Join Our Whats App Group

വാട്‌സാപ് ഉപയോക്താക്കള്‍ക്ക് കനത്ത തിരിച്ചടി? അൺലിമിറ്റഡ് സ്റ്റോറേജിന് പണമടയ്‌ക്കേണ്ടി വന്നേക്കും

 


ഇന്ത്യയിലെ ജനപ്രിയ സന്ദേശക്കൈമാറ്റ ആപ്പായ വാട്‌സാപ്പില്‍ എത്തുന്ന വിഡിയോകളും ഫോട്ടോകളും എല്ലാം ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ഗൂഗിള്‍ ഡ്രൈവിലേക്കാണ് ബാക്ക്അപ് ചെയ്യുന്നത്. താമസിയാതെ, ബാക്ക്അപ് മൂലം ഒരാളുടെ ഗൂഗിള്‍ ഡ്രൈവിലെ സ്റ്റോറേജ് ശേഷി കവിഞ്ഞാല്‍ കൂടുതല്‍ ഫയലുകള്‍ ബാക്ക്അപ് ചെയ്യാന്‍ താത്പര്യമുള്ളവരോട് വരിസംഖ്യ നല്‍കാന്‍ ഗൂഗിള്‍ ആവശ്യപ്പെട്ടേക്കും. വാബീറ്റാഇന്‍ഫോ ആണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. 'ഗൂഗിള്‍ വണ്‍' പ്ലാന്‍ സബ്‌സ്‌ക്രൈബ് ചെയ്യാൻ ഗൂഗിൾ ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ ഫ്രീ ആയി നല്‍കുന്നത് 5 ജിബി സ്റ്റോറേജ് ശേഷി മാത്രമാണ്. അതു കവിഞ്ഞാല്‍ ഐക്ലൗഡില്‍ ഫയലുകള്‍ സ്റ്റോറു ചെയ്യാന്‍ പണം നല്‍കണം. അതുപോലെയുള്ള ഒന്നായിരിക്കും ഇനി ആന്‍ഡ്രോയിഡിലും എത്തുക. 

ഗൂഗിള്‍ ഫോട്ടോസിന്റെ കാര്യത്തില്‍ ഇത്തരത്തിലൊരു നീക്കം 2021ല്‍ തന്നെ കമ്പനി നടപ്പിലാക്കിയിരുന്നു. നേരത്തേ പരിധിയില്ലാതെ ഫോട്ടോകള്‍ ബാക്ക്അപ് ചെയ്യാന്‍ ഗൂഗിൾ അനുവദിച്ചിരുന്നു. ഇതു കഴിഞ്ഞ വര്‍ഷമാണ് പിന്‍വലിച്ചത്. സാധാരണഗതിയില്‍ ഒരു ഗൂഗിള്‍ അക്കൗണ്ട് ഉടമയ്ക്കു നല്‍കുന്ന ഫ്രീ സ്റ്റോറേജ് ശേഷി 15 ജിബിയാണ്. ജിമെയില്‍, ഫോട്ടോസ്, ഗൂഗിള്‍ ഡ്രൈവ് തുടങ്ങിയ സേവനങ്ങളുടെ ബാക്ക്അപ്പും ഇതിലേക്കാണ് പോകുന്നത്. ഇതിനാല്‍ തന്നെ ഗൂഗിള്‍ ഫോട്ടോസിലും മറ്റും ധാരാളം ഫയലുകള്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നവര്‍ക്ക് അധികം വാട്‌സാപ് ബാക്ക്അപ് സ്പേസ് ലഭിച്ചേക്കില്ല. താമസിയാതെ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ ഡ്രൈവ് ബാക്ക്അപ്പിന് മാറ്റം വരുന്നു (Google Drive backup is changing) എന്നൊരു സന്ദേശം ശഭിക്കുമെന്നു പറയുന്നു. 


