ഭോപാല്‍:
ലൈംഗിക പീഡനത്തിനിരയായ 15 കാരി പ്രസവിച്ചു. ആശുപത്രി വിട്ടതിന് പിന്നാലെ 40 ദിവസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്. നാണക്കേടോര്‍ത്താണ് കൊല നടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റുചെയ്തത്. ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം പെണ്‍കുട്ടിയെ ജുവനൈല്‍ കേന്ദ്രത്തിലേക്ക് മാറ്റി.
സംഭവത്തെ കുറിച്ച് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞത്;
മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലാണ് പിഞ്ചുകുഞ്ഞിനെ 15കാരിയായ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. പീഡനത്തിനിരയായ 15-കാരി ഒക്ടോബര്‍ 16-നാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ദിവസങ്ങള്‍ക്ക് മുമ്പാണ് സുഖമില്ലെന്ന് പറഞ്ഞ് കുഞ്ഞുമായി 15-കാരി ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുഞ്ഞ് മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.
സംശയം തോന്നിയ ഡോക്ടര്‍മാര്‍ വിവരം പൊലീസില്‍ അറിയിക്കുകയും മൃതദേഹം പോസ്റ്റുമോര്‍ടെത്തിനായി അയക്കുകയും ചെയ്തു. പോസ്റ്റുമോര്‍ടെം
റിപോര്‍ടില്‍ ശ്വാസംമുട്ടിയാണ് മരണംസംഭവിച്ചതെന്ന് വ്യക്തമായി. ഇതോടെ പെണ്‍കുട്ടിയെ ചോദ്യം ചെയ്യുകയും കൊലപാതകം പുറത്താവുകയും ചെയ്തു.
ഗ്രാമത്തിലെ 17-കാരനുമായി അടുപ്പത്തിലായിരുന്ന 15-കാരി ഗര്‍ഭിണിയാണെന്ന വിവരം ഓഗസ്റ്റ് മാസത്തിലാണ് വീട്ടുകാര്‍ അറിയുന്നത്. വയറുവേദനയുമായി ആശുപത്രിയിലെത്തിച്ചതോടെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് വീട്ടുകാര്‍ ഗര്‍ഭത്തിന് ഉത്തരവാദിയാരെന്ന് ചോദിക്കുകയും 17-കാരനുമായുള്ള ബന്ധത്തെക്കുറിച്ച് പെണ്‍കുട്ടി തുറന്നുപറയുകയും ചെയ്തു. ഇതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയും പോക്സോ നിയമപ്രകാരം 17-കാരനെ പിടികൂടുകയും ചെയ്തിരുന്നു.
ഇതിനുപിന്നാലെ ആരോഗ്യനില വഷളായ പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒക്ടോബര്‍ 16-ന് പെണ്‍കുട്ടി പ്രസവിച്ചു. നവംബര്‍ അഞ്ചിനാണ് ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടത്. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം കുഞ്ഞിന് സുഖമില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടി വീണ്ടും ആശുപത്രിയില്‍ എത്തി.
ലൈംഗികപീഡനത്തിനിരയായി ഗര്‍ഭിണിയായതും കുഞ്ഞിനെ പ്രസവിച്ചതും പെണ്‍കുട്ടിയെ മാനസികമായും ശാരീരികമായും തളര്‍ത്തിയിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിക്ക് നാണക്കേടും തോന്നിയിരുന്നു. ഇതാണ് കുഞ്ഞിനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നും തെണ്ടുഖേദ പൊലീസ് സബ് ഡിവിഷനല്‍ ഓഫിസര്‍ അശോക് ചൗരാസിയ മാധ്യമങ്ങളോട് പറഞ്ഞു.
إرسال تعليق