Join Our Whats App Group

മകൻ മുസ്ലിം യുവതിയെ വിവാഹം കഴിച്ചു : കരിവെള്ളൂരിലെ പൂരക്കളി കലാകാരന് വിലക്ക് ഏർപ്പെടുത്തി ക്ഷേത്രം

 


കണ്ണൂര്‍: 

മകന്‍ മുസ്‌ലിം യുവതിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ പൂരക്കളി കലാകാരന് ഊരു വിലക്ക് ഏര്‍പ്പെടുത്തി ക്ഷേത്രം. കണ്ണൂര്‍ കരിവെള്ളൂരിലെ പൂരക്കളി കലാകാരന്‍ വിനോദ് പണിക്കര്‍ക്കാണ് പ്രദേശത്തെ ക്ഷേത്ര ഭാരവാഹികള്‍ പൂരക്കളിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. പൂരക്കളിയുടെയും മറുത്ത് കളിയുടെയും ഈറ്റില്ലമായ കരിവെള്ളൂരില്‍ കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ഈ രംഗത്തെ സജീവ സാന്നിധ്യമാണ് വിനോദ് പണിക്കര്‍.


എന്നാലിപ്പോള്‍ മതത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടതിനാല്‍ ഇദ്ദേഹത്തിന്റെ ഏക വരുമാന മാര്‍ഗവും അടഞ്ഞിരിക്കുകയാണ്. കരിവെള്ളൂര്‍ പ്രദേശത്തെ ക്ഷേത്രങ്ങളില്‍ പൂരോല്‍സവത്തിനായി നാലും അഞ്ചും വര്‍ഷം മുന്‍പേ സമുദായക്കാര്‍ പണിക്കന്‍മാരെ നിശ്‌ചയിച്ചുറപ്പിക്കുന്നതാണ് പതിവ്.


ഇതനുസരിച്ച്‌ കരിവെള്ളൂര്‍ സോമേശ്വരി ക്ഷേത്രത്തിലും കുനിയന്‍ ശ്രീ പറമ്ബത്ത് ഭഗവതി ക്ഷേത്രത്തിലും പൂരോല്‍സവത്തിന്റെ ഭാഗമായുള്ള പൂരകളിക്കും മറത്ത് കളിക്കും നിശ്‌ചയിച്ചിരുന്നത് വിനോദ് പണിക്കരെയായിരുന്നു. എന്നാല്‍ ഇതിന് ശേഷമാണ് വിനോദിന്റെ മകന്‍ മുസ്‌ലിം പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. ഇതോടെയാണ് പണിക്കര്‍ക്ക് ക്ഷേത്ര ഭാരവാഹികള്‍ ഊരു വിലക്ക് ഏര്‍പ്പെടുത്തിയത്.


ഇതരമതത്തില്‍പെട്ട പെണ്‍കുട്ടി താമസിക്കുന്ന വീട്ടില്‍ നിന്നും ചടങ്ങുകള്‍ക്കായി വിനോദിനെ കൂട്ടി പോകാന്‍ കഴിയില്ലെന്നായിരുന്നു ക്ഷേത്ര ഭാരവാഹികളുടെ നിലപാട്. മകന്റെ ഭാര്യയെ വീട്ടില്‍ നിന്നും മാറ്റി നിര്‍ത്തിയാല്‍ ചടങ്ങിന് പങ്കെടുപ്പിക്കാമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വ്യവസ്‌ഥ വെച്ചിരുന്നു. എന്നാല്‍ വിനോദ് ഇതിന് വഴങ്ങിയില്ല.


ജന്‍മിത്വത്തിനും ജാതി വ്യവസ്‌ഥക്കുമെതിരായ നിരവധി പോരാട്ടങ്ങള്‍ക്ക് വേദിയായ കരിവെള്ളൂരില്‍ ഇത്തരമൊരു സംഭവം നടന്നത് ഇതിനകം വലിയ ചര്‍ച്ചയായിട്ടുണ്ട്. സമൂഹ മാദ്ധ്യമങ്ങളില്‍ അടക്കം ഇതിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്.

1 تعليقات

  1. മുസ്ലിം പെൺകുട്ടി ഹിന്ദുവായി. അത് കൊണ്ട് വിലക്കണ്ട ആവശ്യമില്ല. അവൾ മരിച്ചാൽ ഹിന്ദു ആചാരപ്രകാരം സംസ്ക്കരിക്കാം

    ردحذف

إرسال تعليق

أحدث أقدم
Join Our Whats App Group