ഇരിട്ടി :
അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്നും മുങ്ങി ഇരിട്ടി ടൗണിൽ വെച്ച് പിടിയിലായ തടവ് പുള്ളിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ആറളം വെളിമാനം സ്വദേശിയായ 19 കാരനാണ് ഫലം നെഗറ്റീവായത് . ആറളത്തെ അടിപിടിക്കേസിൽ റിമാന്റിലായ ഇയാളെ മൊബൈൽ മോഷണക്കേസിൽ കോടതിയിൽ നിന്നും കസറ്റഡിയിൽ വാങ്ങി ഈ മാസം 21 ന് തെളിവെടുപ്പിനായി ആറളത്ത് കൊണ്ടു വന്നിരുന്നു. പോലീസ് കസ്റ്റഡിയിൽ വാങ്ങുമ്പോൾ യുവാവിന്റെ കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നു. ആറളത്തെ തെളിവെടുപ്പ് കഴിഞ്ഞ് മജിസ്‌ടേട്ടിന് മുന്നിൽ വീഡിയോ കോൺഫ്രൻസിലൂടെ ഹാജരാക്കി തിരിച്ച് ജയിലിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുൻപ് 23 ന് നടത്തിയ പരിശോധനയിൽ ഫലം പോസറ്റീവാണെന്ന് തെളിഞ്ഞു . ഇതോടെ യുവാവിനെ അഞ്ചരക്കണ്ടിയിലെ കോവിഡ് സെന്ററിലേക്ക് മാറ്റുകയായിരുന്നു . ഇവിടെനിന്നും 24 ന് രാവിലെ മുങ്ങിയ യുവാവിനെ ഇരിട്ടി പഴയ സ്റ്റാന്റിൽ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. 25 ന് എടുത്ത പരിശോധനാ ഫലമാണ് ഇപ്പോൾ നെഗറ്റീവായിരിക്കുന്നത്.
ഇതിനെത്തുടർന്ന് ആറളം പോലീസ് സ്റ്റേഷനിലെ എസ് ഐ ഉൾപ്പെടെ 7 പോലീസുകാർ, മജിസ്രേട്ട് ഉൾപ്പെടെ 10 കോടതി ജീവനക്കാർ, കീഴ്പ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഒരു ഡോക്ടർ ഉൾപ്പെടെ 3 ആരോഗ്യപ്രവർത്തകർ, 10 ജയിൽ ഉദ്യോഗസ്ഥർ , പത്ത് സഹതടവുകാർ എന്നിവരടക്കമുള്ളവർ ക്വാറന്റീനിൽ പോകേണ്ടി വന്നിരുന്നു. ഇവർക്കെല്ലാം ആശ്വാസം നൽകുന്ന ഫലമാണ് ഇപ്പോൾ വന്നിരിക്കുന്നത്.
إرسال تعليق