Join Our Whats App Group

പച്ചകുത്താൻ ലൈസൻസ് വേണം; ശ്രദ്ധിച്ചില്ലെങ്കിൽ മാരകരോ​ഗങ്ങൾ പടരാനിടയാക്കും


എടപ്പാൾ: ടാറ്റൂ സ്ഥാപനങ്ങൾക്ക് കർശനനിയന്ത്രണങ്ങൾ വരുന്നു. ടാറ്റൂ സ്ഥാപനങ്ങളും അതു ചെയ്യുന്നവരും കൃത്യമായ മാനദണ്ഡങ്ങളും നിബന്ധനകളും പാലിക്കണമെന്ന ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ നിർദേശം നടപ്പാക്കാനൊരുങ്ങുകയാണ് ഉദ്യോഗസ്ഥർ.

പച്ചകുത്തുന്നവർക്ക് ലൈസൻസ് ഏർപ്പെടുത്തും. അതനുവദിക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറി, മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ, ഫുഡ് ഇൻസ്പെക്ടർ, ജില്ലാ ഡ്രഗ് അനലിസ്റ്റ്, മലിനീകരണനിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ എന്നിവരുടെ സമിതി രൂപവത്കരിക്കും. പച്ചകുത്തൽ തൊഴിലെടുക്കുന്നവർ പരിശീലനവും ജോലിപരിചയവും ഉള്ളവരായിരിക്കണം. ഇവർക്ക് പകർച്ചവ്യാധികളില്ലെന്ന് തെളിയിക്കുന്ന ഒരാഴ്ച മുൻപെടുത്ത സർട്ടിഫിക്കറ്റ് കമ്മിറ്റിക്കുമുന്നിൽ ഹാജരാക്കണം. ഉപയോഗിച്ച സാധനങ്ങൾ ശാസ്ത്രീയമായി നശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ആരോഗ്യവകുപ്പ് ഡയറക്ടർ ആവശ്യമായ നടപടികളെടുക്കണം. എന്നാൽ തെരുവോരങ്ങളിലും ഉത്സപ്പറമ്പുകളിലും പച്ചകുത്തൽ ഉപജീവനമാക്കിയ സാധാരണക്കാർക്ക് ഈ നിബന്ധനകൾ പാലിച്ചു മുന്നോട്ടുപോകാനാകുമോ എന്ന ആശങ്കയുമുണ്ട്.

അണുവിമുക്തമാക്കാത്ത സൂചികളുപയോഗിച്ച് പച്ചകുത്തുന്നത് മാരകരോഗങ്ങൾ പടരാനിടയാക്കുമെന്നാണ് മുന്നറിയിപ്പ്. അണുവിമുക്തമാക്കാത്ത സൂചികളുപയോഗിക്കുന്നതും ഒരേ മഷി ആവർത്തിച്ചുപയോഗിക്കുന്നതും അലർജി, നീർക്കെട്ട്, ത്വക്കിൽ കാൻസർ, മറ്റു ത്വഗ്രോഗങ്ങൾ തുടങ്ങിയവയ്ക്കു കാരണമാകും. ഹെപ്പറ്റൈറ്റിസ് ബി., എച്ച്.ഐ.വി., ടെറ്റനസ് എന്നിവയും പകരുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിലുണ്ട്.

*ഇവ ശ്രദ്ധിക്കുക*

പച്ച കുത്താനുപയോ​ഗിക്കുന്ന സൂചികൾ അണുവിമുക്തമാക്കണം

പച്ചകുത്തുന്നയാൾ കൈയുറ ധരിക്കണം. ഉപയോ​ഗിച്ചശേഷം അതു നശിപ്പിക്കണം

സൂചികളും ഡൈ നിറച്ച ട്യൂബുകളും സീൽ ചെയ്ത പാക്കറ്റുകളിലാണെന്ന് ഉറപ്പാക്കണം.

ആവർത്തിച്ചുപയോ​​ഗിക്കുന്ന എല്ലാ വസ്തുക്കളും ഓരോ ഉപയോ​ഗത്തിനുശേഷവും അണുവിമുക്തമാക്കണം

പച്ചകുത്തുകാർ ഹെപ്പറ്റൈറ്റിസ് ബി കുത്തിവെപ്പ് എടുത്തിരിക്കണം

പച്ചകുത്തുന്നതിന് മുമ്പും ശേഷവും കുത്തിയ ഭാ​ഗം സോപ്പുപയോ​ഗിച്ച് കഴുകണം.

Post a Comment

أحدث أقدم
Join Our Whats App Group