Join Our Whats App Group

‘കണ്ടെടുത്തത് ഏതാനും ഗ്രാം മയക്കുമരുന്ന് മാത്രം’: ആര്യന് കോടതി ജാമ്യം അനുവദിക്കാത്തതിന് കേന്ദ്രത്തിനെതിരെ ഷമ മുഹമ്മദ്

 


മുംബൈ : 

ആഡംബര കപ്പലിലെ ലഹരിമരുന്ന് പാര്‍ട്ടിക്കിടെ എന്‍.സി.ബിയുടെ പിടിയിലായ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതിനെതിരെ എ ഐ സി സി വാക്താവ് ഷമ മുഹമ്മദ്. ആര്യൻ ഖാൻ നേരിടുന്നത് വെറും ആരോപണം മാത്രമാണെന്നും ആര്യന്റെ ഒപ്പമുണ്ടായിരുന്നവരിൽ നിന്നും കണ്ടെടുത്തത് ഏതാനും ഗ്രാം മയക്കുമരുന്ന് മാത്രമാണെന്നും ഷമ മുഹമ്മദ് ആരോപിച്ചു.

‘ഏതാനും ഗ്രാം മയക്ക് മരുന്ന് ഒപ്പമുള്ളവരിൽ നിന്നും കണ്ടെടുത്തു എന്ന ആരോപണം നേരിടുന്നതിനാൽ ആര്യൻഖാന് ജാമ്യമില്ല, എന്നാൽ മുന്ദ്ര തുറമുഖത്ത്‌ നടന്ന 3, 000 കിലോ ഹെറോയിൻ കടത്തിൽ ഇതുവരെ ഒരു അറസ്റ്റ് പോലും നടന്നിട്ടില്ല. ഇതാണ് മോദി സർക്കാരിന്റെ കീഴിലുള്ള നീതി’, ഷമ മുഹമ്മദ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

രണ്ട് ദിവസം നീണ്ടു നിന്ന വാദത്തിനൊടുവില്‍ കേസന്വേഷിച്ച എന്‍.സി.ബിയുടെ വാദങ്ങള്‍ പൂര്‍ണമായും അംഗീകരിച്ചു കൊണ്ടാണ് എന്‍ ഡി പി എസ് കോടതി ഇന്നലെ ആര്യന്‍ ഖാന്റെയും കൂട്ടുപ്രതികളുടേയും ജാമ്യം നിഷേധിച്ചത്. ആര്യന്‍ ഖാന്‍ നേരിട്ട് ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെങ്കിലും താരപുത്രന് ലഹരിമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും ലഹരി മരുന്നുകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ആളാണെന്നും തെളിയിക്കുന്ന വാട്സാപ്പ് ചാറ്റുകള്‍ നിര്‍ണായക തെളിവുകളായി അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. ആര്യന്‍ ഖാന് അന്താരാഷ്ട്ര ലഹരി മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും ചില ഗൂഢാലോചനകള്‍ ഈ കേസുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നും എന്‍.സി.ബി കോടതിയെ അറിയിച്ചു.

ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ഈ മാസം എട്ടിനാണ് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള സംഘം എന്‍.സി.ബിയുടെ പിടിയിലാകുന്നത്. മനുഷ്യാവകാശ ലംഘനങ്ങള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആര്യന്‍ ഖാന്റെ അഭിഭാഷകര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ രണ്ട് തവണയും മുംബൈയിലെ പ്രത്യേക കോടതി അപേക്ഷകള്‍ നിരസിക്കുകയായിരുന്നു.


Post a Comment

Previous Post Next Post
Join Our Whats App Group