Join Our Whats App Group

മാതൃശരീരവും ഗർഭച്ഛിദ്രവും...

 ഗർഭച്ഛിദ്രത്തെപ്പറ്റി വളരെയധികം അബദ്ധജടിലമായ ധാരണകൾ ആണ് നമ്മുടെ പൊതുസമൂഹത്തിനുള്ളത് . യാഥാസ്ഥിതിക മൂല്യങ്ങളിലൂന്നിയ സാമൂഹിക സാംസ്കാരിക പശ്ചാത്തലവും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ ഉള്ള ന്യൂനതകളും ഇത്തരം വിഷയങ്ങൾ ആരോഗ്യപ്രവർത്തകരോട് തുറന്നു സംസാരിച്ചു സംശയ നിവർത്തി വരുത്താൻ ആളുകളിൽ വിമുഖത സൃഷ്ടിക്കുന്നു.ഇതാണ് പൂനുള്ളുന്നതുപോലെയുള്ളു, ഒരു ഗുളിക കഴിക്കേണ്ട കാര്യമേ ഉള്ളൂ, ചില പച്ചിലക്കൂട്ടുകൾ കഴിക്കേണ്ട കാര്യമേ ഉള്ളൂ എന്നീ സംസാരങ്ങൾക്കും ചിന്തകൾക്കും കാരണം. ഈ ചിന്തകളിൽ മാതൃശരീരത്തിന്റെ സുരക്ഷിതത്വത്തെപറ്റിയോ സർവോപരി മാതൃജീവനെപ്പറ്റിയോ ഒരു പരിഗണനയും നൽകുന്നതായി കാണുന്നില്ല..


പൂർണ്ണ വളർച്ച ആകുന്നതിനു മുൻപേ ഭ്രൂണത്തിനെയോ (embryo) ഗർഭപിണ്ഡത്തിനെയോ(fetus) ഗർഭപാത്രത്തിൽ നിന്നും മാതൃശരീരം തന്നത്താനെയോ (spontaneous) വൈദ്യശാസ്ത്രപരമായ ഇടപെടലുകളിലൂടെയോ (induced termination) വേർപെടുത്തുന്ന പ്രക്രിയയെയാണ് ഗർഭച്ഛിദ്രം (Termination of a pregnancy - abortion) എന്ന് വിവക്ഷിക്കുന്നത്. ഗ൪ഭാവസ്ഥയുടെ ആദ്യ ഇരുപത് ആഴ്ചകളിൽ ആണ് സാധാരണയായി ഗർഭച്ഛിദ്രം നടത്താറുള്ളത്.


വൈദ്യശാസ്ത്രപരമായ ഇടപെടലുകളിലൂടെ നടക്കുന്ന ഗ൪ഭച്ഛിദ്രത്തെ ആണ് MTP (Medical Termination of Pregnancy) എന്ന ചുരുക്കപേരിൽ അറിയപ്പെടുന്നത്. മരുന്നുകൾ വഴിയും ശസ്ത്രക്രിയ വഴിയും ആണ് വൈദ്യശാസ്ത്രപരമായ ഗർഭച്ഛിദ്രം (MTP) പൊതുവെ നടത്താറുള്ളത്. ഇത്തരത്തിൽ അല്ലാതെ മാതൃശരീരം തന്നത്താൻ നടത്തുന്നതിനെയാണ് പൊതുവെ ഗർഭം അലസൽ (miscarriage) എന്ന് പറയാറുള്ളത്. ഏതുവിധത്തിൽ സംഭവിച്ചാലും ഗ൪ഭാനന്തര വൈദ്യശാസ്ത്രപരമായ നടപടിക്രമങ്ങളും ശുശ്രൂഷകളും ഒരേപോലെയാണ്.


പ്രസവചികിത്സകർക്ക് (Obstetrician) മാതൃശരീരത്തിന്റെ സൗഖ്യവും ജീവനും ആണ് മുഖ്യം എന്നതിനാലാണ് ഇങ്ങനെ നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ പൊതുവെ ഒബ്സ്റ്റട്രിഷ്യൻ (Obstetrician) എന്ന പദത്തേക്കാൾ ഗൈനെക്കോളജിസ്റ്റ് (Gynecologist) എന്ന പദം കൂടുതൽ ഉപയോഗിച്ച് കാണുന്നു.


