രൗദ്രം രണം രുധിരം (ആർആർആർ) ബാഹുബലിക്കു ശേഷം എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം. അങ്ങനെ ധാരാളമായിരുന്നു പ്രേക്ഷകർക്ക് ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷ... ആ പ്രതീക്ഷ തെറ്റിച്ചില്ലെന്നല്ല അതിനേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നു ചിത്രം. രാജമൗലി ഒരുക്കിയ ആർആർആർ പക്കാ മാസ് മസാല എന്റർടൈനർ തന്നെയാണ്. സീതരാമ രാജുവായി രാം ചരനും, ഭീം ആയി ജൂനിയർ എൻടിആറും സ്ക്രീനിൽ നിറഞ്ഞാടി.
1920 കാലഘട്ടമാണ് ചിത്രം പറയുന്നത്. ഭീമും സുഹൃത്തുകളും പ്രത്യേക ഉദ്ദേശ്യത്തോടു കൂടി ഡൽഹിയിലെത്തുന്നു. അവിടെ വച്ച് ഭീമും രാമനും സുഹൃത്തുകളാകുന്നു. പൊലീസ് ഉദ്യോഗസ്ഥനായ രാമനും പ്രത്യേക ലക്ഷ്യത്തിനായി ഡൽഹിയിലെത്തിയതാണ്. പക്ഷേ, ഇരുവരും അരാണെന്നോ, ലക്ഷ്യങ്ങൾ എന്താണെന്നോ പരസ്പരം അറിയുന്നില്ല. പീന്നിട്ട് ഇവർ ആരാണ് എന്നും ലക്ഷ്യം എന്താണ് എന്നും മനസിലാക്കുന്നതിലൂടെയാണ് സിനിമ ത്രില്ലിലേക്ക് പോകുന്നത്.
ജൂനിയർ എൻടിആറിന്റെയും രാം ചരണിന്റെയും ഇൻട്രോ സീനുകളിൽ തന്നെ രാജമൗലിയുടെ കൈയൊപ്പുണ്ട്. ഒരോ സീൻ കഴിയുമ്പോൾ അടുത്തത് എന്തായിരിക്കുമെന്ന ഉദ്വേഗമുണർത്താൻ സംവിധായകന് സാധിച്ചിരിക്കുന്നു. അജയ് ദേവ്ഗണും, അലിയ ഭട്ടും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഒലിവിയ മോറിസ്, റേ സ്റ്റീവൻ സൺ, സമുദ്രക്കനി, ശ്രേയ ശരൺ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
കെ.കെ. സെന്തിൽ കുമാറിന്റെ ഒരോ ഫ്രെയിമും മികച്ചതാണ് . ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ് ചിത്രം. ആക്ഷൻ സീനുകൾ ഗംഭീരം എന്നു തന്നെ പറയാം. സാബു സിറിലിന്റെ ആർട്ട് വർക്കുകൾ എടുത്തു പറയേണ്ടതാണ്. പഴയ കാലഘട്ടം ഉജ്വലമായി റീക്രീയേറ്റ് ചെയ്തിട്ടുണ്ട് അദ്ദേഹം. കെ.വി. വിജയേന്ദ്ര പ്രസാദ് കഥയെഴുതിയ ചിത്രത്തിന് തിരക്കഥ തയാറാക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. എം.എം. കീരവാണിയാണ് സംഗീതം. കീരവാണിയുടെ പശ്ചാത്തല സംഗീതം മാസ് സീനുകൾക്കും ആക്ഷൻ രംഗങ്ങൾക്കും മാറ്റു കൂട്ടുന്നു. ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചത് ശ്രീകർ പ്രസാദാണ്. ഡിവിവി ധനയ്യ നിർമിച്ച ചിത്രം പത്ത് ഭാഷകളിലാണ് റീലിസ് ചെയ്തിരിക്കുന്നത്. കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച്അർ പിക്ചേഴ്സാണ് വിതരണം ചെയ്യുന്നത്. പ്രേക്ഷകർക്ക് ഒരു മികച്ച തിയെറ്റർ അനുഭവമായിരിക്കും ആർആർആർ.
إرسال تعليق