കണ്ണൂർ: മൂന്നു ബിബിഎ വിദ്യാർഥികളുടെ മാത്രം സപ്ലിമെന്ററി പരീക്ഷകളുടെ മൂല്യനിർണയം നടത്താനും തുടർന്ന് പരീക്ഷാനിയമങ്ങളൊന്നും പാലിക്കാതെ എത്രയും പെട്ടെന്ന് ഫലം പ്രസിദ്ധീകരിക്കാനുമായി വൈസ് ചാൻസലർ നൽകിയ നിർദേശത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടിയ പരീക്ഷാഭവനിലെ ജീവനക്കാരെ സ്ഥലം മാറ്റി. ബിബിഎ ടാബുലേഷൻ ചെയ്യുന്ന രണ്ട് സെക്ഷൻ ഓഫീസർമാരെയും ബന്ധപ്പെട്ട അസിസ്റ്റന്റ് രജിസ്ട്രാർ, മൂല്യനിർണയ ക്യാമ്പുകളുടെ കോ-ഓർഡിനേറ്ററായ അസിസ്റ്റന്റ് രജിസ്ട്രാർ, ക്യാമ്പുകളുടെ ടീച്ചേഴ്സിനെ പോസ്റ്റ് ചെയ്യാൻ ചുമതലയുള്ള അസിസ്റ്റന്റ് രജിസ്ട്രാർ എന്നിങ്ങനെ ആറോളം അസിസ്റ്റന്റ് രജിസ്ട്രാർമാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
സ്റ്റാഫ് ഓർഗനൈസേഷൻ പ്രതിഷേധിച്ചു
സ്ഥലംമാറ്റ നടപടികളിൽ സ്റ്റാഫ് ഓർഗനൈസേഷൻ പ്രതിഷേധിച്ചു. ചട്ടങ്ങളൊന്നും പാലിക്കാതെ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്നരീതിയിൽ പിൻവാതിൽ നിയമനം നേടിയ വൈസ് ചാൻസലറിൽനിന്ന് ഇത്രയൊക്കെ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂവെന്ന് സ്റ്റാഫ് ഓർഗനൈസേഷൻ ആരോപിച്ചു. കഴിഞ്ഞ നാലു വർഷം തികച്ചും ഏകപക്ഷീയമായി മാത്രം കാര്യങ്ങൾ ചെയ്തുവന്നിരുന്ന അതേ രീതി തന്നെയാണ് വിസി പിന്തുടരുന്നതെന്ന് പ്രസിഡന്റ് ഇ.കെ. ഹരിദാസ് പറഞ്ഞു. ജനറൽ സെക്രട്ടറി പി.വി. രഞ്ജിത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് ഷാജി കരിപ്പത്ത് നന്ദിയും പറഞ്ഞു.
إرسال تعليق