കാസര്‍ഗോഡ്:
സമയബന്ധിതമായി റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതിന് കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ റിയാസ്. കാസര്‍ഗോസ് എംഡി കണ്‍സ്ട്രക്ഷനെതിരെയാണ് പൊതുമരാമത്ത് വകുപ്പിന്റെ ശക്തമായ നടപടി. പേരാമ്പ്ര-താന്നിക്കണ്ടി-ചക്കിട്ടപാറ റോഡ് പ്രവൃത്തിയിലെ അലംഭാവത്തെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
2020 മെയ് 29ന് നിര്‍മ്മാണം ആരംഭിച്ച്, 9 മാസം കൊണ്ട് പൂര്‍ത്തികരിക്കാനായിരുന്നു കരാര്‍. 10 കോടി രൂപ പദ്ധതിക്കായി അനുവദിക്കുകയും ചെയ്തു. എന്നാല്‍ പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയാണ് ചെയ്തത്.
കരാര്‍ പ്രകാരം ഫെബ്രുവരിയിലാണ് പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ടിയിരുന്നത്. എന്നാല്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. പൊതുമരാമത്ത് വകുപ്പ് നിരന്തരം ആവശ്യപ്പെട്ടിട്ടും കരാറുകാരന്‍ അലംഭാവം തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതു മൂലം ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കാര്യം ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.
പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മന്ത്രി സ്ഥലം സന്ദര്‍ശിക്കുകയും, സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കാന്‍ കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. എന്നിട്ടും പുരോഗതി ഉണ്ടായില്ല.
പതിനാറ് മാസം കൊണ്ട് പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഇതേ തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് മന്ത്രി നീങ്ങിയത്. കരാറുകാരന്റെ നഷ്ടോത്തരവാദിത്തത്തില്‍ ടെര്‍മിനേറ്റ് ചെയ്യുകയാണ് പൊതുമരാമത്ത് സ്വീകരിച്ച നടപടി.
കോഴിക്കോട് ദേശീയപാതയില്‍ പ്രവൃത്തിയില്‍ അലംഭാവം കാണിച്ച കരാറുകാരനില്‍ നിന്നും പിഴ ഈടാക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി അറിയിച്ചിരുന്നു.
Post a Comment