Join Our Whats App Group

മനോരമ പ്രതിനിധികൾ ദുർവ്വാസാവിനെ പോലെ വിശപ്പഭിനയിച്ചു ചെന്ന ആ ദുഷ്ടബുദ്ധി കൊള്ളാം: ശാരദക്കുട്ടി

 


തിരുവനന്തപുരം: 

വിശപ്പ് രഹിതമായ സമൂഹമെന്ന ആശയത്തെ പ്രാവര്‍ത്തികമാക്കുന്ന ഇടതു സര്‍ക്കാരിന്റെ വെല്‍ഫെയര്‍ സ്കീമാണ് ജനകീയ ഹോട്ടല്‍ എന്ന ആശയം. ജനകീയ ഹോട്ടലിലെ ഇരുപത് രൂപ ഊണില്‍ കറികള്‍ കുറവാണെന്നുകാട്ടി മനോരമ വാർത്ത നൽകിയതിനു എതിരെ വിമർശനം. വനവാസകാലത്ത് പാണ്ഡവരെ പരീക്ഷിക്കാൻ ദുർവ്വാസാവിനെ നൂറു സന്യാസിമാരെയും കൂട്ടി കൗരവർ ഭക്ഷണത്തിനയച്ചതു പോലെയാണ് മനോരമ പ്രതിനിധികൾ ഊണ് വാങ്ങിയതെന്ന് എഴുത്തുകാരി എസ്.ശാരദക്കുട്ടി പറയുന്നു. സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ശാരദക്കുട്ടി മനോരമയ്ക്ക് നേരെ വിമർശനം ഉന്നയിച്ചത്.

കുറിപ്പ് പൂർണ്ണ രൂപം

വനവാസകാലത്ത് പാണ്ഡവരെ പരീക്ഷിക്കാൻ ദുർവ്വാസാവിനെ നൂറു സന്യാസിമാരെയും കൂട്ടി കൗരവർ ഭക്ഷണത്തിനയച്ച കഥ കേട്ടിട്ടുണ്ട്.

അവിടെ വനവാസകാലത്തെ പരിമിതികൾക്കിടയിലും വഴിപോക്കർക്ക് വിശപ്പിന് ഭക്ഷണം കൊടുക്കുന്നുണ്ടത്രേ പാണ്ഡവ കുടുംബത്തിന്റെ അടുക്കളയും അക്ഷയപാത്രവും .
എല്ലാ യാത്രക്കാരെയും ഊട്ടിയതിനു ശേഷമേ പാഞ്ചാലി ഭക്ഷണം കഴിക്കൂ എന്ന് പ്രസിദ്ധമാണല്ലോ . കഥയിലെ സ്ത്രീ വിരുദ്ധതയല്ല ഇവിടെ വിഷയം. പാഞ്ചാലിയുടെയും ഭക്ഷണശേഷം പാത്രമെല്ലാം കഴുകിക്കമിഴ്ത്തിക്കഴിഞ്ഞേ മുൻകോപി മഹർഷി ചെല്ലാവു എന്ന് ചട്ടംകെട്ടിയ ആ പ്രതിപക്ഷ പദ്ധതിയാണ് പരാമർശ വിഷയം. ഭക്ഷണം കിട്ടാതെ വരുന്ന മുനി ശപിച്ച് അവരെ അങ്ങ് ഇല്ലാതാക്കിക്കളഞ്ഞാൽ പിന്നെ കാര്യങ്ങൾ എളുപ്പമായല്ലോ. മുനി വെറുമൊരു ഏജന്റ് മാത്രം.

കുടുംബശ്രീയുടെ വഴിയോര ഭക്ഷണ കേന്ദ്രം പാഞ്ചാലിയുടെ അക്ഷയ പാത്രമല്ല. 3.30 നു ശേഷം ചിലപ്പോൾ ഒരു ചീരയില പോലും പാത്രത്തിൽ ഉണ്ടായില്ലെന്നു വരും .
3.30 നു ശേഷം കുടുംബശ്രീ പ്രവർത്തകരുടെ അടുക്കള പൂട്ടാറായപ്പോൾ , മനോരമ പ്രതിനിധികൾ ദുർവ്വാസാവിനെ പോലെ വിശപ്പഭിനയിച്ചു ചെന്ന ആ ദുഷ്ടബുദ്ധി കൊള്ളാം. ഉള്ളതെല്ലാം തട്ടിക്കുടഞ്ഞ് കൊടുത്ത കുടുംബശ്രീയുടെ ആതിഥ്യമര്യാദക്ക് മനോരമ കൊടുത്ത തിരിച്ചടി മനോരമയുടെ അന്തസ്സിനും കുലമഹിമക്കും ചേർന്നതു തന്നെ.
നിങ്ങളുടെ വിഫലയുദ്ധങ്ങൾക്കും ജീർണ്ണ രാഷ്ട്രീയബുദ്ധിക്കും ബാലിശമായ അസഹിഷ്ണുതകൾക്കും ഭക്ഷണം വേറെയാണ്.

സാധുക്കളുടെ അടുക്കളയിലേക്ക് നിങ്ങളുടെ വെറുപ്പും വിസർജ്ജ്യങ്ങളും വാരിയെറിയരുത്. കാറ്റ് എതിർ ദിശയിലായതിനാൽ സ്വന്തം മുഖത്തേക്കു തന്നെയേ അതു വന്നു തെറിക്കുകയുള്ളു. കൊള്ളസംഘങ്ങൾക്കു പോലും അലംഘ്യങ്ങളായ ചില നൈതിക വിധേയത്വങ്ങളുണ്ട് , അതെങ്കിലും അനുകരിക്കാൻ കഴിയണം. അത്രയെങ്കിലും മൂല്യബോധമുണ്ടായിരിക്കണം. എസ്.ശാരദക്കുട്ടി

Post a Comment

Previous Post Next Post
Join Our Whats App Group