വാട്സാപ്പിൽ സന്ദേശം ലഭിച്ചയാൾ സ്ക്രീൻഷോട്ട് എടുത്തിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കുന്ന തരത്തിലുള്ള പുതിയ അപ്‌ഡേഷൻ വരുന്നെന്ന തരത്തിലുള്ള നിരവധി വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സന്ദേശം ലഭിച്ച വ്യക്തി അതിന്റെ സ്ക്രീൻ ഷോട്ട് എടുത്തെങ്കിൽ മൂന്നാമതൊരു ടിക്ക് കൂടി പ്രത്യക്ഷപ്പെടുമെന്നാണ് പറയുന്നത്. എന്നാൽ ഇത്തരത്തിലൊരു അപ്ഡേഷനും വാട്‌സാപ്പ് തയ്യാറാക്കുന്നില്ലെന്ന് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.നിലവിൽ വാട്‌സാപ്പിൽ രണ്ട് ടിക്കുകൾ ആണ് ലഭിക്കുക. അയച്ച സന്ദേശം ഫോണിൽ നിന്നും പോയി എന്ന് കാണിക്കുന്നതിന് ഒരു ടിക്കും, സന്ദേശം മറുതലയ്ക്കൽ എത്തി എന്ന് കാണിക്കുന്നതിന് രണ്ടാമതൊരു ടിക്കും വാട്‌സാപ്പിൽ ലഭിക്കും. സന്ദേശം ലഭിച്ച വ്യക്തി അത് കണ്ടു എന്നറിയിക്കുന്നതിന് വേണ്ടി രണ്ടാമത്തെ ടിക്ക് നീല നിറത്തിലാകും. നിലവിൽ ഈ രണ്ട് ടിക്കുകൾ മാത്രമേ വാട്‌സാപ്പിൽ ഉള്ളൂവെന്നും മൂന്നാമതൊരു ടിക്ക് കൊണ്ടുവരാൻ കമ്പനിക്ക് പദ്ധതിയില്ലെന്നും വാട്‌സാപ്പിന്റെ പുത്തൻ ഫീച്ചറുകളെ പൊതുജനത്തിന് പരിചയപ്പെടുത്തുന്ന വീ ബീറ്റ ഇൻഫോ അറിയിച്ചു.അതേസമയം സമീപമുള്ള വ്യാപാരകേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഒരാൾ ആവശ്യപ്പെടുന്നപക്ഷം സന്ദേശമായി നൽകുന്ന പുതിയ അപ്ഡേഷന്രെ പണിപ്പുരയിലാണ് വാട്സാപ്പെന്നാണ് ലഭിക്കുന്ന പുതിയ വിവരങ്ങൾ. എന്നാൽ ഈ അപ്ഡേഷനെകുറിച്ചുള്ള വിശദവിവരങ്ങൾ വാട്സാപ്പ് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. വ്യാപാരസ്ഥാപനങ്ങളുടെ വിവരങ്ങൾ മാത്രം ലഭ്യമാക്കുന്ന തരത്തിലുള്ള അപ്ഡേഷനാണോ അതോ വാട്സാപ്പ് വഴി സാധനങ്ങൾ ഓർഡർ ചെയ്യാനും ഇതുവഴി സാധിക്കുമോ എന്ന് വ്യക്തമല്ല.
إرسال تعليق