Join Our Whats App Group

ആപ്പിളിന്റെ പുതിയ സാങ്കേതിക വിദ്യ നടപ്പിലായാൽ കുട്ടികൾ നഗ്‌ന ദൃശ്യങ്ങൾ കാണില്ല; കുട്ടികൾ അയക്കുകയോ സ്വീകരിക്കുകയോ ചെയ്യും മുൻപ് ചിത്രങ്ങൾ ബ്ലർ ആകും

 മൊബൈൽ ഫോൺ ഉൾപ്പടെയുള്ള ആധുനിക സാങ്കേതിക വിദ്യ കോവിഡ് കാലത്ത് കുട്ടികളുടെ പഠനം തുടരാൻ ഏറെ സഹായകരമായതാണ്. 



എന്നാൽ, അതേ സാങ്കേതികവിദ്യ തന്നെ ദുരുപയോഗം ചെയ്യപ്പെടുന്നതും പുതിയ കാര്യമല്ല. വഴിതെറ്റുന്ന ബാല്യത്തിന് ഒരു കാരണമായി സാമൂഹ്യ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടിയിരുന്നത് ആധുനിക സാങ്കേതികവിദ്യയുടെ ദുരുപയോഗമായിരുന്നു. എന്നാൽ ഇപ്പോൾ ഇതാ അതിനൊരു പരിഹാരവുമായി ആപ്പിൾ എത്തിയിരിക്കുന്നു. കുട്ടികളെ നഗ്‌ന ചിത്രങ്ങൾ അയയ്ക്കുന്നതിൽ നിന്നും സ്വീകരിക്കുന്നതിൽ നിന്നും തടയുന്ന പുതിയ സാങ്കേതിക വിദ്യയാണ് ആപ്പിൾ വികസിപ്പിച്ചിരിക്കുന്നത്.


അക്കൗണ്ടിൽ കുട്ടികൾ എന്ന് രേഖപ്പെടുത്തിയിട്ടുള്ളവരുടെ മെസേജുകളിലെ അറ്റാച്ച്മെന്റുകൾ വിശകലനം ചെയ്യുന്ന ഈ സാങ്കേതിക വിദ്യയുടെ ബീറ്റ ടെസ്റ്റിങ് നടക്കുകയാണ്. ഒരു കുട്ടി നഗ്‌ന ചിത്രം അയയ്ക്കുവാനോ സ്വീകരിക്കുവാനോ ശ്രമിച്ചാൽ ആ ചിത്രം താനെ മങ്ങിപ്പോവുകയും ആ ചിത്രത്തെ കുറിച്ചുള്ള മുന്നറിയിപ്പ് കുട്ടിക്ക് ലഭിക്കുകയും ചെയ്യും. എന്നിരുന്നാലും ഇത്തരത്തിലുള്ള കണ്ടന്റുകൾ അയയ്ക്കുവാൻ കുട്ടികൾക്ക് വേറെ പല വഴികളുമുണ്ട്. അവർക്ക് വിശ്വാസമുള്ള ആരുടെയെങ്കിലും സഹായം ഇക്കാര്യത്തിൽ തേടാനാവും.


മെസേജ് എൻക്രിപ്ഷൻ ഈ പുതിയ സാങ്കേതിക വിദ്യയിൽ ഉപയോഗിച്ചിട്ടുണ്ടെന്നും നഗ്‌ന ചിത്രങ്ങൾ കണ്ടെത്തിയാൽ അവ ഉപകരണത്തിന്റെ പുറത്തേക്ക് പോകില്ലെന്നും ആപ്പിൾ ഉറപ്പു നൽകുന്നു. ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് ആപ്പിൾ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ചൊവാഴ്‌ച്ച പുറത്തിറക്കിയ ആപ്പിളിന്റെ ഐ ഒ എസ് 15.2 ന്റെ സെക്കൻഡ് ബീറ്റയിൽ ഈ പുതിയ സൗകര്യം ചേർത്തിട്ടുണ്ട്. നഗ്‌ന ചിത്രം ഒരു മെസേജിൽ കണ്ടെത്തിയാൽ ആ മെസേജ് ബ്ലോക്ക് ചെയ്യുകയും മെസേജിൽ വൈകാരികമായ ഉള്ളടക്കമുണ്ടെന്നുള്ള മുന്നറിയിപ്പ് നൽകുകയും ചെയ്യും. പിന്നീട് അത് കാണുവാനായി ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെട്ട് ലിങ്ക് നൽകും.


ചിത്രം കാണാൻ ആഗ്രഹിച്ച് കുട്ടി ആ ലിങ്കിൽ ക്ലിക്ക് ചെയ്താൽ കൂടുതൽ വിവരങ്ങളുമായി മറ്റൊരു സ്‌ക്രീൻ പ്രത്യക്ഷപ്പെടും. സ്വകാര്യ ഭാഗങ്ങൾ ഉൾപ്പടെ നഗ്‌നത പ്രദർശിപ്പിക്കുന്ന ചിത്രമാണിതെന്നും ഒരുപക്ഷെ നിങ്ങളെ അപകടത്തിൽ പെടുത്താൻ വേണ്ടിയാകാം ഈ സന്ദേശമെന്നും ആ സ്‌ക്രീനിൽ തെളിയും. ആപ്പിളിന്റെ പുതിയ കമ്മ്യുണിക്കേഷൻ സേഫ്റ്റി പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്.


13 വയസ്സിൽ താഴെയുള്ള കുട്ടികളുള്ള മാതാപിതാക്കൾക്കായി ആഗസ്റ്റിലായിരുന്നു കമ്മ്യുണിക്കേഷൻ സേഫ്റ്റി ആദ്യം വികസിപ്പിച്ചത്. കുട്ടികൾ നഗ്‌ന ചിത്രങ്ങൾ മെസേജുകളിൽ കാണുകയോ അയയ്ക്കുകയോ ചെയ്താൽ മാതാപിതാക്കൾക്ക് വിവരം ലഭിക്കുന്ന സൗകര്യമാണിത്. എന്നാൽ, ഇത്തരത്തിലുള്ള സൗകര്യം ഒരുപക്ഷെ മാതാപിതാക്കൾ അക്രമാസക്തരാകാൻ ഇടയാക്കിയേക്കാം എന്ന വിമർശനത്തെ തുടർന്ന് ആപ്പിൾ ഇത് തത്ക്കാലത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്.

Post a Comment

أحدث أقدم
Join Our Whats App Group