Join Our Whats App Group

കളി കാര്യമാണ് കുഞ്ഞിമംഗലത്തിന്

 


കളിയും ആരവങ്ങളും നിറഞ്ഞു നിന്ന സുവര്‍ണകാലത്തെ തിരിച്ചുപിടിച്ചതിന്റെ സന്തോഷത്തിലാണ് കുഞ്ഞിമംഗലം. കുഞ്ഞിമംഗലം സെന്‍ട്രല്‍ യുപി സ്‌കൂള്‍ കളിസ്ഥലം നവീകരണത്തിനായി 15 ലക്ഷം രൂപയുടെ പദ്ധതിക്ക് തുടക്കമിടുകയാണ് ഇവിടെ.   നഷ്ടപ്പെട്ടെന്നു കരുതിയ കളിയിടം  ജനകീയ ഇടപെടലിലൂടെ തിരികെ വാങ്ങി. കണ്ടംകുളങ്ങരയിലെ കുഞ്ഞിമംഗലം സെന്‍ട്രല്‍ യുപി സ്‌കൂളിനു നഷ്ടമായ കളിക്കളം ജനകീയ കൂട്ടായ്മയിലൂടെയാണ് കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തത്. 


87 സെന്റ് സ്ഥലത്ത് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സെന്‍ട്രല്‍ യുപി സ്‌കൂളിന് 2013ലാണ് കളിയിടം നഷ്ടമാകുന്നത്. സ്ഥലമുടമ 22 സെന്റ് സ്ഥലം സൗജന്യമായി നല്‍കി, ബാക്കി മറ്റൊരാള്‍ക്ക് വില്‍ക്കുകയായിരുന്നു. അതോടെ നാടിന്റെ കായിക സ്വപ്നങ്ങള്‍ പൊലിഞ്ഞു. സ്‌കൂളിന് ഗ്രൗണ്ടില്ലാതായി. എന്നാല്‍ നഷ്ടമായ കളിസ്ഥലം തിരിച്ചുപിടിക്കാന്‍ പഞ്ചായത്തും നാട്ടുകാരും ഒരുമിച്ച് രംഗത്തിറങ്ങുകയായിരുന്നു. ഒരു കോടി ആറു ലക്ഷം രൂപ നല്‍കി സ്ഥലം ഏറ്റെടുത്തത് ഈ കൂട്ടായ്മയുടെ വിജയം.  ഗ്രാമപഞ്ചായത്തിന്റെ 10 ലക്ഷം രൂപ, ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ച് ലക്ഷം രൂപ, ജില്ലാ പഞ്ചായത്തിന്റെ 25 ലക്ഷം രൂപ എന്നിവയും വികസന സമിതി  സമാഹരിച്ച തുകയും ചേര്‍ത്താണ് സ്ഥലം വാങ്ങിയത്. ശതാബ്ദി നിറവിലായിരുന്ന സ്‌കൂളിന് നാട് നല്‍കിയ സമ്മാനമാണ് ഈ കളിക്കളം.


 413 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സെന്‍ട്രല്‍ യുപി സ്‌കൂളിന്റെ ഗ്രൗണ്ടില്‍ ഇപ്പോള്‍ രാവിലെയും വൈകിട്ടും വിവിധ പ്രായക്കാരായ കളിക്കാര്‍ എത്തുന്നുണ്ട്. ഗ്രൗണ്ടിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി.  മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ വിനിയോഗിച്ച് കളിസ്ഥലം മെച്ചപ്പെടുത്താന്‍ ഒരുങ്ങുകയാണ് പഞ്ചായത്ത്. ചുറ്റും കമ്പിവേലി, മഴക്കാലത്ത് വെള്ളം കയറാതിരിക്കാനുള്ള സംവിധാനം ,ഗ്യാലറികള്‍ എന്നിവ ഒരുക്കും.  

വൈകുന്നേരങ്ങളില്‍ ആര്‍പ്പുവിളികള്‍ തുടങ്ങിക്കഴിഞ്ഞു .അങ്ങനെ ഒരു നാടിന്റെ  കായിക സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറക് മുളക്കുകയാണ്

Post a Comment

أحدث أقدم
Join Our Whats App Group