ഫോണിന്റെ ആറു വശത്തും ഡിസ്‌പ്ലേ വന്നാല്‍ എങ്ങനെയിരിക്കും? അത്തരം ഒരു ഐഫോണ്‍ ഇറങ്ങിയാല്‍ അദ്ഭുതപ്പെടേണ്ട എന്നാണ് 'പേറ്റന്റ്‌ലി ആപ്പിള്‍' റിപ്പോര്‍ട്ടു ചെയ്യുന്നത്.
വിപ്ലവകരമായ പുതിയ രൂപകല്‍പനയ്ക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സ് പേറ്റന്റ് ആന്‍ഡ് ട്രെയ്ഡ്മാര്‍ക്ക് ഓഫിസ് അംഗീകാരം നല്‍കി. ഇത് അടുത്ത വര്‍ഷങ്ങളില്‍ ഇറങ്ങാന്‍ പോകുന്ന ഒരു ഐഫോണ്‍ ആകാം. അല്ലെങ്കില്‍ പുതിയ ഏതെങ്കിലും ഉപകരണവും ആകാം. ആറു വശത്തും ഗ്ലാസ് ബോഡിയുള്ള ഇലക്ട്രോണിക് ഉപകരണം എന്നാണ് വിവരണം. ഈ ഉപകരണത്തിന്റെ മൊത്തം ബോഡിയും സുതാര്യമായ ഗ്ലാസിനാല്‍ ചുറ്റപ്പെട്ടിരിക്കും. ആറു മേഖലകളും ഡിസ്‌പ്ലേയായി മാറ്റുകയും ചെയ്യാം. ആപ്പിള്‍ ഇത്തരം ഒരു ഉപകരണത്തിന് പേറ്റന്റ് അപേക്ഷ സമര്‍പ്പിച്ചത് 2019 ഓഗസ്റ്റ് 15ന് ആണ്. എന്നാല്‍, അത്തരം ഒരു ഐഫോണ്‍ വരിക എന്നത് പ്രായോഗികമായി സാധ്യമാണോ എന്ന് വിശകലന വിദഗ്ധര്‍ ചോദിക്കുന്നുണ്ട്.
പക്ഷേ, ആപ്പിള്‍ ഇതാദ്യമായല്ല കൂടുതല്‍ ഗ്ലാസ് ഉള്‍പ്പെടുത്തിയുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കാര്യം പരിഗണിച്ചു വരുന്നത് എന്നും കാണാം. കുറഞ്ഞത് എട്ടു വര്‍ഷമായി കമ്പനി അത്തരം സങ്കല്‍പ്പത്തെ താലോലിച്ചു വരികയാണെന്നും പേറ്റന്‍്‌ലി ആപ്പിള്‍ പറയുന്നു. ഈ സമ്പൂര്‍ണ ഗ്ലാസ് ഉപകരണത്തിന്റെ മുകളിലോ താഴെയോ ഒരു ക്യാപ്പ് പിടിപ്പിക്കും. അതു സ്ലൈഡ് ചെയ്തായിരിക്കും ഉപകരണം നന്നാക്കാനും മറ്റും തുറക്കുക. ഇത് ഒരു ഐഫോണ്‍ ആകാനുള്ള സാധ്യത ഉണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നവരും ഉണ്ട്. അതേസമയം, അങ്ങനെയൊരു ഐഫോണ്‍ വന്നേക്കില്ലെന്നു വാദിക്കുന്നവരും ഉണ്ട്. കാരണങ്ങള്‍ പരിശോധിക്കാം:
എല്ലാവശത്തും ഗ്ലാസിട്ട ഒരു ഐഫോണ്‍ എന്നത് പ്രായോഗികമായ ഒരു സങ്കല്‍പമായിരിക്കില്ല എന്നാണ് വാദം. ഗ്ലാസു മാത്രം ആകുമ്പോള്‍ അതില്‍ പോറല്‍ വീഴാം. അല്ലെങ്കില്‍ അഴുക്കും ചെളിയും എളുപ്പത്തില്‍ പിടിക്കാം. ഗ്ലാസ് നിര്‍മാണ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട കമ്പനികളിലൊന്നായ കോര്‍ണിങ് അവകാശപ്പെടുന്നത് തങ്ങളുടെ ഗൊറിലാ ഗ്ലാസ് വിക്ടസ് കൈയ്യില്‍ നിന്ന് വഴുതി പോകില്ലെന്നാണ്. പക്ഷേ, അതല്ല യാധാര്‍തഥ്യമെന്നും വാദമുണ്ട്.