വൈദ്യശാസ്ത്രപരമായ ഗർഭച്ഛിദ്രം (MTP) എന്ന തീരുമാനത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ പ്രധാനമായും രണ്ടാണ്. ഭ്രൂണത്തിനോ (embryo) ഗ൪ഭപിണ്ഡത്തിനോ (fetus) ഗർഭകാലത്ത് പ്രായോഗികമായ (viable) വളർച്ച പ്രാപിക്കാൻ സാധിക്കില്ല എന്നും ഗുരുതരമായ ജന്മവൈകല്യങ്ങൾ ഉണ്ടാകുമെന്നും വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ട് പ്രസവചികിത്സകർ (Obstetrician) ശുപാ൪ശചെയ്യപ്പെടുമ്പോഴും സാമൂഹികസാമ്പത്തിക (Socioeconomic) ചുറ്റുപാടുകൾ അനുകൂലമല്ലാത്ത അവസ്ഥയിൽ അവിചാരിതമായി ഉണ്ടാകുന്ന ഗർഭം (unintended pregnancies) തുടരാൻ സാധിക്കില്ല എന്ന് ഇണകൾ തീരുമാനിക്കുമ്പോഴും ആണ്. ഇണകൾ സ്വീകരിച്ച ഗ൪ഭനിരോധനമാർഗ്ഗങ്ങളിൽ സംഭവിച്ച വീഴ്ചകാരണമുള്ള ഗ൪ഭങ്ങളാണ് കൂടുതലായും ഗ൪ഭച്ഛിദ്രത്തിനുവേണ്ടി വൈദ്യശാസ്ത്രത്തിൻ്റെ സഹായം തേടി എത്തുന്നത്.


രാജ്യത്തെ നിയമങ്ങൾ അവിവാഹിതകളായവർക്കും സ്വകാര്യതയോടെ വ്യക്തിത്വം സംരക്ഷിക്കാൻ ഗർഭഛിദ്രത്തിന് അനുമതി നൽകിയിട്ടുണ്ട്.


ആത്യന്തികമായി മാതാവിന്‍റെ തീരുമാനത്തിനും ആവശ്യത്തിനും ആണ് നിയമപ്രകാരമുള്ള സാധുതയുള്ളത്. അതിൻ പ്രകാരം മാത്രമേ ചികിത്സ തുടരാൻ സാധിക്കുള്ളു. മാതൃജീവന് ഗർഭം തികച്ചും ഭീഷണിയാകുമ്പോഴും മാതാവിന് സ്വയം തീരുമാനം എടുക്കാൻ പറ്റാത്ത ആരോഗ്യസ്ഥിതിയിൽ ആകുമ്പോഴും അതാതു രാജ്യത്തിലെ ഇതുസംബന്ധിച്ചുള്ള നിയമപ്രകാരം ഇതിനായുള്ള നിര്‍വാഹകസംഘം (Medical Board) കൂടി എടുക്കുന്ന തീരുമാനപ്രകാരം മുൻപോട്ട് പോകാവുന്നതാണ്.


പ്രകൃത്യാലുള്ളരീതിയിൽ ഇണചേരലിലൂടെ സ്ത്രീജനേന്ദ്രിയത്തിൽ എത്തുന്ന പുരുഷബീജം പലതരത്തിലുള്ള ജൈവരാസമാറ്റങ്ങൾക്ക് (biochemical) വിധേയമായി സങ്കലത്തിന് (fertilize an oocyte) ത്രാണിയുള്ളതാകുന്നു (Capacitation). പുരുഷബീജത്തിന്റെ തലഭാഗത്തിന് അണ്ഡത്തിന്റെ പുറംപാളിയെ തുളച്ചു കയറുവാനും വാൽഭാഗത്തിന് കൂടുതൽ ചലനശേഷിയും ഈ പ്രക്രിയയിലൂടെ പ്രാപ്തമാകുന്നു.


