Join Our Whats App Group

ആദിവാസി തൊഴിൽ പരിശീലനം: സർക്കാരിൽ നിന്ന് രണ്ട് കോടിയോളം രൂപ വെട്ടിച്ചു, ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എംഡി അറസ്റ്റിൽ

 


പാലക്കാട്: 

മുതലമടയിലെ ആദിവാസി വനിതകൾക്കുളള തയ്യൽ പരിശീലനത്തിൻറെ പേരിൽ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. തയ്യൽ പരിശീലനം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ അപ്സര ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എംഡി വിഷ്ണു പ്രിയ ആണ് പൊലീസ് കസ്റ്റഡിയിലായത്. പരിശീലനം വാഗ്ദാനം ചെയ്ത് സർക്കാരിൽ നിന്ന് രണ്ട് കോടിയോളം രൂപയാണ് അപ്‍സര ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് തട്ടിയെടുത്തത്.


ആദിവാസികളുടെ ഫണ്ട് അപ്സര ട്രെയിനിംഗ് ഇൻസ്റ്റ്യൂട്ട് തട്ടിയെടുത്തെന്ന് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.  പദ്ധതിക്കായി അനുവദിച്ച തുകയുടെ 25ശതമാനം പോലും ചെലവഴിച്ചില്ലെന്നാണ് കണ്ടെത്തൽ. 50 വനിതകൾക്ക് പഠിക്കാൻ 14 തയ്യൽ മെഷീനാണ് കേന്ദ്രത്തിൽ ഉണ്ടായിരുന്നത്. അതിൽ പലതും ഉപയോഗശൂന്യമായിരുന്നു. അധ്യാപകരുടെ പേരിലും ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫണ്ട് തട്ടിപ്പിലെ പരാതി അട്ടിമറിക്കാൻ ഉദ്യോഗസ്ഥർ കൂട്ടുനിന്നെന്നും കണ്ടെത്തലുണ്ട്.


മുതലമടയിലെ തയ്യൽ പരിശീലന കേന്ദ്രത്തിലെ ആദിവാസി വനിതകളുടെ പരാതിയിലാണ് അറസ്റ്റ്.  വഞ്ചനാക്കുറ്റം, ജാതി പേര് വിളിച്ച് അധിക്ഷേപിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം വിതുര മലയടിയിലും പാലക്കാട് മുതലമടയിലും സ്ഥിതി ചെയ്യുന്ന അപ്സര ട്രയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് തട്ടിപ്പ് നടന്നത്.


ആദിവാസി വിഭാഗങ്ങൾക്ക് തയ്യൽ പരിശീലനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സർക്കാരിൽ നിന്ന് രണ്ടു കോടിയോളം രൂപ വിഷ്ണുപ്രിയ തട്ടിയെടുത്തെന്നാണ് കുറ്റപത്രം. ചിറ്റൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തയ്യൽ പരിശീലനത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും മലയടിയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ ചെയ്തിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group