Join Our Whats App Group

കൃഷിയിടത്തില്‍ നിന്നും പിന്‍മാറുകയെന്നാല്‍ മഹായുദ്ധത്തേക്കാള്‍ വലിയ ദുരന്തമാവും :മന്ത്രി പി പ്രസാദ്

കര്‍ഷകര്‍ കൃഷിയിടത്തില്‍ നിന്നും പിന്‍മാറുകയെന്നാല്‍ ലോക മഹായുദ്ധത്തേക്കാള്‍ വലിയ ദുരന്തമാവും ഫലമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പ്രകാരമുള്ള കൂണ്‍ ഗ്രാമം, ഭാരതീയ പ്രകൃതി കൃഷി പദ്ധതിയനുസരിച്ചുള്ള സസ്യ പോഷണ ഔഷധക്കൂട്ടുകളുടെ വിതരണം, പച്ചക്കറി തൈ നടീല്‍ എന്നിവയുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ച് കിരാച്ചി നവകേരള വായനശാല പരിസരത്ത് സംസാരിക്കുകയായിരുന്നു മന്ത്രി പി പ്രസാദ്.

കര്‍ഷകരെ സംരക്ഷിക്കുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. പച്ചക്കറിയുടെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടുകയെന്നതാണ് നമ്മുടെ കടമ. ഡോക്ടര്‍, സാങ്കേതിക വിദഗ്ധര്‍, നേതാക്കള്‍ തുടങ്ങിയവരെയൊന്നും മനുഷ്യന്റെ നിത്യജീവിതത്തില്‍ എപ്പോഴുംആവശ്യമില്ല. എന്നാല്‍ ഭക്ഷണത്തിന്റെ രൂപത്തില്‍  നിത്യസാന്നിധ്യമാണ് കര്‍ഷകനെന്നും കൃഷിയാണ് ജീവിതമെന്ന് നാം മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു .

ഭക്ഷണത്തിനായുള്ള അലച്ചിലാണ് മനുഷ്യ സമൂഹത്തിന്റെ വളര്‍ച്ച നിര്‍ണ്ണയിച്ചത്. വിശപ്പിന്റെ പരിഹാരം തേടിയുള്ള സഞ്ചാരമാണ് ആദിമ മനുഷ്യനെ കൃഷിയിലേക്കെത്തിച്ചത്. സാങ്കേതിക വിദ്യകളേറെ വികസിച്ച ഇക്കാലത്തും ഭക്ഷണമില്ലാതെ മനുഷ്യ സമൂഹത്തിന് കഴിയാനാവില്ല. നമുക്ക് വേണ്ടി ആരോ എവിടെയോ കൃഷി ചെയ്യുകയാണ്.

മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി സി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. പച്ചക്കറിതൈ വിതരണം കൂത്ത്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആര്‍ ഷീല നിര്‍വഹിച്ചു. കര്‍ഷകരായ പി യശോദ, എം രാഘവന്‍ എന്നിവരെ മന്ത്രി ആദരിച്ചു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയരക്ടര്‍ ടി വി സുഭാഷ് മുഖ്യാതിഥിയായി. തുടര്‍ന്ന് തെങ്ങിന്റെ പരിപാലന മുറകള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. അസി. പ്രിന്‍സിപ്പല്‍ ക്യഷി ഓഫീസര്‍ തുളസി ചെങ്ങാട്ട് ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ, മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ശാന്തമ്മ ടീച്ചര്‍, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ എം ഷീന, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി കെ ബഷീര്‍, ഒ ഗംഗാധരന്‍, കെ ലിജിഷ, മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തംഗം എം റോജ ,പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ചുമതലയുള്ള ഇ കെ അജിമോള്‍, മാങ്ങാട്ടിടം കൃഷി ഓഫീസര്‍ എ സൗമ്യ, സ്വാഗത സംഘം കണ്‍വീനര്‍ എ വല്‍സന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group