സിപിഎം 23ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങൾക്ക് നാളെ തുടക്കം. ആദ്യ ജില്ലാ സമ്മേളനം പാർട്ടി കോൺഗ്രസിന് വേദിയാകുന്ന കണ്ണൂരിൽ. വയനാടും സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്ന കൊച്ചിയിലും 15ന് ജില്ലാ സമ്മേളനങ്ങൾ തുടങ്ങും. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന തരത്തിലാണ് ജില്ലാ സമ്മേളനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
കോടിയേരി ബാലകൃഷ്ണൻ വീണ്ടും സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്ത ശേഷം ആരംഭിക്കുന്ന സമ്മേളനങ്ങൾക്ക് പ്രക്തിയേറിയാണ്. ഒന്നര ദിവസത്തിലധികം നീണ്ടു നിൽക്കുന്ന ഗ്രൂപ്പ് -പൊതുചർച്ചകളാണ് ജില്ലാ സമ്മേളനങ്ങളിൽ നടക്കുക. നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം മുതൽ സംസ്ഥാന സർക്കാരിനെതിരേ ഉയരുന്ന ആരോപണങ്ങൾ വരെ സമ്മേളനത്തിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചേക്കും. മുഖ്യമന്ത്രി പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും എല്ലാ ജില്ലാ സമ്മേളനങ്ങളിലും ഭൂരിഭാഗം സമയവും പങ്കെടുക്കുന്ന തരത്തിലാണ് ക്രമീകരണങ്ങൾ.
അസുഖബാധിതായതിനെ തുടർന്ന് സിപിഎം ചരിത്രത്തിൽ തന്നെ വി.എസ്. അച്യുതാനന്ദൻ പങ്കെടുക്കാതെയുള്ള ഒരു സമ്മേളന കാലയളവിനാണ് സിപിഎം സാക്ഷ്യം വഹിക്കുന്നത്. വി.എസ് - പിണറായി പോരിന് പൂർണമായും തീരശീല വീണശേഷമുള്ള സമ്മേളനം. കോടിയേരി - പിണറായി അച്ചുതണ്ടിലേക്ക് സിപിഎമ്മിന്റെ ശക്തി കേന്ദ്രീകരിക്കപ്പെട്ട ശേഷമെത്തുന്ന സമ്മേളനങ്ങൾ ഏറെ രാഷ്ട്രീയ പ്രസക്തിയുള്ളതാണ്.
നിലവിൽ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിമാരായി പ്രവർത്തിക്കുന്നവർ തന്നെ വീണ്ടും സെക്രട്ടറിമാരായി തുടർന്നേക്കുമെന്നാണ് സിപിഎം വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിലും മന്ത്രിസഭാ രൂപീകരണ വേളയിലും സിപിഎം ഉയർത്തിയ "പുതുമുഖ സിദ്ധാന്തം' സമ്മേളനങ്ങളിലും നടപ്പാക്കുന്നതിനുള്ള സാധ്യതയേറെയാണ്. ജില്ലാ സെക്രട്ടറിമാർ മാറിയില്ലെങ്കിൽ പോലും സെക്രട്ടേറിയേറ്റിലുൾപ്പെടെ വലിയ അഴിച്ചു പണികളുണ്ടാകും. ജില്ലാ കമ്മിറ്റി അംഗങ്ങളായി പുതുമുഖങ്ങളെ സമ്മേളനത്തിൽ തെരഞ്ഞെടുക്കുകയും സംസ്ഥാന സമ്മേളനത്തിനുശേഷം പുതുമുഖങ്ങൾക്ക് അവസരം നൽകി ജില്ലാ സെക്രട്ടേറിയേറ്റുകൾ രൂപീകരിക്കുകയെന്നതുമാണ് സംസ്ഥാന നേതൃത്വം ലക്ഷ്യമിടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ നേതാക്കൾക്കെതിരേ നടപടിയെടുത്ത എറണാകുളത്ത് പകുതിയിലേറെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങൾ പുതുമുഖങ്ങളായിരിക്കുമെന്നാണ് സൂചന. കണ്ണൂരിലും കോഴിക്കോട്ടും പുതുമുഖങ്ങൾ പ്രത്യേക പരിഗണന നൽകിയേക്കും.
അതേസമയം, സിപിഎം സമ്മേളനങ്ങളിൽ പടരുന്ന പ്രാദേശിക വിഭാഗീയത പ്രവർത്തനങ്ങളെ കുറിച്ചും വിമർശനങ്ങളുയർന്നേക്കും. പാർട്ടിയുടെ ശക്തി കേന്ദ്രമായ കണ്ണൂരിൽ ഉൾപ്പെടെ ഇത്തരം പ്രാദേശിക വിഭാഗീയ പ്രവർത്തനങ്ങൾ ശക്തമാണെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്. പാലക്കാട്ടും, ആലപ്പുഴയിലുമെല്ലാം സമ്മേളനങ്ങളിൽ പ്രതിനിധികൾ പരസ്പരം ഏറ്റുമുട്ടിയതു പോലുള്ള പ്രവർത്തനങ്ങൾക്കെതിരേ ജില്ലാ സമ്മേളനങ്ങളിൽ ശക്തമായ താക്കീതിനും സംസ്ഥാന നേതൃത്വം മുതിർന്നേക്കും. ആലപ്പുഴയിൽ ജി.സുധാകര പക്ഷവും എച്ച്.സലാം എംഎൽഎ, എ.എം. ആരിഫ് എംപി എന്നിവർ നടത്തുന്ന വിഭാഗീയ പ്രവർത്തനങ്ങളും സമ്മേളനത്തിൽ ചൂടേറിയ ചർച്ചയാകും.
പാർട്ടിയുടെ ശക്തി കേന്ദ്രമായി മാടായിയിലെ എരിപുരത്താണ് സംസ്ഥാനത്തെ ആദ്യ ജില്ലാ സമ്മേളനം നാളെ നടക്കുക. ഏറ്റവും ഒടുവില് നടക്കുന്നതാകട്ടെ തെരഞ്ഞെടുപ്പിനെത്തുടര്ന്ന് വിഭാഗീയത പുതിയ വഴിത്തിരിവിലെത്തിയ ആലപ്പുഴയിലുമാണ്. പുതിയ വിഭാഗീയ സാഹചര്യത്തിൽ ജനുവരി 28, 29, 30 തീയതികളിൽ കണിച്ചുകുളങ്ങരിയിൽ നടക്കുന്ന സമ്മേളനത്തിൽ പിബി അംഗങ്ങളെ ഉൾപ്പെടെ പങ്കെടുപ്പിച്ചു കൊണ്ടായിരിക്കും സമ്മേളന നടപടികൾ പൂർത്തിയാക്കുക. കൊവിഡ് പശ്ചാത്തലത്തിൽ പൊതുസമ്മേനങ്ങൾ ഒഴിവാക്കാനായിരുന്നു ധാരണയെങ്കിലും നിലവിലത്തെ സാഹചര്യത്തിൽ പൊതുസമ്മേളനങ്ങൾ നടത്താനാണ് തീരുമാനം. എന്നാൽ പൊതുസമ്മേളനത്തോടനുബന്ധിച്ചുള്ള റാലികൾ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന സമ്മേളനം അടുത്ത വർഷം മാർച്ച് ഒന്നുമുതൽ നാലുവരെ എറണാകുളത്താണ് നടക്കുക.
إرسال تعليق