Join Our Whats App Group

പാലിയേക്കര ടോള്‍ പിരിവ് ആയിരം കോടിയിലേക്ക്; നിര്‍മ്മാണ ചിലവിനേക്കാള്‍ 236 കോടി അധികം പിരിച്ചെടുത്തു

 


തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ പിരിവ് ആയിരം കോടിയോട് അടുക്കുന്നു. നിര്‍മ്മാണത്തിന് ചിലവായതിനേക്കാള്‍ 236 കോടി അധികം ഇതിനോടകം പിരിച്ചെടുത്തെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. പിരിവ് തുടങ്ങി 9 വര്‍ഷം ആകുമ്പോള്‍ 958.68 കോടിയാണ് ലഭിച്ചത്. ഇനിയും 7 വര്‍ഷം പിരിവ് നടത്താന്‍ അനുമതിയുണ്ട്. 2028 ജൂലൈ വരെ ആകുമ്പോഴേക്കും പിരിച്ച തുക നിര്‍മ്മാണ ചിലവിനേക്കാള്‍ 10 ഇരട്ടിയാകും.



മണ്ണുത്തി – ഇടപ്പള്ളി നാലുവരിപ്പാതയുടെ നിര്‍മ്മാണത്തിന് ആകെ ചെലവായത് 721.17 കോടിയാണ്. 2012 ഫെബ്രുവരി 9 മുതല്‍ ടോള്‍ പിരിവ് തുടങ്ങിയിരുന്നു. ദിവസേന 45,000 ത്തോളം വാഹനങ്ങള്‍ കടന്നുപോകുന്നതിലൂടെ ഏകദേശം 30 ലക്ഷം രൂപ വരെ പിരിച്ചെടുക്കാന്‍ പറ്റും. ജൂണ്‍ 2020 മുതല്‍ ഒക്ടോബര്‍ 2021 വരെ മാത്രം 155.99 കോടി പിരിച്ചെടുത്തു. ദേശീയ പാത അതോറിറ്റിയും ടോള്‍ പ്ലാസ നടത്തിപ്പുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും തമ്മിലാണ് കരാര്‍.


മുടക്കിയ തുകയേക്കാള്‍ കൂടുതല്‍ ഇതിനോടകം തന്നെ കിട്ടിയ സാഹചര്യത്തില്‍ ഇനി ടോള്‍ പിരിവ് നിര്‍ത്തണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. കരാര്‍ കാലാവധിക്ക് മുമ്പ് തന്നെ ദേശീയപാത അതോറിറ്റി പാത ഏറ്റെടുക്കണം എന്ന് പൊതുപ്രവര്‍ത്തകരടക്കം ആവശ്യപ്പെട്ടിട്ടുണ്ട്. 2026 വരെ ടോള്‍ പിരിക്കാനായിരുന്നു മുമ്പ് അനുമതി നല്‍കിയിരുന്നത്. പിന്നീട് അത് 2028 വരെയാക്കി ദേശീയ പാത അതോറിറ്റി നീട്ടി. പാലിയേക്കരയിലെ ടോള്‍ നിരക്കും ഈ അടുത്ത് ഉയര്‍ത്തിയിരുന്നു. അഞ്ച് രൂപ മുതല്‍ 50 രൂപ വരെയായിരുന്നു നിരക്ക് കൂട്ടിയത്.


അതേസമയം ദേശീയപാതയിലെ അറ്റകുറ്റപ്പണികളെ സംബന്ധിച്ചുള്ള ആക്ഷപങ്ങള്‍ ശക്തമാണ്. കൃത്യമായി റോഡ് പണികള്‍ നടക്കുന്നില്ല. ചാലക്കുടി അടിപ്പാത നിര്‍മ്മാണവും പൂര്‍ത്തിയായിട്ടില്ല. ഇതിനിടയിലും ടോള്‍ പിരിവ് തുടരുന്നതില്‍ ആളുകള്‍ക്ക് എതിര്‍പ്പുണ്ട്. ടോള്‍ പിരിവിനുള്ള കാലാവധി നീട്ടി നല്‍കിയതിനും, ടോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചതിനുമെതിരായ കേസുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Post a Comment

Previous Post Next Post
Join Our Whats App Group