കാസർകോട് : ഇനിയും കണ്ടില്ലെന്നു നടിക്കരുത്, നഗരപാതയിലെ വാരിക്കുഴിയാണ് തുറന്നിരിക്കുന്ന മാൻഹോൾ. ഏതു നിമിഷം വേണമെങ്കിലും അപകടങ്ങളുണ്ടാകുന്ന സ്ഥിതിയാണ് എംജി റോഡിൽ. ഇരു–മുചക്ര വാഹനങ്ങൾ ഓടിക്കുന്നവരുടെ കണ്ണൊന്നു തെറ്റിയാൽ, കാലിടറി വീഴുന്നത് മൂടി തകർന്ന മാൻഹോളിലേക്കാണ്. ഇതു താൽക്കാലികമായി മൂടി സൂചനാ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഡിവൈഡറിനും മാൻഹോളിനുമിടയിലൂടെ വലിയ വാഹനങ്ങൾക്കു പോകാനാകില്ല. വേഗത്തിലെത്തുന്ന വാഹനനങ്ങൾ മാൻഹോളിനു തൊട്ടുമുന്നിൽ വച്ച് ഇടത്തേക്കു വെട്ടിക്കുമ്പോൾ ആ വശത്തുകൂടി പോകുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാൻ സാധ്യതയേറെയാണ്.
മഴ പെയ്താൽ റോഡിലെ കുഴി തിരിച്ചറിയാൻ കഴിയാത്തതും പ്രശ്നമാണ്. മാൻഹോൾ തകർന്നിട്ടു രണ്ടാഴ്ചയിലേറെയായി. ഇതെക്കുറിച്ച് പറയുമ്പോൾ വിവിധ വകുപ്പ് അധികൃതർ പരസ്പരം ഒഴിഞ്ഞു മാറുകയാണ്. കാസർകോട് നഗരത്തിലെ തിരക്കേറിയ എംജി റോഡിൽ അമേയ് റോഡ് ജംക‍്ഷനു സമീപത്താണ് അപകട മാൻഹോൾ. ഇതുവഴി പോകുന്ന കലക്ടർ, ജില്ലാ പൊലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഈ വിഷയത്തിൽ ഇടപെടണമെന്നാണു യാത്രക്കാർ ആവശ്യപ്പെടുന്നത്.
പൊതുമരാമത്ത് വകുപ്പ് പറയുന്നത്:
പൊതുമരാമത്ത് വകുപ്പിന്റെ കോൺക്രീറ്റ് റോഡാണിത്. എന്നാൽ റോഡിലെ മാൻഹോൾ ബിഎസ്എൻഎല്ലിന്റെതാണ്. ടെലിഫോൺ കേബിൾ ജംക‍്ഷൻ ബോക്സാണ് ഇതിനകത്ത് ഉള്ളത്. ഇതിന്റെ മൂടിയാണു തകർന്നിട്ടുള്ളത്. ഇതു നന്നാക്കണമെന്നു ആവശ്യപ്പെട്ട് ബിഎസ്എൻഎൽ അധികൃതർക്കു രണ്ടിലേറെ തവണ കത്തു നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നു പൊതുമരാമത്ത് റോഡ് വിഭാഗം അധികൃതർ അറിയിച്ചു. മാൻഹോളിൽ വീണ് അപകടമുണ്ടായാൽ പഴി പൊതുമരാമത്ത് വകുപ്പിനായിരിക്കും. കേബിളുകളുടെ ജംക‍്ഷൻ ബോക്സ് ആയതിനാൽ നന്നാക്കാൻ അനുമതിയില്ല. എന്നാൽ ഇതു നന്നാക്കുന്നതിനിടെ എന്തെങ്കിലും കേടുപാടുകൾ ഉണ്ടായാൽ ഇതിന്റെ കുറ്റവും പൊതുമരാമത്തിനായിരിക്കും. ബിഎസ്എൻഎൽ അധികൃതർ നന്നാക്കാത്തതിനാൽ പൊലീസിൽ പരാതി നൽകിയിട്ടും ഇതുവരെ ഫലമുണ്ടായില്ല.
പൊലീസ് പറയുന്നത്:
തിരക്കേറിയ റോഡിലെ മൂടി തകർന്ന മാൻഹോളിൽ വാഹനങ്ങൾ വീണ് അപകടം ഉണ്ടാകാൻ സാധ്യത ഏറെയാണ്. രണ്ടാഴ്ചയിലേറെയായി ഈ സ്ഥിതി തുടരുന്നു. ചന്ദ്രഗിരിപ്പാലം വഴി ടാങ്കർ ഉൾപ്പെടെയുള്ള ചരക്കു ലോറികൾ എല്ലാം പോകുന്നത് ഇതിലൂടെയാണ്. റോഡിന്റെ മധ്യത്തിൽ മാൻഹോൾ ആയതിനാൽ ഗതാഗത കുരുക്കു രൂക്ഷമാണ്. മൂടി തകർന്ന ആദ്യ ദിവസങ്ങളിൽ മാൻഹോളിന്റെ ചുറ്റും പൊലീസ് ട്രാഫിക്കോൺ വച്ചിരുന്നു. എന്നാൽ രാത്രിയിൽ വാഹനങ്ങൾ ഇടിച്ചു തകർക്കുന്നു. ഇതേ തുടർന്നു ട്രാഫിക് കോണിനു പുറമേ താൽക്കാലിക ബാരിക്കേഡ് സ്ഥാപിച്ചുവെങ്കിലും വാഹനങ്ങൾ ഇടിച്ചിടുന്നത് പതിവായി. ഇതു നന്നാക്കിയില്ലെങ്കിൽ വൻ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്.
إرسال تعليق