താഴെ വീണാല്‍ അതു തകരില്ലെന്നു കരുതിയാല്‍ പോലും അതില്‍ പോറല്‍ വീഴാം. സാധാരണ ഐഫോണുകളേക്കാള്‍ വില കൂടിയതായിരിക്കും പുതിയ ഡിസൈനുമായി ഇറങ്ങുന്ന ഫോണ്‍. അമിത വില നല്‍കി സ്വന്തമാക്കുന്ന ഫോണ്‍ താഴെ വീണ് പോറല്‍ വീണാല്‍ ഉപയോക്താക്കളുടെ നെഞ്ചു തകരും. പിന്നെ അതൊന്നു നന്നാക്കി എടുക്കണമെങ്കില്‍ നല്‍കേണ്ടി വരുന്ന പണവും അത്ര അധികമായിരിക്കും. കൂടാതെ, ഗ്ലാസ് ഉപയോഗിച്ചാല്‍ ഭാരവും കൂടും. ഉപയോക്താക്കള്‍ക്ക് ഭാരം കൂടിയ ഒരു 'ഗ്ലാസ് ഇഷ്ടികക്കല്ലുമായി' നടക്കാന്‍ താതപര്യമുണ്ടാവില്ലെന്നു വാദിക്കുന്നവരുമുണ്ട്.
അതേസമയം, ഇത്തരം ആധികളെല്ലാം നിലവിലുള്ള നിര്‍മാണ വസ്തുക്കളെക്കുറിച്ചും അവ യോജിപ്പിക്കുന്ന പരമ്പരാഗത രീതികളെക്കുറിച്ചും ആലോചിക്കുന്നവരുടെ പ്രശ്‌നമാകാം. ആപ്പിളിന്റെ തൊപ്പിയില്‍ നിന്ന് മുയലിനെ പുറത്തെടുത്ത് ഒരു മാജിക് കാണിക്കാന്‍ ഒരുങ്ങുകയായിരിക്കാം എന്ന് ആപ്പിള്‍ ആരാധകരും വിശ്വസിക്കുന്നു. പേറ്റന്റ് ലഭിച്ചു എന്നു പറഞ്ഞ് ഉപകരണം ഇറങ്ങണം എന്നില്ല. ആപ്പിള്‍ എന്തിനുള്ള ഒരുക്കമാണ് എന്ന് കാത്തിരുന്നു കാണാം.
∙ ഐഫോണ്‍ 14ല്‍ യുഎസ്ബി-സി പോര്‍ട്ട് എത്തിയേക്കാം
ആപ്പിള്‍ അടുത്ത വര്‍ഷം ഇറക്കുമെന്നു കരുതുന്ന പ്രീമിയം ഫോണ്‍ സീരീസായ ഐഫോണ്‍ 14ല്‍ യുഎസ്ബി-സി ഉള്‍പ്പെടുത്തിയേക്കുമെന്ന് ലീക്ക്‌സ് ആപ്പിള്‍ പ്രോ എന്ന വെബ്‌സൈറ്റ് അവകാശപ്പെട്ടിരുന്നു. അതു തന്നെയാണ് ഇപ്പോള്‍ ഐഡ്രോപ് ന്യൂസും പറയുന്നത്. അതേസമയം, ഐഫോണ്‍ 14 പ്രോ, പ്രോ മാക്‌സ് വേരിയന്റുകള്‍ക്കു മാത്രമായിരിക്കും യുഎസ്ബി-സി നല്‍കുക എന്ന വാദവും ഉണ്ട്. യുഎസ്ബി-സി ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞ് അമേരിക്കയിലും യൂറോപ്പിലും അധികാരികള്‍ ആപ്പിളിനെ സമ്മര്‍ദത്തിലാക്കുന്നുമുണ്ട്. എല്ലാ ഫോണുകള്‍ക്കും ഒരു ചാര്‍ജിങ് കേബിള്‍ മതിയെന്നാണ് അധികാരികള്‍ പറയുന്നത്. ലൈറ്റ്‌നിങ് പോര്‍ട്ടുകളാണ് ആപ്പിള്‍ ഇപ്പോള്‍ ഐഫോണുകളില്‍ ഉപയോഗിക്കുന്നത്. അതേസമയം, മാക്ബുക്കുകളിലും മറ്റും യുഎസ്ബി-സി ഉപയോഗിക്കുന്ന ആപ്പിള്‍ ലൈറ്റ്‌നിങ് പോര്‍ട്ടുകള്‍ ഇപ്പോഴും ഐഫോണുകള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത് അനാവശ്യമാണെന്നു വാദിക്കുന്നവരും ഉണ്ട്.
Post a Comment