എന്നാല്‍, വാട്‌സാപ് ചാറ്റ് ബാക്ക്അപ്പിന് കുറച്ചു സ്ഥലം ഗൂഗിള്‍ ഫ്രീയായി നല്‍കിയേക്കുമെന്നു പറയുന്നവരും ഉണ്ട്. അതേസമയം, അങ്ങനെ നല്‍കിയാല്‍ പോലും അതു പരിമിതമായ സ്‌പേസ് ആയിരിക്കുമെന്നും വലിയ ഔദാര്യമൊന്നും ഗൂഗിളില്‍ നിന്നു പ്രതീക്ഷിക്കേണ്ടന്നും വാദമുണ്ട്. ഇന്ത്യയിലെ വാട്‌സാപ് ഉപയോക്താക്കള്‍ക്ക് ഇത് വന്‍ തിരിച്ചടിയായിരിക്കുമെന്നാണ് പറയുന്നത്. കാരണം മിക്കവരും വാട്‌സാപ് ചാറ്റുകള്‍ ബാക്ക്അപ് ചെയ്തു ശീലിച്ചവരാണ്. ഇപ്പോള്‍ത്തന്നെ പലര്‍ക്കും 15ജിബി കവിഞ്ഞിരിക്കുന്നു. വാട്‌സാപ് ഉപയോക്താക്കള്‍ ഗൂഗിള്‍ ഡ്രൈവിലെ ബാക്ക്അപ് പരിശോധിച്ച ശേഷം ആവശ്യമില്ലാത്ത ഫയലുകള്‍ നീക്കംചെയ്യുകയോ, വരിസംഖ്യ നല്‍കി കൂടുതല്‍ ഗൂഗിള്‍ ഡ്രൈവ് സ്‌പേസ് വാങ്ങുകയോ ചെയ്യേണ്ടിവരും. 


∙ ആരെങ്കിലും മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്താല്‍ ഫെയ്‌സ്ബുക് മെസഞ്ചര്‍ അറിയിക്കും


ഫെയ്‌സ്ബുക് മെസഞ്ചറില്‍ നിങ്ങളയയ്ക്കുന്ന സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് ആരെങ്കിലും എടുത്താല്‍ ആപ് അത് ഇനി അയച്ച ആളെ അറിയിക്കും. തങ്ങളുടെ എതിരാളിയായ സ്‌നാപ്ചാറ്റ് ആപ്പില്‍ നിലവിലുള്ള ഒരു ഫീച്ചറാണ് ഇപ്പോള്‍ മെസഞ്ചറിലേക്ക് ഉള്‍ക്കൊള്ളിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും കൂടുതല്‍ ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണിതെന്ന് കമ്പനി പറയുന്നു. നിലവില്‍ വാനിഷ് മോഡിലുള്ള സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് എടുത്താല്‍ അത് കമ്പനി അറിയിക്കുന്നുണ്ട്. ഇനി എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്രറ്റഡായിട്ടുള്ള സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പകര്‍ത്തിയാലും അത് അയച്ച ആളെ അറിയിക്കും. സീക്രട്ട് ചാറ്റ് അല്ലെങ്കില്‍ രഹസ്യ ചാറ്റ് ഫീച്ചറും താമസിയാതെ മെസഞ്ചറില്‍ എത്തുമെന്ന് കമ്പനി പറയുന്നു. ഇത്തരം സന്ദേശങ്ങള്‍ ഫെയ്‌സ്ബുക് അടക്കം മറ്റാര്‍ക്കും കാണാനാവില്ല എന്നാണ് അവകാശവാദം.


∙ ചരിത്രത്തിലെ ഏറ്റവും വലിയ ഡിഡിഒഎസ് ആക്രമണം തടഞ്ഞുവെന്ന് മൈക്രോസോഫ്റ്റ്


സെക്കന്‍ഡില്‍ 3.47 ടെറാബൈറ്റ്‌സ് ശക്തിയുള്ള പടുകൂറ്റന്‍ ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സര്‍വീസ് അല്ലെങ്കില്‍ ഡിഡിഒഎസ് ആക്രമണം മൈക്രോസോഫ്റ്റ് ക്ലൗഡ് തടഞ്ഞുവെന്ന് കമ്പനി പറയുന്നു. ലോകത്ത് ഇന്നേവരെ ഉണ്ടായിരിക്കുന്നതില്‍ വച്ച് ഏറ്റവും വലിയ ആക്രമണമാണ്  ഇതെന്നും പറയുന്നു. ഇതിന് 3.47 തറോപുട്ട് കരുത്തും, 340 ദശലക്ഷം പാക്കറ്റ് റെയ്റ്റും ഉണ്ടായിരുന്നു. ആക്രമണം ഏഷ്യയിലെ ഒരു ഉപയോക്താവിനെ ലക്ഷ്യമിട്ടാണ് നടന്നത്. ഇത് ലോകത്തെ ഏകദേശം 10,000 സോഴ്‌സുകളില്‍ നിന്ന് ഒരേസമയം പൊട്ടിപ്പുറപ്പെടുകയായിരുന്നു. അമേരിക്ക, ചൈന, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, റഷ്യ, ഇന്ത്യ, വിയറ്റ്‌നാം, ഇറാന്‍, ഇന്തൊനീഷ്യ, തയ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ആക്രമണം നടന്നതെന്ന് ഐഎഎന്‍എസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏകദേശം 15 മിനിറ്റ് നീണ്ടുനിന്ന ആക്രമണം തങ്ങള്‍ വിജയകരമായി പ്രതിരോധിച്ചു എന്ന് മൈക്രോസോഫ്റ്റ് പറയുന്നു. 


