തിരുവനന്തപുരം: മുൻകൂർ അനുമതിയില്ലാതെ ജില്ലാ മെഡിക്കൽ ഓഫീസർമാർ (dmo) വാർത്താ സമ്മേളനങ്ങൾ നടത്തരുതെന്നും വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുതെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ഇക്കാര്യത്തിൽ ആരോഗ്യ ഡയറക്ടർ സർക്കുലർ പുറത്തിറക്കി. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പൊതുവായ വിവരങ്ങൾ പങ്കുവെക്കരുതെന്നും ഡിഎംഒമാർ മുൻകൂർ അനുമതിയില്ലാതെ വിവരങ്ങൾ മാധ്യമങ്ങൾക്ക് കൈമാറരുതെന്നാണ് സർക്കുലറിൽ ആവശ്യപ്പെടുന്നത്.
ആശയക്കുഴപ്പവും ജനങ്ങൾക്കിടയിൽ തെറ്റിധാരണ ഉണ്ടാക്കുന്നതും ഒഴിവാക്കാനാണ് നിർദേശമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ആധികാരികമല്ലാത്ത വിവരങ്ങൾ വകുപ്പിന്റെ യശസിന് കളങ്കം വരുത്തുന്നുവെന്നും ഉത്തരവിൽ പറയുന്നു. ഈ മാസം മൂന്നാം തീയതിയാണ് ഉത്തരവ് ഇറങ്ങിയത്. നേരത്തെ കോഴിക്കോട് ഡിഎംഒ, ജില്ലയിൽ നിന്നും ഒമൈക്രോൻ സാമ്പിൾ പരിശോധനയ്ക്ക് അയച്ചത് സംബന്ധിച്ച് വാർത്താ സമ്മേളനം നടത്തിയത് ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
അതിനിടെ അട്ടപ്പാടിയിലെ ശിശു മരണവും ഗർഭിണികളുടെ പ്രശ്നങ്ങളും മാധ്യമങ്ങൾ പുറത്തു കൊണ്ടുവന്നത് ചർച്ചയാകുകയും ആരോഗ്യ വകുപ്പിന് തന്നെ നാണക്കേടുണ്ടായ സംഭവം വിമർശനങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ജില്ലാ മെഡിക്കൽ ഓഫീസർമാർ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുതെന്ന നിർദ്ദേശം.
إرسال تعليق