കൃത്രിമബീജസങ്കലനത്തിന് ചെലവ് കൂടുന്നതിന് ഒരുപ്രധാനകാരണം ഈ സൂക്ഷ്മപ്രക്രിയ പുറത്തുചെയ്യേണ്ടിവരുന്നതിനാലാണ്.


പ്രാപ്തനായ പുരുഷബീജം ഗർഭാശയമുഖത്തിലൂടെ (Cervix) ഗർഭാശയത്തിൽ (Uterus) പ്രവേശിക്കുകയും തുടർന്ന് ഗർഭാശയത്തിലൂടെ സഞ്ചരിച്ചു അണ്ഡവാഹിനിക്കുഴലിലേക്കു (Fallopian tube) പ്രവേശിക്കുന്നു. അധികം അറിയപ്പെടാത്ത ഒരുകാര്യമാണ്, ഇറ്റാലിയൻ കാത്തലിക് പുരോഹിതനായ (Catholic priest) ഗബ്രിയേൽ ഫാലോപ്പി (Gabriele Falloppio) എന്ന ലോകോത്തര ശരീരശാസ്ത്രജ്ഞന്റെ (anatomist) ബഹുമാനാർത്ഥമായാണ് അണ്ഡവാഹിനിക്കുഴലിന് ഇംഗ്ലീഷിൽ ഫലോപ്പിയൻ ട്യൂബ് എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളതെന്ന്. പത്തുമുതൽ പന്ത്രണ്ടു സെന്റിമീറ്റർ നീളം മാത്രമുള്ള അണ്ഡവാഹിനിക്കുഴലിന്റെ അണ്ഡാശയത്തിലേക്ക് (Ovary) വളയുന്ന ഭാഗത്തിനെയാണ് ആമ്പുല്ല (Ampulla) എന്നറിയപ്പെടുന്നത്.


സാധാരണയായി ബീജസംയോഗം (Fertilization) നടക്കുന്നത് ഇവിടെ വച്ചാണ്. അണ്ഡവാഹിനിക്കുഴലിന്റെ അണ്ഡാശയത്തിലേക്ക് ബന്ധിപ്പിക്കുന്ന ഭാഗത്തെ ഇൻഫുണ്ടിബുലം (Infundibulum) എന്നാണ് അറിയപ്പെടുന്നത്. അണ്ഡാശയത്തിൽനിന്നു അണ്ഡകം അണ്ഡവാഹിനിക്കുഴലിലേക്കു പ്രവേശിക്കുന്ന തൊങ്ങലുപോലുള്ള ഇൻഫുണ്ടിബുലം ഭാഗത്തെ ഫിംബ്രിയ (fimbriae) എന്നാണ് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്.


അണ്ഡകത്തിന് (Oocyte) ചുറ്റുമുള്ള ക്യുമുലസ് (Cumulus) കോശങ്ങൾ (Cells) പുറപ്പെടുവിക്കുന്ന സ്ത്രീഹോർമോൺ (Progesterone) പുരുഷബീജത്തെ അണ്ഡാശയഭാഗത്തേക്ക് ആകർഷിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്നു. ബീജസംയോഗം കഴിഞ്ഞ് ഉണ്ടാകുന്ന സിക്താണ്‌ഡം (Zygote) അണ്ഡവാഹിനിക്കുഴലിൽകൂടി തിരിച്ചു ഗർഭാശയത്തിലേക്കു സഞ്ചരിക്കുന്നു. ഏകദേശം അഞ്ചു ദിവസം എടുക്കുന്ന ഈ യാത്രയെ അണ്ഡവാഹിനിക്കുഴലിന്റെ ഉൾഭിത്തിയിലുള്ള തീരെ ചെറിയ മുടിരൂപത്തിൽ ഉള്ള സിലിയയുടെ (Cilia) ചലനവും അണ്ഡവാഹിനിക്കുഴലിന്റെ മാംസപേശികളുടെ (Muscle) പ്രവർത്തനവും ആണ് സഹായിക്കുന്നത്.


