ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ കോവിഡ് വൈറസിനെ ആശങ്കയുടെ വകഭേദമെന്നാണ് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലുള്ള വാക്സീനുകൾ പുതിയ വകഭേദത്തിനു ഫലപ്രദമാണോ എന്നത് അറിയാൻ ആഴ്ചകളെടുക്കുമെന്നും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. കോവിഡ് വന്നു പോയവരിലും വൈറസ് ബാധയുണ്ടാക്കാൻ പുതിയ വകഭേദമായ ഒമിക്രോണിനു കഴിയുമെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഈ വൈറസ് എത്രമാത്രം രോഗതീവ്രത വർധിപ്പിക്കുമെന്നതിൽ വ്യക്തതയില്ല. യൂറോപ്പിലേക്കും ഏഷ്യയിലേക്കും ഒമിക്രോൺ കേസുകൾ പടർന്നതും ആശങ്ക കൂട്ടുന്നു
ഡെൽറ്റ ഉൾപ്പെടെ മറ്റു വകഭേദങ്ങളുമായുള്ള താരതമ്യത്തിൽ ഒമിക്രോണിൽ അൻപതോളം ജനിതക മാറ്റങ്ങൾ സംഭവിച്ചുവെന്നാണു സൂചന. ചില മാറ്റങ്ങൾ ആശങ്കജനകമാണ്. ഒമിക്രോൺ വഴി കോവിഡ് വന്നവരിൽ രോഗലക്ഷണങ്ങൾക്കു വലിയ മാറ്റമില്ല. ദക്ഷിണാഫ്രിക്കയിൽ നിന്നും നെതർലാൻഡ്സിലെത്തിയ വിമാനത്തിൽ പത്തുശതമാനം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതോടൊപ്പം യൂറോപ്പിന്റെ പല ഭാഗങ്ങളിലും ഓമിക്രോൺ എന്ന പുതിയ വകഭേദത്തിന്റെ സാന്നിദ്ധ്യം കൂടി സ്ഥിരീകരിച്ചിരിക്കുകയാണ്.
യൂറോപ്പിൽ ഓമിക്രോണിന്റെ സാന്നിദ്ധ്യം ആദ്യം കണ്ടെത്തിയത് ബെൽജിയത്തിലായിരുന്നു. വാക്സിൻ എടുക്കാത്ത ഒരു വനിതയായിരുന്നു ഇത്. തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ സന്ദർശനത്തിനിടയിലാണ് ഇവരെ ഈ വകഭേദം ബാധിച്ചത്. അതിനു തൊട്ടു പുറകെ ബ്രിട്ടനിലും രണ്ടുപേരിൽ ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. നോട്ടിങ്ഹാമിലും, എസ്സെക്സിലെ ബ്രെന്റ്ഫോർഡിലുമാണ് ഇത് സ്ഥിരീകരിച്ചത്. ഇവർ രണ്ടുപേരും സൗത്ത് ആഫ്രിക്ക സന്ദർശിച്ച് മടങ്ങിയവരാണ്. ആസ്ട്രേലിയയിലും ഈ ഭീകര വൈറസ് എത്തിയിട്ടുണ്ടെന്ന് കരുതപ്പെടുന്നു.
ഓമിക്രോൺ വകഭേദത്തെ ഭയന്ന് അതിർത്തികൾ അടച്ചുപൂട്ടുന്ന രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്കയും ചേർന്നു. ആഗോളാടിസ്ഥാനത്തിൽ തന്നെ വാക്സിൻ പദ്ധതി വിജയം കണ്ടെത്തിയാൽ മാത്രമേ ഈ മഹാവ്യാധിയെ തടയാൻ കഴിയൂ എന്ന് ജോ ബൈഡൻ പറഞ്ഞു. ന്യു യോർക്ക് നഗരത്തിൽ 2020 ഏപ്രിൽ കണ്ടതുപോലുള്ള രോഗവ്യാപനം ഉണ്ടായതോടെ അവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇതിനിടെ ദക്ഷിണാഫ്രിക്കയിൽനിന്ന് ബെംഗളൂരുവിലെത്തിയ രണ്ടു പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നെങ്കിലും ഇവർക്കു ഡെൽറ്റ വകഭേദമാണുള്ളതെന്നു പിന്നീടു തിരിച്ചറിഞ്ഞു. ഒമിക്രോൺ ആശങ്കയിൽ നിയന്ത്രണങ്ങളും കർണാടക കർശനമാക്കി. വിമാനത്താവളത്തിലെത്തുന്ന രാജ്യാന്തര യാത്രക്കാര്‍ക്കു നിർബന്ധിത പരിശോധന ഏർപെടുത്തും. കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നെത്തുന്നവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. അതേ സമയം രാജ്യം വീണ്ടുമൊരു ലോക്ക്ഡൗണിലേക്ക് പോകുമോ എന്നാണ് ഏവരും ഇപ്പോൾ ഉറ്റു നോക്കുന്നത്.
إرسال تعليق