ഭക്ഷണത്തിലെ വ്യത്യസ്ത രുചികൾ അറിയാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും. പുതിയ രുചികൾ തേടിയുള്ള മനുഷ്യന്റെ യാത്രയ്ക്ക് മാനവരാശിയോളം തന്നെ പഴക്കമുണ്ട്. ഇപ്പോഴത്തെ ട്രെൻഡിനെ പറ്റിതന്നെ ആലോചിച്ച് നോക്കു… യുട്യൂബിലെ പുതിയ റെസിപ്പികൾ നോക്കി ഭക്ഷണം ഉണ്ടാക്കി നോക്കി പരീക്ഷിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ഇനി പരീക്ഷിക്കാൻ മുതിർന്നില്ലെങ്കിൽ പോലും ഫുഡ് വ്ലോഗുകൾ കണ്ട് തൃപ്തി അടയുന്ന ഭക്ഷണ പ്രേമികളും നമുക്കിടയിൽ ഉണ്ട്. ലോകത്തിന്റെ പല ഭാഗത്തെ ഭക്ഷണങ്ങൾ കാണുമ്പോൾ ഇതൊന്ന് രുചിച്ച് നോക്കാൻ പറ്റിയെങ്കിൽ എന്ന് തോന്നിയിട്ടില്ലേ? എന്നാൽ ഇനി നിരാശപ്പെടേണ്ട…അങ്ങനെയൊരു വിദ്യയാണ് പരിചയപ്പെടുത്തുന്നത്. ടിവിയിൽ കാണുന്ന വിഭവങ്ങൾ സ്‌ക്രീനിൽ നിന്നും രുചിച്ചറിയാൻ കഴിയുന്ന സാങ്കേതിക വിദ്യ എത്തിക്കഴിഞ്ഞു. ജപ്പാനിലെ മീജി സര്‍വ്വകലാശാലയിലെ പ്രഫസറായ ഹോമി മിയാഷിത അവതരിപ്പിച്ച ‘ടേസ്റ്റ് ദി ടിവി’ (TTTV) കാഴ്ച മാത്രമല്ല ഒരുക്കുന്നത്. സ്‌ക്രീനിൽ കാണുന്ന വിഭവങ്ങളുടെ രുചി കൂടി പകരുന്ന പുത്തൻ അനുഭവം കൂടിയാണിത്.
ടിവിയിൽ കാണുന്ന ആഹാരം എങ്ങനെ രുചിക്കും?
നമ്മുടെ മൊബൈലിലോ കമ്പ്യൂട്ടറിലോ കാണുന്ന ഭക്ഷണം മുന്നിൽ കിട്ടിയാലുള്ള അവസ്ഥ ആലോചിക്കാൻ കഴിയുമോ? മിയാഷിതയുടെ ടിവിയിൽ വരുന്ന ചോക്ലേറ്റും ഷേക്കുമെല്ലാം അപ്പോൾ തന്നെ നമുക്ക് രുചിക്കാൻ കഴിയുമത്രേ. അത് എങ്ങനെ എന്നല്ലേ… പറയാം.