ഗർഭാശയത്തിൽ എത്തിച്ചേരുന്ന സിക്താണ്‌ഡം തുടർന്ന് ഗർഭാശയഭിത്തിയിലെ എൻഡോമെട്രിയത്തിൽ (Endometrium) ഉറച്ചാണ് കുഞ്ഞായി രൂപാന്തരപ്പെടുന്നത്. ഈശ്വരകൃപയാൽ ഇതുൾപ്പെടെ അതിസങ്കീർണ്ണമായ പലവിധകാര്യങ്ങൾ ചിട്ടയായി നടക്കുമ്പോൾ ആണ് ഒരു സന്താനമായി മാറുന്നത്. അതിനാൽ ഗർഭച്ഛിദ്രം എന്ന തീരുമാനം വളരെ ആലോചിച്ചതിനുശേഷമേ എടുക്കാവൂ എന്ന് സൂചിപ്പിക്കാൻ ആണ് ഇത്രയും കാര്യങ്ങൾ ആമുഖമായി പറഞ്ഞത്.


പ്രസവചികിത്സയിൽ (Obstetrics) ബിരുദാനന്തരബിരുതവും ദേശീയ മെഡിക്കൽ കമ്മീഷനിൽ (National Medical Commission - മുൻപത്തെ Medical Council of India) നിന്നും അംഗീകാരവും കിട്ടിയ ഒരു ഡോക്ടർക്ക് മാത്രമേ ഗർഭച്ഛിദ്രം നടത്താൻ ഇന്ത്യയിൽ അനുമതിയുള്ളു. രാജ്യത്തിലെ ഇപ്പോൾ നിലനിൽക്കുന്ന നിയമപ്രകാരം ഇരുപത് ആഴ്ച വരെ വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ ഒരു ഡോക്ടറുടെ ഉപദേശം മതിയാകും. പന്ത്രണ്ടാഴ്ച കഴിഞ്ഞാൽ രണ്ടാമതൊരു ഡോക്ടറുടെ ഉപദേശം കൂടി എടുക്കുന്നതാണ് മാതൃസുരക്ഷക്ക് എന്തുകൊണ്ടും ഉത്തമം.ചില പ്രത്യേകവിഭാഗത്തിൽ വരുന്നവർക്ക് ഇരുപതു മുതൽ ഇരുപത്തിനാലു ആഴ്ചവരെ പ്രായമായ ഗർഭത്തിന്‍റെ കാര്യത്തിൽ രണ്ടു ഡോക്ടർമാർക്ക് ചേർന്ന് തീരുമാനം എടുക്കാം. ലൈംഗീകാതിക്രമത്തിന്റെ ഇരകൾ, പ്രായപൂർത്തിയാകാത്തവർ, വൈവാഹിക അവസ്ഥയിൽ മാറ്റം സംഭവിച്ചവർ, മാനസികാരോഗ്യം ഇല്ലാത്തവർ, അസ്വാഭാവികതയുള്ള ഗർഭസ്ഥ ശിശുവിനെ ഗർഭം ധരിച്ചവർ, ദുരന്തത്തിലോ അടിയന്തിരാവസ്ഥയിലോ മനുഷ്യത്വപരമായ ആവശ്യം ഉള്ളവർ എന്നിവരാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്.


ഇരുപത്തിനാലാഴ്ചയിൽ കൂടുതൽ ഉള്ള അതിവൈകല്യത്തോട് കൂടിയ ഗർഭസ്ഥശിശുവിന്റെ കാര്യത്തിൽ ഇതിനുവേണ്ടിയുള്ള സംസ്ഥാനതല നിർവാഹകസംഘത്തിന് (State-level Medical Board) തീരുമാനം എടുക്കാം.


ഗർഭവുമായി ബന്ധപ്പെടിട്ടുള്ള എല്ലാകാര്യങ്ങളും അതിസങ്കീർണ്ണവും അതീവശ്രദ്ധവേണ്ടുന്നതും ആണ്.