∙ ഉത്തര കൊറിയന്‍ ഹാക്കര്‍ ഗ്രൂപ്പ് വിന്‍ഡോസ് അപ്‌ഡേറ്റ് ക്ലൈന്റ് വഴി ആക്രമണം നടത്തുന്നു


ലാസറസ് എന്ന് അറിയപ്പെടുന്ന കുപ്രസിദ്ധ ഉത്തര കൊറിയന്‍ ഹാക്കര്‍ ഗ്രൂപ്പ് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ അപ്‌ഡേറ്റ് ക്ലൈന്റില്‍ മാറ്റം വരുത്തി മാല്‍വെയര്‍ നിക്ഷേപിക്കുന്നു എന്ന് മാല്‍വെയര്‍ബൈറ്റ്‌സ് സൈബര്‍ സുരക്ഷാ കമ്പനി പറയുന്നു. അമേരിക്കന്‍ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍ ആണെന്നു ഭാവിച്ചാണ് ആക്രമണം. ഈ ആക്രമണം ലോക്ഹീഡ് മാര്‍ട്ടിനില്‍ ജോലിക്ക് അപേക്ഷ നല്‍കിയിരിക്കുന്നവര്‍ക്കു നേരെയാണ് ഇപ്പോള്‍ നടത്തുന്നത്. കൊറിയന്‍ സർക്കാരുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഗ്രൂപ്പാണ് ലാസറസ്. 


∙ വിന്‍ഡോസ് 11ലേക്ക് 3ഡി ഇമോജികള്‍ എത്തിയേക്കും


മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ പുതുക്കിയ പതിപ്പായ വിന്‍ഡോസ് 11ലേക്ക് 3ഡി ഇമോജികള്‍ എത്തിയേക്കുമെന്ന് ദി വേര്‍ജ് റിപ്പോര്‍ട്ടു ചെയ്യുന്നു. കമ്പനി ഇതേപ്പറ്റി ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും മൈക്രോസോഫ്റ്റിന്റെ ഒരു ഡിസൈനറായ നാന്‍ഡോ കോസ്റ്റ പോസ്റ്റുചെയ്ത ഒരു ബ്ലോഗില്‍ ഇതേപ്പറ്റി വ്യക്തമായ സൂചനയുണ്ടെന്നും പറയുന്നു. 


∙ 600 ദശലക്ഷം ഡോളര്‍ മൂല്യമുള്ള പേറ്റന്റ് വില്‍ക്കാന്‍ ബ്ലാക്‌ബെറി


പ്രവര്‍ത്തനം അവസാനിപ്പിച്ച കനേഡിയന്‍ ഫോണ്‍ നിര്‍മാണ കമ്പനിയായ ബ്ലാക്‌ബെറിയുടെ കൈവശമുള്ള 600 ദശലക്ഷം ഡോളര്‍ മൂല്യം വരുന്ന പേറ്റന്റുകള്‍ വില്‍ക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. മൊബൈല്‍ ഉപകരണങ്ങള്‍, മെസേജിങ്, വയര്‍ലെസ് നെറ്റ്‌വര്‍ക്കിങ് എന്നീ വിഭാഗങ്ങളിലുള്ള പേറ്റന്റുകളാണ് വില്‍ക്കുക എന്നാണ് റോയിട്ടേഴ്‌സ് പറയുന്നത്. 

Post a Comment

أحدث أقدم
Join Our Whats App Group