മധുരം, പുളി, കയ്പ്പ്, ഉപ്പ്, യുമാമി എന്നിങ്ങനെ അഞ്ച് അടിസ്ഥാന രുചികള്‍ തിരിച്ചറിയുന്ന വ്യത്യസ്ത രുചിമുകുളങ്ങളാണ് നമ്മുടെ നാവിലുള്ളത്. മിയാഷിതയുടെ ടിവിയിലുമുണ്ട് അഞ്ച് വ്യത്യസ്ത ജെല്ലുകൾ. ഈ ജെല്ലുകളിലുള്ള ഇലക്ട്രോലൈറ്റ് ലായനികളുടെ സഹായത്തോടെ സ്ക്രീനിലേക്ക് നാം ആവശ്യപ്പെടുന്ന ഭക്ഷണത്തിന്റെ രുചി സ്പ്രേ ചെയ്യും. നിലവിൽ ലോകത്ത് മറ്റ് ടേസ്റ്റ് സെൻസറുകൾ ഉണ്ടെങ്കിലും അവ വളരെ പതുക്കെ പ്രവൃത്തിക്കുന്നവയും വലുപ്പം കൂടിയവയുമാണ്. എന്നാൽ മിയാഷിതയുടെ ടേസ്റ്റി സ്ക്രീൻ മൊബൈൽ ഫോണിലേക്കും സന്നിവേശിപ്പിക്കാൻ കഴിയുന്നതാണ്. ടിവി സ്‌ക്രീനിന്റെ പരന്ന പ്രതലത്തിന് മുകളിലുള്ള ഹൈജീനിക് ഫിലിമിലാണ് രുചി സ്പ്രേ ചെയ്യപ്പെടുക. നേരത്തെ ഒരു ദണ്ഡിന്റെ രൂപത്തിലായിരുന്നു ടേസ്റ്റ് ഡിസ്പ്ലേ ഡിസൈന്‍ ചെയ്തത്. പിന്നീടാണ് അദ്ദേഹം രുചിക്കാവുന്ന സ്‌ക്രീനിന് രൂപം നല്‍കിയത്. ഉപഭോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച് ഭക്ഷണത്തിന്റെ രുചിയും നിയന്ത്രിക്കാനാവും.
ടേസ്റ്റി ടിവി മാധ്യമ പ്രവർത്തകർക്ക് മുന്നിൽ അവതരിപ്പിക്കവേ മിജീ സർവ്വകലാശാലയിലെ വിദ്യാർത്ഥി ചോക്ലേറ്റ് ടിവി സ്‌ക്രീനിൽ നിന്നും നുണയുന്ന ചിത്രം കഴിഞ്ഞയിടെ പുറത്തുവന്നിരുന്നു. സ്‌ക്രീനിന് മുകളിലായുള്ള പ്ലാസ്റ്റിക് ഷീറ്റിലേക്ക് കുറച്ച് വെള്ളം സ്പ്രേ ചെയ്യപ്പെടുന്നതും അവരത് രുചിച്ച് നോക്കുന്നതുമാണ് ചിത്രത്തിലുള്ളത്. താൻ അറിഞ്ഞ രുചി മില്‍ക്ക് ചോക്ലേറ്റിന്റേതോ അല്ലെങ്കില്‍ ചോക്ലേറ്റ് സോസിന്റേതോ പോലെ ആയിരുന്നെന്ന് വിദ്യാർത്ഥി പ്രതികരിച്ചു. കഴിഞ്ഞ ഒരു വർഷത്തെ ശ്രമത്തിനൊടുവിലാണ് മിയാഷിതയുടെ ഈ നേട്ടം.
ടേസ്റ്റി ടിവിക്ക് മുൻപ് 2012ല്‍ മിയാഷിതയും ഗവേഷണ വിദ്യാര്‍ത്ഥിയായ ഹിരോമി നകമുറയും ചേര്‍ന്ന് ഒരു ഇലക്ട്രിക് ഫോര്‍ക് വികസിപ്പിച്ചിരുന്നു. ആശുപത്രികളില്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ രുചി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ആ കണ്ടെത്തല്‍. അതായിരുന്നു രുചിയും സാങ്കേതികവിദ്യയും ഒത്തിണക്കി കൊണ്ടുള്ള മിയാഷിതയുടെ ആദ്യ ഉല്‍പ്പന്നം. ഭക്ഷണത്തിന് ഉപ്പും എരിവുമെല്ലാം പകരുന്ന ഒന്നായിരുന്നു ഫോർക്ക് എങ്കിൽ, നാം ആഗ്രഹിക്കുന്ന എന്തും സ്‌ക്രീനിൽ നിന്ന് രുചിക്കാൻ കഴിയുന്നതാണ് ടേസ്റ്റി ടിവി. വാണിജ്യാടിസ്ഥാനത്തില്‍ ഇത്തരമൊരു ടിവി നിര്‍മ്മിക്കാന്‍ ഏതാണ്ട് 65,200 രൂപ ചിലവ് വരുമെന്നാണ് മിയാഷിതയുടെ കണക്കുകൂട്ടല്‍.
إرسال تعليق