കിളിമാനൂര്‍:
പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 21കാരനായ യുവാവ് അറസ്റ്റില്‍. വിഴിഞ്ഞം കോട്ടുകാല്‍ മാങ്കോട്ടുകോണം എസ്.ഡി ഭവനില്‍ നന്ദു എന്ന അബി സുരേഷാണ് അറസ്റ്റിലായത്.നഗരൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമത്തിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പരിചയത്തിലായ ശേഷം പ്രണയം നടിച്ച് നിരന്തരമായി പലയിടത്തും നിര്‍ബന്ധിച്ച് കൂട്ടികൊണ്ടുപോയി അബി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പെട്ടെന്നുള്ള കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ശ്രദ്ധയില്‍പെട്ട വീട്ടുകാര്‍ സ്കൂളിലും പൊലീസിലും പരാതി നല്‍കുകയായിരുന്നു. സ്കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലും പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയും പെണ്‍കുട്ടിയെ തിരുവനന്തപുരത്തുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് മുമ്പിൽ സ്കൂള്‍ അധികൃതര്‍ എത്തിക്കുകയുമായിരുന്നു.
നഗരൂര്‍ പൊലീസ് എത്തി മൊഴിയെടുത്തപ്പോഴാണ് പീഡനം പുറത്ത് പറഞ്ഞത്. പ്രതി വിഴിഞ്ഞത്തും മറ്റും കൊണ്ടുപോയി പലതവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴിനല്‍കി. നഗരൂര്‍ സ്റ്റേഷനില്‍ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കരമനയിലെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രതി മറ്റൊരു പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും നിയമപരമായി ആ വിവാഹബന്ധം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് പറയുന്നു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Post a Comment