കോവിഡ് ആരോഗ്യനിലയെ ഗുരുതരമായി ബാധിക്കാനിടയുള്ളതിനാൽ രോഗപ്രതിരോധത്തിനായി ഗർഭിണികൾ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ് നിർദേശിച്ചു. അമ്മയുടെയും ഗർഭസ്ഥ ശിശുവിൻറെയും സുരക്ഷ ഉറപ്പാക്കുന്നതിന് കുടുംബാംഗങ്ങളും മുൻകരുതൽ സ്വീകരിക്കണം. ഗർഭിണികളുടെ സുരക്ഷയ്ക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
1. ഗർഭിണികൾ വിടുകളിൽ തന്നെ കഴിയുക.
2. അയൽവീടുകളിലും ബന്ധുവീടുകളിലും പോകുന്നത് ഒഴിവാക്കുക.
3. ഗർഭിണികൾ ഉള്ള വീട്ടിൽ സന്ദർശകരെ ഒഴിവാക്കുക.
4. ഗർഭകാല ചടങ്ങുകളും ഗൃഹസന്ദർശനങ്ങളും ഒഴിവാക്കുക.
5. ശുചിമുറിയോടുകൂടിയ കിടപ്പുമുറി ഗർഭിണിക്കു മാത്രമായി ഉപയോഗിക്കാൻ നൽകുക.
6. പൊതു ശുചിമുറിയാണെങ്കിൽ ഗർഭിണികൾ ഉപയോഗിക്കുന്നതിനു മുൻപ് അണുവിമുക്തമാക്കുക.
7. ജോലിക്കും മറ്റ് അവശ്യങ്ങൾക്കും പുറത്തുപോയി വരുന്നവർ കുളിച്ചശേഷം മാത്രം വീടിനുള്ളിൽ കയറുക.
8. ഗൈനക്കോളജിസ്റ്റ് നിർദേശിച്ചിട്ടുള്ള മരുന്നുകൾ മുടങ്ങാതെ കഴിക്കുക.
9. മറ്റുള്ളവർ ഉപയോഗിക്കുന്ന പാത്രങ്ങൾ, ഗ്ലാസുകൾ തുടങ്ങിയവ ഗർഭിണികൾ ഉപയോഗിക്കരുത്.
10. പോഷകാഹാരം കഴിക്കുക. ധാരാളം വെള്ളം കുടിക്കുക. പുറത്തു നിന്നുള്ള ഭക്ഷണം ഒഴിവാക്കുക.
11. അഞ്ചു മാസം കഴിഞ്ഞവർ രാവിലെയും ഉച്ചയ്ക്കും രാത്രിയും ഭക്ഷണം കഴിച്ച ശേഷം ഒരു മണിക്കൂറിൽ മൂന്ന് ചലനങ്ങളെങ്കിലും ഉണ്ടോയെന്ന് ശ്രദ്ധിക്കുക.
12. രക്തസ്രാവം, ഇടവിട്ടുള്ള വയറുവേദന തുടങ്ങിയവ അനുഭവപ്പെടുന്ന അവശ്യ സാഹചര്യങ്ങളിൽ മാത്രം ആശുപത്രിയിൽ പോവുക. ചെറിയ ശാരീരിക ബുദ്ധിമുട്ടുകൾക്ക് ഇ-സഞ്ജീവനിയിലൂടെ പരിഹാരം തേടുക.
13. മാനസികോല്ലാസം ലഭിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക.
14. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളെ നിസ്സാരമായി കാണാതെ സ്വയം നിരീക്ഷണം നടത്തി, കോവിഡ് അല്ലെന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തുക.
15. കോവിഡ് വാക്സിൻ സ്വീകരിക്കാനുള്ള ഗർഭിണികൾ എത്രയും വേഗം വാക്സിൻ എടുക്കുക.
രണ്ടാം തരംഗത്തിൽ നഷ്ടമായത് നൂറോളം ഗർഭിണികളുടെ ജീവൻ, ഒമിക്രോണും മൂന്നാം തരംഗവും ഗർഭിണികൾ അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ ആപത്ത്
إرسال تعليق