പാലാ സെന്റ് തോമസ് കോളജില്‍ വെച്ച് കൊല്ലപ്പെട്ട നിതിന മോളുടെ കുടുംബത്തിന് സഹായവുമായി ഡിവൈഎഫ്‌ഐ. കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച 15 ലക്ഷം രൂപ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിതിനയുടെ അമ്മ വിന്ദുവിന് കൈമാറി. കടുത്ത ശ്വാസകോശ രോഗിയായ ബിന്ദുവിനെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പണം സമാഹരിച്ചത്. പത്ത് ലക്ഷം രൂപ സ്ഥിര നിക്ഷേപമായും അഞ്ച് ലക്ഷം സേവിംഗ് നിക്ഷേപമായും ബാങ്കിലിട്ട് നല്‍കി.
ഡിവൈഎഫ്‌ഐയുടെ മേഖലാ ഭാരവാഹിയായിരുന്നു നിതിന മോള്‍. 2021 ഒക്ടോബര്‍ ഒന്നിന് കോളജ് കാമ്പസില്‍ വെച്ചാണ് നിതിനയ്ക്ക് നേരെ സഹപാഠിയുടെ ആക്രമണം ഉണ്ടായത്. പാലാ സെന്റ് തോമസ് കോളജിലെ അവസാനവര്‍ഷ ഫുഡ് ടെക്‌നോളജി വിദ്യാര്‍ത്ഥിനിയായിരുന്നു നിതിന. പരീക്ഷ എഴുതാന്‍ എത്തിയ നിതിനയുമായി സഹപാഠിയായ അഭിഷേക് ബൈജു വഴക്കുണ്ടാക്കുകയും ആക്രമിച്ച് കൊലപ്പെടുത്തുകയും ആയിരുന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള കുത്തില്‍ രക്ത ധമനികള്‍ മുറിഞ്ഞ് രക്തം വാര്‍ന്നതാണ് നിതിനയുടെ മരണ കാരണം എന്നാണ് പോസ്റ്റുമോട്ടം റിപ്പോര്‍ട്ടിലുള്ളത്. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയത് എന്നാണ് അഭിഷേക് പൊലീസിന് മൊഴി നല്‍കിയത്. ഇയാള്‍ക്ക് എതിരെയുള്ള കുറ്റപത്രം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
إرسال تعليق