ഓരോ ശരീരവും ഒന്നിനൊന്നു വ്യത്യസ്തമായതിനാൽ മാതാവിന്റെ സുരക്ഷാ ഉറപ്പുവരുത്തുക എന്നത് ശ്രമകരമായ കാര്യമാണ്. ഗർഭാശയത്തിനു പുറത്തുവച്ചു നടക്കുന്ന എല്ലാ ഗർഭധാരണങ്ങളും മാതാവിന്റെ ജീവന് ഭീഷണിയാകാൻ ഇടയുള്ളതാകുന്നു. അണ്ഡവാഹിനിക്കുഴലിൽ വച്ചുള്ള ഗർഭധാരണത്തിൽ (Ectopic Pregnancy) ശിശുവളരുമ്പോൾ അണ്ഡവാഹിനിക്കുഴൽ പൊട്ടി രക്തം ഒഴുകി മാതാവിന് ജീവനഷ്ടം സംഭവിക്കാൻ സാധ്യത ഉള്ളതിനാൽ അടിയന്തിരശസ്ത്രക്രിയ തന്നെ വേണ്ടി വന്നേക്കാം.


അതുപോലെ തന്നെ ഗർഭാശയത്തിൽ മുൻകാലങ്ങളിൽ ശസ്ത്രക്രിയയ്ക്ക് വിധേയമായിട്ടുണ്ടെങ്കിൽ, മരുന്നുകൾ വഴി പ്രസവപ്രക്രിയയിലേക്ക് (Medical Induction) കടക്കുകയാണെങ്കിൽ സങ്കോചം (Contraction) നടക്കുന്ന സമയത്ത് മുൻപുണ്ടായ മുറിപ്പാടിൽ കൂടി രക്തനഷ്ടം സംഭവിക്കാൻ സാധ്യതകൂടുതൽ ആണ്. അതുപോലെ സങ്കീർണ്ണം തന്നെയാണ് മറ്റാരോഗ്യപ്രശ്നങ്ങൾ ഉള്ളവരുടെയും കാര്യങ്ങൾ. ഇത്തരം വിഭാഗത്തിൽപ്പെട്ടവർ ആശുപത്രിയിൽ വച്ച് മാത്രമേ ഗർഭച്ഛിദ്രം നടത്താവൂ.


മൂത്രപരിശോധനയിലൂടെയുള്ള ഗർഭപരിശോധനാഫലം ഒരു സൂചനയായി മാത്രമേ വൈദ്യശാസ്ത്രപരമായി ഡോക്ടർക്ക് കാണാൻ സാധിക്കുകയുള്ളു. ബീറ്റ എച്ച്സിജി (beta hCG) എന്ന രക്തപരിശോധനയിലൂടെ മാത്രമേ ആധികാരികമായി ഗർഭധാരണം ഉറപ്പുവരുത്താൻ സാധിക്കുള്ളു.


ബീറ്റ എച്ച്സിജിയുടെ അളവ് ആയിരത്തിഅഞ്ഞൂറിൽ കൂടുമ്പോൾ മാത്രമേ അൾട്രാസൗണ്ട് സ്കാനിൽ കൂടി ഗർഭധാരണം എവിടെയാണ് നടന്നിരിക്കുന്നത് എന്ന് കൃത്യമായി നിർണ്ണയിക്കാൻ സാധിക്കൂ. മുൻപേ സൂചിപ്പിച്ച സങ്കീർണതകളും ഗർഭധാരണം നടന്ന സ്ഥലത്തിന്റെ കാര്യവും മുൻപ് ഗർഭധാരണം നടന്നിട്ടുണ്ടോ എന്നത് കൂടി പരിഗണിച്ചാണ് ഏതുരീതിയിലാണ് ഗർഭച്ഛിദ്രം നടത്തേണ്ടത് എന്ന് ഡോക്ടർമാർ തീരുമാനിക്കുന്നത്.


