണ്ട്. അമ്പലവയല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആദ്യത്തെ വനിത പ്രസിഡന്റ് കൂടിയായിരുന്നു ഇവര്‍.
നാല് കൊല്ലം മുമ്പ് 2016-17 കാലയളവില്‍ ആലപ്പുഴ ചാരുംമൂട് ഏരിയാ ആക്ടിങ് സെക്രട്ടറിയായി ജി. രാജമ്മ ചുമതല വഹിച്ചിട്ടുണ്ട്. എന്നാല്‍ സമ്മേളനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടത് ആയിരുന്നില്ല. സമ്മേളനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിത ഏരിയാ സെക്രട്ടറിയാണ് കുഞ്ഞുമോള്‍. മറ്റത്തില്‍ പൈലിക്കുഞ്ഞാണ് ഭര്‍ത്താവ്. എസ്.എഫ്.ഐ. മുന്‍ ജില്ലാ പ്രസിഡന്റ് സജോണും സൈവജയുമാണ് മക്കള്‍.
ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തോമാട്ടുചാല്‍ ഡിവിഷനിലേക്ക് ഇക്കുറി കുഞ്ഞുമോള്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. വയനാട് രക്ഷാമാര്‍ച്ചില്‍ പങ്കെടുത്ത് ജയില്‍വാസവും അനുഭവിച്ചട്ടുണ്ട്.
Post a Comment