കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ള മുഴുവൻ പേരും പ്രതികളാകും. അക്രമവുമായി ബന്ധപ്പെട്ട് ഇന്നലെ 156 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ 50പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് കൂടുതൽ അറസ്റ്റ് രേഖപ്പെടുത്തും. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
സംഭവത്തില്‍ രണ്ട് ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തത്. വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികൾ 12-ലക്ഷം രൂപയുടെ നഷ്ട്ടം ഉണ്ടാക്കി എന്നും പോലീസ് പറയുന്നു. പോലീസ് വാഹനങ്ങൾ തീ കത്തിച്ചവരെയടക്കം ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിനിടെ പെരുമ്പാവൂർ എ എസ് പിയുടെ നേതൃത്വത്തിൽ 19 പേർ അടങ്ങിയ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു.
ഒരു രാത്രി മുഴുവൻ കിഴക്കമ്പലത്തെ മുൾമുനയിൽ നിർത്തിയായിരുന്നു അന്യസംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടിയത്. ക്രിസ്തുമസ് കരോൾ നടത്തുന്നതിനെച്ചൊല്ലി കിറ്റക്സിന്റെ ലേബർ ക്യാമ്പിൽ തൊഴിലാളികൾ തമ്മിൽ തർക്കമായി. മദ്യലഹരിയിൽ വാക്കേറ്റം തമ്മിൽത്തല്ലിൽ എത്തി. കയ്യാങ്കളി റോഡിലേക്ക് നീണ്ടതോടെയാണ് നാട്ടുകാർ പോലീസിനെ അറിയിച്ചത്. പോലീസെത്തിയിതോടെ തൊഴിലാളികൾ പോലീസിനെയും അക്രമിക്കുകയായിരുന്നു. ഒപ്പം പോലീസ് എത്തിയ ജീപ്പ് നൂറോളം വരുന്ന തൊഴിലാളികള്‍ ചേര്‍ന്ന് അടിച്ച് തകര്‍ക്കുകയും കുന്നത്തുനാട് പോലീസ് സ്റ്റേഷനിലെ ജീപ്പ് തൊഴിലാളികള്‍ തീ വെയ്ക്കുകയും ചെയ്തു. വാഹനം പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തിൽ കുന്നത്തുനാട് സി.ഐയ്ക്ക് അടക്കം അഞ്ച് പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
إرسال تعليق