ഗർഭച്ഛിദ്രത്തിന് ഇണകളുടെ/മാതാവിന്‍റെ സമ്മതപത്രവും രാജ്യത്ത് നിലവിലുള്ള എല്ലാവിധ നിയമപരമായിട്ടുള്ള നിബന്ധനകൾക്കും വിധേയമായിട്ടുള്ള ആവശ്യമാണെങ്കിൽ ഗർഭച്ഛിദ്രത്തിന് മുൻപേ മാതൃസുരക്ഷ ഉറപ്പുവരുത്താൻ പലവിധ പരിശോധനകൾ നടത്തും. ഓരോ പരിശോധനയും എന്തിനു വേണ്ടി എന്ന് വ്യക്തമാക്കിയിട്ടുണ്ട്.


1. CBC (Complete Blood Count) - രക്തത്തിലെ എല്ലാ ഘടകപദാർത്ഥങ്ങളുടെയും സാന്നിദ്ധ്യം അറിയാൻ വേണ്ടിയാണിത്. ഘടകപദാർത്ഥങ്ങളുടെ ഏറ്റക്കുറച്ചിലുകൾ അതിനിർണ്ണായകമാണ്.

2. Virology - ശരീരത്തിൽ ഏതെങ്കിലും രോഗവിഷാണുവിന്‍റെ സാന്നിദ്ധ്യം ഉണ്ടോ എന്നറിയാൻ.

3. Liver Functions - കരള്‍ സംബന്ധമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്നറിയാൻ.

4. Kidney Functions - വൃക്ക സംബന്ധമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്നറിയാൻ.

5. Blood Group/ICT - രക്തഗ്രൂപ്പ് നിർണ്ണയത്തിനും രക്തത്തിലെ പ്രതിരക്ഷോത്തേജകവസ്തുവിന് (Antigen) എതിരായി പ്രതിദ്രവ്യത്തിന്റെ (Antibodies) സാന്നിദ്ധ്യം ഉണ്ടോ എന്ന് അറിയാൻ.

6. Urine Routine examination - മൂത്രത്തിന്‍റെ ഘടനാപരവും രാസപരവുമായ സൂക്ഷ്മപരിശോധന നടത്തി ഏതെങ്കിലും ന്യൂനതകൾ ഉണ്ടോ എന്നറിയാൻ.

7. Ultrasound scan - ഭ്രൂണത്തിൻ്റെ വളർച്ച, തൂക്കം, സ്ഥാനം, വളർച്ചാപ്രശ്നങ്ങൾ അഥവാ വൈകല്യങ്ങൾ എന്നിവ അറിയുവാൻ വേണ്ടി

8. Prothrombin Time and International Normalized Ratio (PT/INR) - രക്തസ്രാവം അല്ലെങ്കിൽ രക്തംകട്ടപിടിക്കൽ സംബന്ധിച്ചുള്ള ന്യൂനതകൾ കണ്ടെത്താനും നിർണ്ണയിക്കാനും സഹായിക്കുന്നു.


മരുന്നുകൾ വഴി നടക്കുന്ന ഗർഭച്ഛിദ്രമാണെങ്കിൽക്കൂടി ചിലപ്പോൾ വിരളമായി അതീവ ഗുരുതരാവസ്ഥ ഉണ്ടാകാറുണ്ട്. അതിനാൽ തന്നെ ജീവൻ രക്ഷക്ക് അടിയന്തിര ശസ്ത്രക്രിയ വേണ്ടിവന്നേക്കാം. ഇത്തരം സാഹചര്യങ്ങളിൽ ആശുപത്രിയിൽ എത്തിയതിനുശേഷം പരിശോധനകൾ നടത്തുക സാധ്യമല്ല. അതിനാൽ ശസ്ത്രക്രിയക്ക് മുൻപുള്ള തയ്യാറെടുപ്പുകൾ മരുന്നുകൾ കഴിക്കുന്നതിന് മുൻപ് തന്നെ സ്വീകരിക്കേണ്ടതാണ്. മരുന്നുകൾ കഴിച്ചശേഷം എന്തൊക്കെ ആണ് മാറ്റങ്ങൾ ഉണ്ടാവുക എന്ന് ഡോക്ടറോട് ചോദിച്ചു വ്യക്തമായി മനസ്സിലാക്കിയിരിക്കണം.


