ജയസൂര്യയുടെ കുറിപ്പ്:
ജീവിതത്തിലെ നല്ലൊരു ശതമാനം റോഡില്‍ ചെലവഴിക്കുന്നവരാണ് നാമെല്ലാവരും. പലപ്പോഴും റോഡുകളുടെ ശോചനീയാവസ്ഥ കാണുമ്ബോള്‍ നമ്മള്‍ പ്രതികരിച്ചു പോകാറുണ്ട്. അത്തരത്തിലുള്ള പ്രതികരണങ്ങള്‍ ഒരു പൗരന്‍ എന്ന നിലയില്‍ സ്വാഭാവികമായും നമ്മുടെ ഉള്ളില്‍നിന്ന് പുറത്തുവന്നു പോകുന്നവയാണ്. ഞാനും പ്രതികരിക്കാറുണ്ട്. അതിന് അനുകൂലമോ പ്രതികൂലമോ ആയ ധാരാളം അഭിപ്രായങ്ങളും ഞാന്‍ സമൂഹത്തില്‍നിന്ന് കേട്ടിട്ടുണ്ട്.
രണ്ടുദിവസം മുൻപ് ബഹുമാനപ്പെട്ട പൊതുമരാമത്ത് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് വിളിച്ചു, ഒരു പരിപാടിയില്‍ പങ്കെടുക്കാമോ എന്ന് ചോദിച്ചു. ഞാന്‍ വളരെയധികം ശ്രദ്ധിക്കുന്ന ഒരു വ്യക്തിത്വമാണ് ശ്രീ മുഹമ്മദ് റിയാസ്. ആത്മാര്‍ത്ഥമായി നാടിന് മാറ്റം വരണം എന്ന് ചിന്തിക്കുന്ന ഒരു യുവത്വത്തെ അദ്ദേഹത്തില്‍ കാണാന്‍ എനിക്ക് സാധിച്ചിട്ടുണ്ട് . അതുകൊണ്ടുതന്നെ പരിപാടിയില്‍ പങ്കെടുക്കാം എന്നു മറുപടി പറയാന്‍ ഒട്ടും താമസിക്കേണ്ടി വന്നില്ല. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ കുടുംബവും ഒന്നിച്ച് പ്രഭാത ഭക്ഷണം കഴിച്ചു പരിപാടിക്ക് പോകുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു, ഞാന്‍ എന്റെ ഉള്ളില്‍ തോന്നുന്നത് വേദിയില്‍ പറഞ്ഞോട്ടെ? അദ്ദേഹത്തിന്റെ മറുപടി നിങ്ങള്‍ ഉള്ളില്‍ തോന്നിയത് പറയും എന്നുള്ളതുകൊണ്ടാണ് നിങ്ങളെ വിളിച്ചത്, നാടിന് മാറ്റം വരണം, തെറ്റുകള്‍ ചൂണ്ടിക്കാട്ടപ്പെടണം. ആ വാക്കുകള്‍ ഞാന്‍ മുന്നേ സൂചിപ്പിച്ചതുപോലെ ആത്മാര്‍ത്ഥതയുടെ ശബ്ദമായിരുന്നു. ഞാന്‍ വേദിയില്‍ ഉന്നയിച്ച എല്ലാ കാര്യങ്ങള്‍ക്കും പ്രതിവിധി ഉണ്ടാക്കാം എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഈ വാക്ക് കേവലം ഒരു വാക്കല്ല ഇന്ന് പ്രാവര്‍ത്തികമായി കൊണ്ടിരിക്കുന്ന ഒരു സത്യമാണ് എന്നതാണ് ഇതുവരെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ എന്നെ ബോധ്യപ്പെടുത്തി തന്നത് , അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇനിമുതല്‍ നമ്മുടെ റോഡുകളില്‍ അത് പണിത കോണ്‍ട്രാക്ടറുടെ പേരും ഫോണ്‍ നമ്പറും വിലാസവും പ്രദര്‍ശിപ്പിക്കുക എന്ന രീതി. വിദേശങ്ങളില്‍ മാത്രം നമ്മള്‍ കണ്ടുപരിചയിച്ച വിപ്ലവകരമായ ഈ തീരുമാനം അദ്ദേഹം നടപ്പില്‍ വരുത്തുകയാണ്. റോഡുകള്‍ക്ക് എന്ത് പ്രശ്‌നം സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്വം പൂര്‍ണ്ണമായും കോണ്‍ട്രാക്ടറിലാണ് എന്ന് മാത്രമല്ല, അത് ജനങ്ങള്‍ക്ക് ഓഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ ആണ് എന്നതും ഒരു ജനകീയ സര്‍ക്കാറിന്റെ ലക്ഷണമാണ്. അതെ ജനകീയമായ ഒരു സര്‍ക്കാര്‍ ജനങ്ങളുടേതാവുന്നത് ജനങ്ങളുമായി അത് സജീവമായി ഇടപ്പെടുമ്പോൾ ആണ് . ശ്രീ റിയാസ് നമ്മുടെ ശബ്ദം കേള്‍ക്കുന്ന, അതിനു മൂല്യം കൊടുക്കുന്ന മന്ത്രിയാണ്. എനിക്കഭിമാനമുണ്ട് അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനത്തില്‍ . പ്രതീക്ഷയുണ്ട് ഇനി വരുന്ന പ്രവര്‍ത്തനങ്ങളില്‍
إرسال تعليق