അതിൽ എന്തെങ്കിലും വ്യത്യാസങ്ങൾ ഉണ്ടായാൽ ഉടൻ ആശുപത്രിയിൽ എത്തിച്ചേരണം. മരുന്നുകൾ വഴി നടക്കുന്ന ഗർഭച്ഛിദ്രത്തിലെ ഒരു സങ്കീർണ്ണതയാണ് ഭ്രൂണം പൂർണ്ണമായി പോകാതെ തീരെ കുറച്ചെങ്കിലും അവശേഷിപ്പിക്കുന്നത്. ഇതും ജീവഭയം ഉണ്ടാക്കുന്നതാണ്. അതിനാലാണ് ഗർഭച്ഛിദ്രത്തിനുശേഷവും അൾട്രാസൗണ്ട് സ്കാൻ ചെയ്യുന്നത്. ഇതിലൂടെ ആണ് ഗർഭച്ഛിദ്രം പൂർണ്ണമായി എന്നുറപ്പിക്കാൻ സാധിക്കുന്നത്.


ഇന്ത്യയിലെ ഭൂരിപക്ഷം ഗർഭച്ഛിദ്രങ്ങളും ഇപ്പോഴും നടക്കുന്നത് മാതൃസുരക്ഷയെ തൃണവൽഗണിച്ചുകൊണ്ട് അരക്ഷിതമായ (unsafe) രീതിയിൽ ആണ് എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. അതുമൂലം തന്നെ വളരെയധികം വിലപ്പെട്ട ജീവനുകൾ ഓരോവർഷവും നമുക്ക് നഷ്ടപ്പെടുന്നു. ഭ്രൂണത്തെ നശിപ്പിക്കുന്നതിനേക്കാൾ മാതൃജീവനാണ് മുൻഗണനയും പരിഗണനയും ഗർഭച്ഛിദ്രത്തിൽ നൽകേണ്ടത് എന്ന് പുരുഷപങ്കാളി മനസ്സിലാക്കാത്തപ്പോഴാണ് ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുന്നത്.


ഗർഭച്ഛിദ്രത്തിന്റെ രഹസ്യാത്മകതയും സ്വകാര്യതയും നിയമം മൂലം മാതാവിന് ഉറപ്പുവരുത്തിയിട്ടുള്ള രാജ്യമാണ് ഇന്ത്യ.


നമ്മുടെ ആശുപത്രി അത് പൂർണ്ണമായും നടപ്പിൽ വരുത്തിയിട്ടും ഉണ്ട്. പരിശോധനകളിൽ കുറവുവരുത്തുന്നതും യാഥാർത്ഥ വൈദ്യസഹായം കൃത്യ സമയത്ത് തേടാത്തതും "അല്പലാഭം വെറും ചേതം" എന്ന പഴമൊഴി യാഥാർത്ഥ്യമാക്കുകയേ ഉളളൂ. അതുപോലെ തന്നെ എന്താണോ ഗോപ്യമാക്കാൻ ശ്രമിച്ചത് അത് പരസ്യമായി "വിനാശകാലേ വിപരീതബുദ്ധി" എന്ന പഴമൊഴിയും കൂടി യാഥാർത്ഥ്യമാക്കുകയേ ഉളളൂ.


യാതൊരുവിധ തെറ്റുകളും (Human Error) വരാതിരിക്കാനും ചികിത്സയുടെ ഗുണനിലവാരം (Quality) ഉയർത്തിപ്പിടിക്കാനും ആണ് നമ്മുടെ ആശുപത്രി സംവിധാനങ്ങൾ, ഏതൊരു ചികിത്സയ്‌ക്കും അതിനനുയോജ്യമായ ക്രമം (Protocol) വളരെയധികം ആലോചനകൾക്കും പുനർവിചിന്തനങ്ങൾക്കും ഗുണദോഷ അവലോകനങ്ങൾക്കും ശേഷം നിശ്ചയിച്ചു നടപ്പിലാക്കിയിരിക്കുന്നത്.Dr Neeta Ravindranathan
Consultant, Obstetrics & Gynecology
KIMSHEALTH, Trivandrum

Post a Comment

أحدث أقدم
Join Our Whats App Group